കെ.സി. വേണുഗോപാല്‍ എം‌പിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ചു; കൈരളി ന്യൂസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും പരാതി നൽകി

കണ്ണൂർ: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വ്യാജവും അപകീർത്തികരവുമായ ചിത്രം പ്രചരിപ്പിച്ചതിന് കൈരളി ചാനലിനെതിരെ എഐസിസി നിയമ വകുപ്പ് ചെയർമാൻ ഡോ. അഭിഷേക് സിംഗ്വി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി. കൂടാതെ, കെപിസിസി വൈസ് പ്രസിഡന്റ് എ എ ഷുക്കൂര്‍ ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുമ്പോൾ സൈബർസ്‌പെയ്‌സിലെ യുദ്ധം പുതിയ തലത്തിലേക്ക് കടക്കുകയാണ്.

ഡിജിറ്റലായി എഡിറ്റ് ചെയ്ത ചിത്രം ചാനൽ സംപ്രേഷണം ചെയ്തതിലൂടെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പൊതുജനങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കാനും വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ആസൂത്രിത ശ്രമമാണിതെന്ന് കോൺഗ്രസ് ആരോപിച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഷ്ട്രീയ എതിരാളികളെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി സൈബർസ്‌പെയ്‌സിൽ നടത്തുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. എക്‌സ്, വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയകളിലൂടെ ഈ വ്യാജ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.

മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി അഭിഷേക് സിംഗ്വി കമ്മീഷന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം ആരംഭിക്കണമെന്നും എല്ലാ സോഷ്യൽ മീഡിയകളിൽ നിന്നും ചാനലുകളിൽ നിന്നും ചിത്രം ഉടൻ നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിന്റെ സുതാര്യതയെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ കമ്മീഷൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് നേതൃത്വം പ്രത്യാശ പ്രകടിപ്പിച്ചു. സൈബർസ്‌പെയ്‌സിലെ ഇത്തരം അപകീർത്തികരമായ പ്രചാരണങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ നിയമനടപടി സ്വീകരിക്കാൻ പാർട്ടി തീരുമാനിച്ചു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 336(4) വ്യാജരേഖ ചമച്ചതിന്, 353(2), പൊതുജനങ്ങളിൽ ശത്രുത വളർത്തിയതിന്, 61 ക്രിമിനൽ ഗൂഢാലോചനയ്ക്ക്, ഐടി ആക്ടിലെ സെക്ഷൻ 66 എന്നിവ പ്രകാരം ചാനലിനും ഉത്തരവാദികൾക്കുമെതിരെ നടപടിയെടുക്കണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എ എ ഷുക്കൂർ ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനും പ്രതിപക്ഷ നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ ശക്തമായി പോരാടുമെന്നും കുറ്റവാളികൾക്കെതിരെ കർശനമായ നിയമനടപടി ഉറപ്പാക്കുമെന്നും ഷുക്കൂർ പറഞ്ഞു.

അതിനിടെ, പയ്യന്നൂർ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ചതുമായി ബന്ധപ്പെട്ട് കെസി വേണുഗോപാലിന്റെ പരാമർശത്തിനെതിരെ സിപിഎം നിയമനടപടി ആരംഭിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച കെസി വേണുഗോപാൽ എത്രയും വേഗം തന്റെ പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി അഭിഭാഷകൻ മുഖേന നോട്ടീസ് അയച്ചു.

വേണുഗോപാൽ ആരോപണങ്ങൾ പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് സിപിഎം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടിസ്ഥാനരഹിതമായ കാര്യങ്ങൾ വിളിച്ചുപറയുന്നത് ഉത്തരവാദിത്തമുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് ചേര്‍ന്നതല്ലെന്നും, അത്തരം പ്രസ്താവനകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇടതുപക്ഷ നേതാക്കൾ വ്യക്തമാക്കി. ആരോപണങ്ങളും പ്രത്യാരോപണങ്ങളും സജീവമായതോടെ, വരും ദിവസങ്ങളിൽ സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം കൂടുതൽ കലുഷിതമാകാന്‍ സാധ്യതയുണ്ട്.

 

Leave a Comment

More News