കൊച്ചി: സ്കൂളിൽ അദ്ധ്യാപികയായി ജോലി തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കൈപ്പറ്റി വഞ്ചിച്ചെന്ന പരാതിയിൽ 46കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൂത്തകുന്നം ചെട്ടിക്കാട് കുറുപ്പശ്ശേരി വീട്ടിൽ ധന്യയെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ചെട്ടിക്കാട് സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
സ്കൂളിൽ അദ്ധ്യാപികയായി ജോലി തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്താണ് ധന്യ യുവതിയുടെ വിശ്വാസം നേടിയെടുത്തതെന്നാണ് പരാതി. 2024 മുതൽ വിവിധ ഘട്ടങ്ങളിലായി ജോലി ശരിയാക്കുന്നതിനെന്ന പേരിൽ യുവതിയിൽനിന്ന് 25.5 പവൻ (204 ഗ്രാം) സ്വർണം കൈപ്പറ്റിയതായി പൊലീസ് വ്യക്തമാക്കി. എന്നാൽ, സ്വർണം കൈപ്പറ്റിയിട്ടും വാഗ്ദാനം ചെയ്ത അധ്യാപക ജോലി ലഭ്യമാക്കിയില്ലെന്നാണ് പരാതിക്കാരിയുടെ ആരോപണം. ജോലി ലഭിക്കാതിരിക്കുകയും കൈപ്പറ്റിയ സ്വർണാഭരണങ്ങൾ തിരികെ നൽകാതിരിക്കുകയും ചെയ്തതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത വടക്കേക്കര പൊലീസ് ധന്യയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം, ധന്യക്കെതിരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നേരത്തെയും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. നോർത്ത് പറവൂർ, വടക്കേക്കര, ചെങ്ങമനാട് പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളിൽ ഇവർ പ്രതിയാണെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
അറസ്റ്റിലായ ധന്യയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. നിലവിലെ കേസിൽ യുവതിയിൽനിന്ന് കൈപ്പറ്റിയതായി പറയുന്ന സ്വർണാഭരണങ്ങളുടെ മൂല്യം ലക്ഷങ്ങൾ വരുമെന്നാണ് വിവരം.
