പ്രതിഷേധങ്ങൾക്കൊടുവിൽ കേരള നിയമസഭ വിവാദ ലോകായുക്ത ഭേദഗതി ബിൽ പാസാക്കി; പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു

തിരുവനന്തപുരം: മണിക്കൂറുകൾ നീണ്ട ഭരണ-പ്രതിപക്ഷ ബഞ്ചുകൾ തമ്മിലുള്ള ചൂടേറിയ വാദപ്രതിവാദങ്ങൾക്കൊടുവിൽ, വിവാദമായ ലോകായുക്ത (ഭേദഗതി) ബിൽ കേരള നിയമസഭ ആഗസ്റ്റ് 30 ചൊവ്വാഴ്ച പാസാക്കി. വോട്ടെടുപ്പിന് മുന്നോടിയായി കോൺഗ്രസ്-യുഡിഎഫ് നടപടികൾ ബഹിഷ്കരിച്ചു.

ഇത് സംസ്ഥാന നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമാണെന്നും ഭൂരിപക്ഷം ഉപയോഗിച്ച് അഴിമതി വിരുദ്ധ ഏജൻസിയെ കൊല്ലുന്നത് കാണാൻ യുഡിഎഫിന് താൽപ്പര്യമില്ലെന്നും ബഹിഷ്‌കരണം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

“അഴിമതി വിരുദ്ധ ഏജൻസിയെ ഇല്ലാതാക്കാനും ദുർബലപ്പെടുത്താനും സർക്കാർ നടത്തുന്ന ശ്രമത്തെ പ്രതിപക്ഷത്തിന് പിന്തുണക്കാനാവില്ല. ഈ ബിൽ പാസാക്കുന്നതിനെതിരെ ഞങ്ങൾ ശക്തമായ എതിർപ്പ് രേഖപ്പെടുത്തുന്നു… ഞങ്ങൾ ഇതിനെതിരെ പോരാടും,” അദ്ദേഹം പറഞ്ഞു.

1999ൽ ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാരാണ് ലോകായുക്ത നിയമം കൊണ്ടുവന്നത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ 23 വർഷത്തിന് ശേഷം അതിന് ഭേദഗതി വരുത്തുന്നു. ലോകായുക്ത സെക്ഷൻ 14 പ്രകാരം പുറപ്പെടുവിച്ച വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്ന വ്യവസ്ഥയിലാണ് പ്രധാന മാറ്റം.

ബിൽ പാസാക്കിയാൽ മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത പുറപ്പെടുവിച്ച വിധിയിൽ നിയമസഭ എങ്ങനെ തീരുമാനമെടുക്കുമെന്നും പ്രതിപക്ഷം ചോദിച്ചു. കഴിഞ്ഞയാഴ്ച സബ്ജക്ട് കമ്മിറ്റിക്ക് അയച്ച ബില്ലിൽ പുതിയ ഭേദഗതികൾ ചേർത്തത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നിയമസഭാംഗങ്ങളായ രമേശ് ചെന്നിത്തലയും പിസി വിഷ്ണുനാഥും നേരത്തെ ക്രമപ്രശ്‌നം ഉന്നയിച്ചെങ്കിലും സ്പീക്കർ എംബി രാജേഷ് ഇത് നിരസിച്ച് റൂളിംഗ് നൽകി.

ലോകായുക്തയുടേത് മുഖ്യമന്ത്രിക്കെതിരായ വിധിയാണെങ്കില്‍ നിയമസഭയ്‌ക്കും മന്ത്രിക്കെതിരെ ആണെങ്കില്‍ മുഖ്യമന്ത്രിക്കും എംഎല്‍എമാര്‍ക്കെതിരെ ആണെങ്കില്‍ സ്‌പീക്കര്‍ക്കും അന്തിമ തീരുമാനമെടുക്കാമെന്നാണ് പുതിയ വ്യവസ്ഥ. ജനപ്രതിനിധികള്‍ അല്ലാത്ത രാഷ്‌ട്രീയക്കാരെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സബ്‌ജക്‌ട് കമ്മിറ്റിയുടെ ഭേദഗതിയോടെ മുഖ്യമന്ത്രിക്ക് വേണ്ടി നിയമമന്ത്രി പി രാജീവാണ് ലോകായുക്ത നിയമഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ബില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ക്രമപ്രശ്‌നം ഉന്നയിച്ചു. സബ്‌ജക്‌ട് കമ്മിറ്റിക്ക് ഭേദഗതി കൊണ്ടുവരാന്‍ അധികാരമില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ വാദം. എന്നാല്‍ നിയമസഭയ്‌ക്കുള്ള അതേ അധികാരം സബ്‌ജക്‌ട് കമ്മിറ്റിക്ക് ഉണ്ടെന്ന് മന്ത്രി പി രാജീവ് മറുപടി നല്‍കി. പിന്നാലെ, സര്‍ക്കാരിനെ പിന്താങ്ങുന്ന റൂളിങ് സ്‌പീക്കര്‍ നല്‍കി.

ബില്ലില്‍ ഓപ്പണ്‍ ചെയ്യാത്ത മൂല്യനിയമത്തിലെ വകുപ്പുകള്‍ക്ക് സബ്‌ജക്‌ട് കമ്മിറ്റി തലത്തില്‍ ഭേദഗതി നിര്‍ദേശം വരുന്നതിലും സഭ അത് പരിഗണിക്കുന്നതിലും ഏതെങ്കിലും തരത്തിലുള്ള അപാകത ഉള്ളതായി കാണുന്നില്ല. മുന്‍പ് പല സന്ദര്‍ഭങ്ങളിലും ഈ രീതി സഭയില്‍ അവലംബിച്ചിട്ടുള്ളതായി കാണുന്നതിനാല്‍ ഉന്നയിച്ച ക്രമപ്രശ്‌നം നിലനില്‍ക്കുന്നതല്ലെന്നായിരുന്നു സ്‌പീക്കറുടെ റൂളിങ്. ലോകായുക്ത നിയമഭേദഗതി എതിര്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. ലോകായുക്തയുടെ പല്ലും നഖവും പറിച്ചു കളഞ്ഞുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നിയമത്തെ കൊല ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് ജനാധിപത്യത്തിലെ കരിദിനമാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. തുടര്‍ന്ന്, പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. മൂന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രതിപക്ഷ എതിര്‍പ്പ് മറികടന്ന് ലോകായുക്ത ബില്‍ നിയമസഭ പാസാക്കി. സഭാബില്‍ പാസാക്കിയാലും ഗവര്‍ണര്‍ ഒപ്പിട്ടാല്‍ മാത്രമേ അത് നിയമമാകൂ. ഇനിയുള്ള ആകാംക്ഷ ഈ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടുമോ എന്നതിലാണ്.

നേരത്തെ, ഈ ഭേദഗതി സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍, ഈ ഓര്‍ഡിനന്‍സിന്‍റെ കാലാവധി കഴിഞ്ഞതിനാല്‍ പുനര്‍വിജ്ഞാപനം ചെയ്‌ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടിരുന്നില്ല. തുടര്‍ന്നാണ്, പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് ബില്ലായി നിയമ ഭേദഗതി, സര്‍ക്കാര്‍ പാസാക്കിയത്.

Print Friendly, PDF & Email

Leave a Comment

More News