പെരുമ്പാവൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മും ബിജെപിയും തമ്മിൽ ഇടപാടുണ്ടെന്ന ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കരാർ എന്ന് പറഞ്ഞാൽ ഇടപാട് എന്നാണെന്നും അത് കേൾക്കുമ്പോൾ മുഖ്യമന്ത്രി പ്രകോപിതനാകുന്നതെന്തിനാണെന്നും സതീശന്‍ ചോദിച്ചു. കാസർകോട്, മഞ്ചേശ്വരം, റാന്നി, കോന്നി ചെങ്ങന്നൂർ, ഏറ്റുമാനൂർ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ അവര്‍ തമ്മില്‍ ‘ഡീല്‍’ ഉണ്ടെന്ന് വിഡി സതീശൻ ആവര്‍ത്തിച്ചു.
കൊലീബി എന്ന് ആരോപിക്കുന്ന മുഖ്യമന്ത്രി 1977 ൽ ആർഎസ്‌എസിന്റെ പിന്തുണയോടെ വിജയിച്ച ശേഷമാണ് എംഎൽഎയായത്. മസ്‌കറ്റ് ഹോട്ടലിൽ ആർഎസ്‌എസ് നേതാക്കളുമായി ചർച്ച നടത്തിയത് പിണറായി വിജയനാണ്. ഇതെല്ലാം എല്ലാവർക്കും അറിയാമെന്ന് വി ഡി സതീശൻ ആരോപിച്ചു. മലയാള ഭാഷയ്ക്ക് മുഖ്യമന്ത്രി നിരവധി വാക്കുകൾ സംഭാവന ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാക്കുകൾ ശുദ്ധീകരിക്കാൻ ഒരു പുതിയ സാംസ്കാരിക, പാരിസ്ഥിതിക കർമ്മ സേന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എൽദോസ് കുന്നപ്പിള്ളിയേയും വി ഡി സതീശനും പ്രശംസിച്ചു. എൽദോസ് ഒരു ഉറച്ച കോൺഗ്രസുകാരനാണ്. പെരുമ്പാവൂരിൽ അദ്ദേഹം നന്നായി പ്രവർത്തിച്ചു. കോൺഗ്രസ് എൽദോസിന് ഉത്തരവാദിത്തമുള്ള ജോലി നൽകും. എൽദോസ് സ്വതന്ത്രനായി മത്സരിക്കുമെന്ന് ഇവിടെ പലരും പറഞ്ഞു. അതുകണ്ട് ആരും വെള്ളം ചൂടാക്കാൻ നില്‍ക്കേണ്ട കാര്യമില്ല. അനുജനെപ്പോലെ എൽദോസിനെ താനും ബെന്നി ബെഹനാനും ചേര്‍ത്തു പിടിക്കും. എൽദോസിന് ഒരു എംഎൽഎയേക്കാൾ ഉയർന്ന പദവി നൽകുമെന്ന് വി ഡി സതീശൻ കൂട്ടിച്ചേർത്തു.
