ആലപ്പുഴ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രി വീണാ ജോർജിന് നേരെയുണ്ടായ സംഭവം ഗുണ്ടായിസമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. സംഭവത്തിൽ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ അടുത്തേക്ക് എത്തിയില്ലെന്നാണ് ഇപ്പോൾ പറയുന്നത്. വിഡി സതീശന്റെ നുണയാത്രയിലെ ഏറ്റവും പുതിയ നുണയാണിത്. കേരളം മുഴുവൻ എന്താണ് സംഭവിച്ചതെന്ന് കണ്ടതായി ഗോവിന്ദൻ പറഞ്ഞു.
കേരളത്തിലെ ആരോഗ്യമേഖല ലോകോത്തരമാണ്. അതിനെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ഗുണ്ടായിസം. സ്വകാര്യ ആശുപത്രി ലോബിക്കുവേണ്ടി സർക്കാർ ആശുപത്രികൾക്കെതിരെ പ്രചാരണം നടത്തുന്നു. ചില സംഭവങ്ങൾ പര്‍വ്വതീകരിക്കുകയാണ്. വീണാ ജോർജിന്റെ വീട്ടിൽ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ റീത്ത് വെച്ചു. ഇതേ സംഘം തന്നെയാണ് ഇന്നലെയും മന്ത്രിയെ ആക്രമിച്ചത്. ഇത് മനഃപൂർവമായ ആക്രമണത്തിനുള്ള ശ്രമമാണെന്നും ഗോവിന്ദൻ വിമർശിച്ചു.
കനഗോലു സിദ്ധാന്തമനുസരിച്ച്, കേരളത്തിൽ ഏറ്റവും ശ്രദ്ധേയമായതിനെ നിഷേധിക്കുക എന്നതാണ് യുഡിഎഫിന്റെ നിലപാട്. ജനങ്ങൾ അത് ഫലപ്രദമായി മനസ്സിലാക്കും. ആക്രമണം ഒളിച്ചിരുന്നാണ് നടത്തിയത്. ആക്രമിക്കാൻ കരുതിക്കൂട്ടി തയ്യാറാക്കിയ ഒരു പരിപാടിയായിരുന്നു അത്. അവർ ആക്രമിച്ചുവെന്നത് പകൽവെളിച്ചം പോലെ സത്യമാകുമ്പോൾ കള്ളം പറഞ്ഞ് രക്ഷപ്പെടാമെന്നാണ് അവർ കരുതുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
