ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഡിജിറ്റൽ നിക്ഷേപ ഉച്ചകോടിയിൽനിന്ന് മുഖ്യമന്ത്രിയും ആറ് മന്ത്രിമാരും പിന്മാറി

കൊച്ചി: അങ്കമാലിയിൽ സംഘടിപ്പിക്കുന്ന കേരള ഗ്ലോബൽ ഡിജിറ്റൽ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും ആറ് മന്ത്രിമാരും പിന്മാറി. ഉച്ചകോടിയിൽ മുഖ്യമന്ത്രി ആദരിക്കാനിരുന്ന വ്യക്തി നേരത്തെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ടിരുന്നുവെന്ന വിവരം പുറത്തുവന്നതിനെ തുടർന്നാണ് നടപടി. സംസ്ഥാന ഇന്റലിജൻസ് വിഭാഗം മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിപാടിയിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്നാണ് വിവരം.

ഡിജിറ്റൽ സാങ്കേതികവിദ്യ, നിക്ഷേപം, സംരംഭകത്വം തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യം നൽകി സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ മുഖ്യമന്ത്രി ഉൾപ്പടെയുള്ള മന്ത്രിമാരുടെ സാന്നിധ്യം നേരത്തെ നിശ്ചയിച്ചിരുന്നു. പരിപാടിയുടെ ഭാഗമായി രണ്ട് വിദേശ പൗരന്മാർക്കൊപ്പം ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ പ്രസിഡന്റ് ആസിഫ് ഇഖ്ബാലിനെയും മുഖ്യമന്ത്രി ആദരിക്കാനായിരുന്നു സംഘാടകരുടെ തീരുമാനം. എന്നാൽ, ആസിഫ് ഇഖ്ബാൽ നേരത്തെ ഡൽഹിയിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഒരു കേസിൽ ഉൾപ്പെട്ടിരുന്നുവെന്ന വിവരം സംസ്ഥാന ഇന്റലിജൻസ് വിഭാഗം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കുകയായിരുന്നു. ഈ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉച്ചകോടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയതെന്നാണ് സൂചന.

അതേസമയം, തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആസിഫ് ഇഖ്ബാൽ പ്രതികരിച്ചു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തനിക്കെതിരെ നൽകിയ പരാതി വ്യാജമായിരുന്നുവെന്നും പ്രസ്തുത പരാതി കോടതി നേരത്തെ തള്ളിയതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളോ കോടതി നടപടികളുടെ വിശദാംശങ്ങളോ ലഭ്യമായിട്ടില്ല.

ആസിഫ് ഇഖ്ബാലിന് കേരള ഗ്ലോബൽ ഡിജിറ്റൽ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിന്റെ സംഘാടനവുമായി യാതൊരു ബന്ധവുമില്ലെന്ന് പരിപാടിയുടെ സംഘാടകരായ ബ്ലൂക്ലൗഡ് കമ്പനിയുടെ സ്ഥാപകൻ അലക്സ് ജോർജ് വ്യക്തമാക്കി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആസിഫ് ഇഖ്ബാലിനെ പരിപാടിയിൽനിന്ന് ഒഴിവാക്കിയതായും അദ്ദേഹം അറിയിച്ചു.
സംരംഭകർക്ക് പിന്തുണയും സംഭാവനകളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നതെന്നും അലക്സ് ജോർജ് വിശദീകരിച്ചു.

മുഖ്യമന്ത്രി വി.ഡി. സതീശനു പുറമെ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോൺ, പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, റോജി എം. ജോൺ, ഒ.ജെ. ജനീഷ് എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ, ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇവരെല്ലാം പരിപാടിയിൽനിന്ന് പിന്മാറുകയായിരുന്നു. മുഖ്യമന്ത്രിയും ആറ് മന്ത്രിമാരും ഒരുമിച്ച് പിന്മാറിയതോടെ നിക്ഷേപ ഉച്ചകോടി വിവാദങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.

Leave a Comment

More News