ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊല ചെയ്ത മാതൃകയില്‍ പാലക്കാട് എസ്ഡിപിഐ പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു

പാലക്കാട്: പാലക്കാട് എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. കുത്തിയതോട് സ്വദേശി സുബൈറാണ് (47) മരിച്ചത്.

കാറിലെത്തിയ സംഘമാണ് ഇയാളെ കൊലപ്പെടുത്തിയത്. ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. ആക്രമണത്തിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

സുബൈർ പള്ളിയിൽ നിന്ന് നിസ്കാരം കഴിഞ്ഞ് ഇറങ്ങുമ്പോഴായിരുന്നു ആക്രമണമെന്നാണ് വിവരം. സുബൈറിനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന പിതാവിന് നേരെ ആക്രമണം ഉണ്ടായില്ല.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് മുന്‍ ഡിവിഷന്‍ പ്രസിഡന്റ്, എസ്ഡിപിഐ എലപ്പുള്ളി പഞ്ചായത്ത് കമ്മിറ്റി അംഗം, പോപുലര്‍ ഫ്രണ്ട് പാറ ഏരിയാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

നാട്ടിലെ സമാധാനം തകർക്കാനുള്ള ശ്രമമെന്ന് മലമ്പുഴ എം എൽ എ എ പ്രഭാകരൻ കുറ്റപ്പെടുത്തി. വിഷു ദിവസത്തിൽ ഇങ്ങിനെയൊരു അക്രമം നടന്നതിനെ അപലപിക്കുന്നു. അക്രമം വ്യാപിക്കാതിരിക്കാൻ മുൻകരുതലെടുക്കാൻ പൊലീസിനോട് ആവശ്യപ്പെടും. പച്ചമനുഷ്യനെ വെട്ടിക്കൊലപ്പെടുത്തിയത് എന്ത് രാഷ്ട്രീയമാണ്? മുൻപ് ഒരു അക്രമം നടന്നതിന്റെ പകവീട്ടലാകാനാണ് സാധ്യത. തനിക്കിതേപ്പറ്റി അറിയില്ല. പള്ളിയിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായത്. മമ്പറത്ത് വെച്ച് ഒരു അക്രമം നടന്നതിന്റെ പേരിലാണ് ഈ കൊലപാതകം എന്ന് സംശയിക്കുന്നു. അക്രമികൾ തേടുന്നയാളെ കിട്ടാതാവുമ്പോൾ കിട്ടുന്നവനെ കൊലപ്പെടുത്തുന്ന രീതിയാണ്. വളരെയേറെ മോശമാണ് ഇത്തരം അക്രമങ്ങളെന്നും സിപിഎം സംസ്ഥാന നേതാവ് കൂടിയായ എ പ്രഭാകരൻ വിമർശിച്ചു.

സുബൈറിന്റെ ശരീരത്തിൽ നിരവധി വെട്ടുകളേറ്റിട്ടുണ്ട്. സുബൈറിനെ മലപ്പുറം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പകവീട്ടലാണോ ഇതെന്ന് സംശയം ഉയർന്നിട്ടുണ്ട്. സുബൈറിനെ തന്നെ ലക്ഷ്യമിട്ടാണ് അക്രമി സംഘം എത്തിയത്.  പാലക്കാട് എലപ്പുള്ളി ജങ്ഷനിൽ പട്ടാപ്പകൽ നടന്ന കൊലപാതകം നാടിനെ നടുക്കി.

എലപ്പുള്ളിയിൽ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയതും സമാനമായിരുന്നു. ഭാര്യയോടൊപ്പം ബൈക്കിൽ പോവുകയായിരുന്ന സഞ്ജിത്തിനെ വാഹനമിടിച്ചു വീഴ്ത്തി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സഞ്ജിത്ത് വധക്കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം ഇപ്പോഴും ശക്തമാണ്.

 

Print Friendly, PDF & Email

Leave a Comment

More News