‘തിരഞ്ഞെടുപ്പിനുശേഷം കേരളത്തിൽ ഇടതുപക്ഷം അപ്രത്യക്ഷമാകും’: രാഹുൽ ഗാന്ധി

ആലപ്പുഴ: ഈ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ ഇടതുപക്ഷം അപ്രത്യക്ഷമാകുമെന്ന് കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി പറഞ്ഞു. ആലപ്പുഴയിൽ ജി സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവേയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. വർഗീയതയുടെ അദൃശ്യ കരങ്ങളാലാണ് ഇടതുപക്ഷം മുന്നോട്ട് നയിക്കപ്പെടുന്നതെന്നും, ഇടതുപക്ഷത്ത് യഥാർത്ഥ ഇടതുപക്ഷമില്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

കേരളത്തിൽ ബിജെപി-സിപിഎം ബന്ധം ഉണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇടതുപക്ഷത്ത് രണ്ട് കൂട്ടം നേതാക്കളുണ്ട്. ഒരു കൂട്ടം അവസരവാദ നേതാക്കളാണ്. ബിജെപിയെയല്ല, അവരെ ആര് സഹായിക്കുന്നു എന്നത് പ്രശ്നമല്ല. അവർക്ക് ഏതെങ്കിലും വിധത്തിൽ അധികാരത്തിൽ വരേണ്ടതുണ്ട്. മറ്റൊരു കൂട്ടം നേതാക്കൾ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണ്. ആ കൂട്ടർ ഇന്ന് വഞ്ചിക്കപ്പെടുകയും ചതിക്കപ്പെടുകയും ചെയ്യുന്നു എന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്ന ഒരു മുതിർന്ന നേതാവ് ഇന്ന് നമ്മോടൊപ്പമുണ്ട്. അദ്ദേഹം ഈ വേദിയിൽ ഇരിക്കുന്നതിന് ഒരു കാരണവുമുണ്ട്. അദ്ദേഹത്തിന്റേത് തിടുക്കത്തിലെടുത്ത തീരുമാനമായിരുന്നില്ല. അവസരവാദ നിലപാടുകൊണ്ടുമല്ല അദ്ദേഹം ഇവിടെ ഇരിക്കുന്നത്. എൽഡിഎഫിന് അടിസ്ഥാനപരമായ മാറ്റമുണ്ടെന്നും രാഹുൽ ആരോപിച്ചു. എൽഡിഎഫ് സർക്കാരിന് ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടു. കേരളം മയക്കുമരുന്നിന്റെ ദേശീയ തലസ്ഥാനമായി മാറിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

ബിജെപിയും നരേന്ദ്ര മോദിയും തന്നെയും കോൺഗ്രസ് പാർട്ടിയെയും വേട്ടയാടുകയാണ്. ബിജെപിക്കെതിരായ പോരാട്ടത്തിൽ നിന്ന് പിന്നോട്ടു പോകുന്ന പ്രശ്നമില്ല. തന്നെ ആക്രമിക്കുന്ന മോദി നിങ്ങളുടെ മുഖ്യമന്ത്രിയെ എന്തുകൊണ്ട് ആക്രമിക്കുന്നില്ല എന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ കുടുംബത്തെ എന്തുകൊണ്ട് ആക്രമിക്കുന്നില്ല. അയ്യപ്പന്റെ സ്വർണം മോഷ്ടിക്കപ്പെട്ടു. കേരളത്തിൽ വന്ന് പ്രധാനമന്ത്രി എന്തുകൊണ്ട് അതേക്കുറിച്ച് ഒന്നും മിണ്ടിയില്ല എന്നും രാഹുൽ ഗാന്ധി ചോദിച്ചു.

Leave a Comment

More News