വോട്ടെടുപ്പ് ദിനത്തിലും ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് ശമനമില്ല; കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്

തിരുവനന്തപുരം: ആരോപണ പ്രത്യാരോപണങ്ങൾ നിറഞ്ഞ പ്രചാരണത്തിന് ശേഷം കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്. ‘ഡീൽ’ രാഷ്ട്രീയത്തിൽ തുടങ്ങി പണമൊഴുക്ക്, ഭക്ഷണ കിറ്റ് വിവാദം വരെ നീളുന്ന പോരാട്ട വീര്യത്തിലാണ് മുന്നണികൾ. നിശബ്ദ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ നാടകീയമായ വെളിപ്പെടുത്തലുകൾ ഉണ്ടായതോടെ, നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു പോരാട്ടമായി മാറി.

ഒരു ബിജെപി പ്രവർത്തക വോട്ടർമാർക്ക് പണം നൽകുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു, ഇത് പാലക്കാട് വലിയ ചർച്ചയായി. എന്നാൽ ഇത് വെറും ‘ഉണ്ടയില്ലാ വെടി’ മാത്രമാണെന്ന് പറഞ്ഞ് ശോഭ സുരേന്ദ്രൻ അതിനെ തള്ളിക്കളഞ്ഞു. പത്താം തീയതിക്ക് ശേഷം വലിയ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന ശോഭയുടെ പ്രസ്താവന വരും ദിവസങ്ങളിലും വിവാദം കത്തിപ്പടരുമെന്ന് സൂചിപ്പിക്കുന്നു.

തൃശൂരിൽ ബി.ജെ.പി നേതാവിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നിന്ന് ഫ്ലയിംഗ് സ്ക്വാഡ് പിടിച്ചെടുത്ത ഭക്ഷ്യക്കിറ്റുകൾ രാഷ്ട്രീയ ആയുധമാക്കി എൽ.ഡി.എഫും യു.ഡി.എഫും രംഗത്തെത്തി. അതേസമയം, മഞ്ചേശ്വരത്ത് പ്രവാസികളുടെ പേരിൽ കള്ളവോട്ട് ചെയ്യാൻ യു.ഡി.എഫ് ശ്രമിക്കുന്നുവെന്ന് ബി.ജെ.പി പരാതി നൽകിയിട്ടുണ്ട്.

അടൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥി സിവി ശാന്തകുമാറിനെതിരെ എൽഡിഎഫ് ലഘുലേഖ വിതരണം ചെയ്തത് സംഘർഷഭരിതമായ സാഹചര്യമാണ് സൃഷ്ടിച്ചത്. വൈകാരികമായി അസ്വസ്ഥനായ സ്ഥാനാർത്ഥിക്കെതിരെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേസെടുത്തതും തിരഞ്ഞെടുപ്പ് ചൂടിന് ആക്കം കൂട്ടി.

വികസനവും രാഷ്ട്രീയവും ചർച്ച ചെയ്യേണ്ട തിരഞ്ഞെടുപ്പിൽ, വ്യക്തിപരമായ ആരോപണങ്ങൾക്കും ക്രമക്കേടുകൾക്കും അവസാന നിമിഷം പ്രാധാന്യം നൽകുന്നത് വോട്ടർമാരെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. ബൂത്തിന് പുറത്ത് വിവാദങ്ങൾ ഉയരുമ്പോഴും വോട്ടർമാർ വോട്ട് ചെയ്യാൻ ക്യൂവില്‍ നിൽക്കുന്നു. വോട്ടെടുപ്പ് കഴിയുമ്പോൾ, കേരളത്തിന്റെ രാഷ്ട്രീയ ചിത്രം വ്യക്തമാകും.

 

Leave a Comment

More News