കേരളാ കോൺഗ്രസ് (എം) പാർട്ടിയിൽ വിവിധ അഭിപ്രായങ്ങളും ചർച്ചകളും നടക്കുമെങ്കിലും അവസാന തീരുമാനം പാർട്ടി ചെയർമാന്റേത് ആയിരിക്കുമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ പറഞ്ഞു.
ചെയർമാൻ ജോസ് കെ മാണി പാലായിൽ മത്സരിക്കും എന്ന് പാർലമെന്ററി പാർട്ടി ലീഡർ റോഷി അഗസ്റ്റിൻ പറഞ്ഞത്, പാർട്ടിയിലെ പൊതു അഭിപ്രായത്തെ മുൻനിർത്തി ആയിരിക്കാം. എന്നാൽ പാർട്ടി സ്ഥാനാർഥികളെ തീരുമാനിക്കേണ്ടത് പാർട്ടി സ്റ്റിയറിങ് കമ്മിറ്റിയും ഹൈ പവർ കമ്മിറ്റിയുമാണ്, പ്രഖ്യാപിക്കേണ്ടത് പാർട്ടി ചെയർമാനും.
പാർട്ടി ഒരു സീറ്റിലും സ്ഥാനാർഥികളെ നിശ്ചയിച്ചിട്ടില്ലെങ്കിലും നിലവിലെ എം.എൽ.എ മാർ വീണ്ടും മത്സരിക്കുക എന്നത് കീഴ്വഴക്കം മാത്രമാണ്; തീരുമാനം അല്ല. പാർലമെന്ററി പദവിയിലൂടെയല്ല ഒരു നേതാവിന്റെ കഴിവ് തെളിയിക്കേണ്ടത്. ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാത്ത രാഷ്ട്രപിതാവ് മഹാത്മാഗാന്ധി അടക്കം നിരവധി ഉദാഹരണങ്ങൾ.
പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും ആഗ്രഹ പ്രകടനം മാത്രമാണ് റോഷി അഗസ്റ്റിൻ നടത്തിയത്. അന്തിമ തീരുമാനം ആകാതെ ചെയർമാന് അത് സ്ഥിരീകരിക്കാനും ആവില്ല. മാത്രമല്ല പാർട്ടി സ്ഥാനാർഥികളെ തീരുമാനിക്കുന്നത് വ്യക്തികളല്ല, ഔദ്യോഗിക കമ്മിറ്റികൾ ആണ്.
ജനുവരി 16 ന് ചേർന്ന പാർട്ടി സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി യോഗം, ഇടതുമുന്നണിയുമായി സീറ്റുകൾ സംബന്ധിച്ച ചർച്ചകൾ നടത്തുന്നതിനും സ്ഥാനാർഥി നിർണ്ണയത്തിനും ചെയർമാനെ പൂർണ്ണമായി ചുമതലപ്പെടുത്തുകയുണ്ടായി. അതിൽ നിന്നും മാറി ഒരഭിപ്രായം ചെയർമാൻ ജോസ് കെ മാണി പറയാത്തത് ഔചിത്യപൂർണ്ണമാണ്.
കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന ഇടതുമുന്നണി മദ്ധ്യമേഖലാ ‘വികസന മുന്നേറ്റ ജാഥ’ക്ക് ലഭിക്കുന്ന അഭൂത പൂർവ്വമായ ജനപിന്തുണ, പലരേയും വിറളി പിടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ, ഇല്ലാത്ത കാര്യങ്ങൾ ഉന്നയിച്ച് പാർട്ടിയിൽ പ്രശ്നം ഉണ്ടെന്ന് വരുത്തിതീർക്കാൻ ബാഹ്യ ശക്തികളുടെ ശ്രമം തകൃതിയായി നടക്കുന്നുണ്ട്. ദുഷ്ട ശക്തികളുടെ കുൽസിത ശ്രമങ്ങളിൽ പെട്ടുപോകാതിരിക്കാൻ പാർട്ടി പ്രവർത്തകരും അഭ്യുദയകാംഷികളും ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ജനകീയ വിഷയങ്ങളിൽ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുന്ന, കെ.എം. മാണി സാറിന്റെ മഹത്തായ പാരമ്പര്യമുള്ള കേരളാ കോൺഗ്രസ് (എം) പാർട്ടിയേയും ചെയർമാനേയും ദുർബലപ്പെടുത്താനുള്ള ഏത് ശ്രമവും, പാർട്ടി പ്രവർത്തകർ വർദ്ധിത വീര്യത്തോടെ നേരിടുകതന്നെ ചെയ്യും: ആനന്ദകുമാർ മുന്നറിയിപ്പ് നൽകി.
