തിരുവനന്തപുരം: റബ്ബർ ഇറക്കുമതിക്കുള്ള അഡ്വാൻസ് ലൈസൻസ് സംവിധാനത്തിന്റെ മറവിൽ രാജ്യത്ത് കോടിക്കണക്കിന് രൂപയുടെ ഇറക്കുമതി തീരുവ വെട്ടിപ്പ് നടക്കുന്നതായി ആരോപണം. വർഷങ്ങളായി ഈ രീതിയിൽ സർക്കാരിന് വൻതോതിൽ വരുമാന നഷ്ടം സംഭവിക്കുന്നുണ്ടെങ്കിലും ക്രമക്കേടുകൾ തടയുന്നതിനോ നിലവിലുള്ള മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്നതിനോ കേന്ദ്ര സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് റബ്ബർ വ്യാപാരികളുടെയും കർഷകരുടെയും പരാതി.
റബ്ബർ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഇറക്കുമതി തീരുവ നൽകാതെ സ്വാഭാവിക റബ്ബർ ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) നൽകുന്ന അനുമതിയാണ് അഡ്വാൻസ് ഓതറൈസേഷൻ അഥവാ അഡ്വാൻസ് ലൈസൻസ്. കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ നിശ്ചിത മാനദണ്ഡങ്ങൾക്ക് വിധേയമായി തീരുവയില്ലാതെ ഇറക്കുമതി ചെയ്യുന്നതിനാണ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളിലെ സ്വാഭാവിക റബ്ബറിന്റെ അളവ് പെരുപ്പിച്ചുകാട്ടി ഈ ആനുകൂല്യം ദുരുപയോഗം ചെയ്യുന്നതായാണ് ആരോപണം.
നിലവിലുള്ള ചില മാനദണ്ഡങ്ങൾ പ്രകാരം 100 കിലോഗ്രാം റബ്ബർ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുമ്പോൾ 44 കിലോഗ്രാം സ്വാഭാവിക റബ്ബർ തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ അനുമതിയുണ്ട്. എന്നാൽ, കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളിൽ യഥാർഥത്തിൽ ഉപയോഗിക്കുന്ന സ്വാഭാവിക റബ്ബറിന്റെ അളവ് 18 മുതൽ 28 ശതമാനം വരെ മാത്രമാണെന്നാണ് വ്യാപാരികളുടെ വാദം.
ഉൽപ്പാദന സാങ്കേതികവിദ്യയിലും അസംസ്കൃത വസ്തുക്കളുടെ ഉപയോഗത്തിലും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടും പഴയ മാനദണ്ഡങ്ങൾ തുടരുന്നത് ഇറക്കുമതിക്കാർക്ക് അനർഹമായ ആനുകൂല്യം ലഭിക്കുന്നതിന് വഴിയൊരുക്കുന്നതായും ആരോപണമുണ്ട്. ഇതിലൂടെ കയറ്റുമതി ഉൽപ്പന്നങ്ങളുടെ നിർമാണത്തിന് ആവശ്യമായതിലും കൂടുതൽ സ്വാഭാവിക റബ്ബർ ഇറക്കുമതി ചെയ്യാൻ കമ്പനികൾക്ക് കഴിയുന്നുവെന്നാണ് പരാതി.
കയറ്റുമതി ചെയ്യുന്ന റബ്ബർ ഉൽപ്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന സ്വാഭാവിക റബ്ബറിന്റെ അളവ് ശാസ്ത്രീയമായ ലബോറട്ടറി പരിശോധനയിലൂടെ നിർണയിച്ചാൽ ക്രമക്കേടുകൾ കണ്ടെത്താനാകുമെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ഇത്തരം പരിശോധനകൾ കാര്യക്ഷമമാക്കുന്നതിനും ഇറക്കുമതി മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്കരിക്കുന്നതിനും കേന്ദ്ര സർക്കാർ വേണ്ടത്ര താൽപര്യം കാണിക്കുന്നില്ലെന്നും വിമർശനമുണ്ട്.
നേരത്തേ മുംബൈ, ചെന്നൈ തുറമുഖങ്ങൾ വഴി മാത്രമായിരുന്നു അഡ്വാൻസ് ലൈസൻസിന്റെ അടിസ്ഥാനത്തിൽ സ്വാഭാവിക റബ്ബർ ഇറക്കുമതി ചെയ്യാൻ അനുമതിയുണ്ടായിരുന്നത്. എന്നാൽ, 2019ൽ കേന്ദ്ര സർക്കാർ ഈ നിയന്ത്രണം നീക്കിയതോടെ കൂടുതൽ തുറമുഖങ്ങൾ വഴി റബ്ബർ ഇറക്കുമതി ചെയ്യാനുള്ള സാഹചര്യമൊരുങ്ങി. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രമുഖ ടയർ നിർമാണ കമ്പനിയായ എംആർഎഫിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴി 1,400 മെട്രിക് ടൺ റബ്ബർ ഇറക്കുമതി ചെയ്യാൻ സാധിച്ചത്. പശ്ചിമാഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിൽ നിന്നാണ് റബ്ബർ എത്തിച്ചത്. അവിടെ ഒരു കിലോഗ്രാം റബ്ബറിന് ഏകദേശം ഒരു യുഎസ് ഡോളർ മാത്രമാണ് വിലയെന്നാണ് റിപ്പോർട്ട്.
വിദേശ വിപണികളിൽ കുറഞ്ഞ വിലയ്ക്ക് റബ്ബർ ലഭിക്കുന്നതും അഡ്വാൻസ് ലൈസൻസ് പ്രകാരമുള്ള ഇറക്കുമതി തീരുവ ഇളവും ആഭ്യന്തര വിപണിയിൽനിന്ന് റബ്ബർ വാങ്ങുന്നതിൽനിന്ന് കമ്പനികൾ പിന്നോട്ടുപോകാൻ കാരണമാകുമെന്ന ആശങ്ക ശക്തമാണ്.
സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി വർധിക്കുന്നത് ആഭ്യന്തര വിപണിയിൽ വിലയിടിവിന് കാരണമാകുമെന്ന ആശങ്കയിലാണ് കർഷകർ. ഉൽപ്പാദനച്ചെലവും തൊഴിലാളികളുടെ വേതനവും ഉൾപ്പെടെയുള്ള ചെലവുകൾ വർധിക്കുന്നതിനിടെ റബ്ബറിന് ന്യായവില ലഭിക്കാത്തത് കർഷകരുടെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയാണ്.
രാജ്യത്തെ മൊത്തം സ്വാഭാവിക റബ്ബർ ഉൽപ്പാദനത്തിന്റെ ഏകദേശം 72 ശതമാനവും കേരളത്തിലാണെന്നാണ് ലഭ്യമായ കണക്ക്. അതിനാൽ, നിയന്ത്രണമില്ലാത്ത ഇറക്കുമതിയും ആഭ്യന്തര വിപണിയിലെ വിലയിടിവും ഏറ്റവും കൂടുതൽ ബാധിക്കുന്നത് കേരളത്തിലെ ചെറുകിട, ഇടത്തരം റബ്ബർ കർഷകരെയാണ്. റബ്ബർ കൃഷിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന നിരവധി കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷയെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ട്.
ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് നിശ്ചയിക്കുന്ന സ്റ്റാൻഡേർഡ് ഇൻപുട്ട് ഔട്ട്പുട്ട് നോംസ് (എസ്ഐഒഎൻ – SION) കാലോചിതമായി പരിഷ്കരിക്കണമെന്നും അഡ്വാൻസ് ലൈസൻസിന്റെ ദുരുപയോഗത്തിലൂടെയുള്ള തീരുവ വെട്ടിപ്പ് തടയണമെന്നും ആവശ്യപ്പെട്ട് കേരളത്തിലെ റബ്ബർ വ്യാപാരികൾ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന് നിവേദനം നൽകിയിരുന്നു. എന്നാൽ, ഇതുവരെ ഫലപ്രദമായ നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് വ്യാപാരികളുടെ പരാതി.
റബ്ബർ ഇറക്കുമതിയുമായി ബന്ധപ്പെട്ട നിയമങ്ങളും മാനദണ്ഡങ്ങളും പരിഷ്കരിക്കണമെന്ന് റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരിയും നേരത്തേ ആവശ്യപ്പെട്ടിരുന്നു. കയറ്റുമതി ഉൽപ്പന്നങ്ങളിലെ സ്വാഭാവിക റബ്ബറിന്റെ യഥാർഥ അളവ് പരിശോധിച്ച് അതിന് ആനുപാതികമായി മാത്രം തീരുവയില്ലാത്ത ഇറക്കുമതിക്ക് അനുമതി നൽകണമെന്നാണ് ആവശ്യം. ആഭ്യന്തര റബ്ബർ വിപണിയെ സംരക്ഷിക്കുന്നതിനും കർഷകർക്ക് ന്യായവില ഉറപ്പാക്കുന്നതിനും സർക്കാരിന്റെ വരുമാനനഷ്ടം തടയുന്നതിനും കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യമാണ് റബ്ബർ മേഖലയിൽ ശക്തമാകുന്നത്.
