“മാതാവ്” തൊട്ടു തലോടിയ നിമിഷങ്ങൾ (ഓർമ്മകൾ പൂത്തുലയുമ്പോൾ): ജയശങ്കര്‍ പിള്ള

എല്ലാവരുടെയും മനസ്സിനുള്ളിൽ എപ്പോഴും ഉണ്ടാകുന്ന ഒരു ചോദ്യമാണ് ദൈവം ഒന്ന് ഉണ്ടോ? “മാതാവ്” എന്ന കരുണാർദ്രമായ മുഖം വെറും സാങ്കല്പികമാണോ, കെട്ടുകഥകൾ ആണോ എന്നൊക്കെ. എങ്കിലും നമ്മുടെയൊക്കെ ജീവിതത്തിൽ എപ്പോഴെങ്കിലുമൊക്കെ സാന്ത്വനം നൽകി കടന്നുപോകുന്ന മാതാവിന്റെ ആ മൃദു സ്പർശം, മന്ദസ്മിതം ഉണ്ടായിട്ടുണ്ടാകും.

എന്റെ നഴ്സറി വിദ്യാഭ്യാസം മുതൽ ഹൈസ്‌കൂൾ പത്താം ക്ലാസ്സ്‌ പഠനം കഴിയുന്നത് വരെ കൃസ്ത്യൻ മാനേജ്‌മെന്റ് സ്‌കൂളിൽ ആയിരുന്നു. അതിനു ശേഷം ദേവസ്വം ബോർഡ് ഹിന്ദു കോളേജിലും. ഞങ്ങളുടെ നാട്ടിൽ പുറത്തു വീടിനടുത്തു സെന്റ് ഫ്രാൻസിസ് അസ്സീസ്സി പള്ളിയുടെ മഠത്തിനോടു ചേർന്നുള്ള അസ്സീസ്സി നഴ്സറി സ്‌കൂളും, പള്ളിയോട് ചേർന്നുള്ള സെന്റ് ഫ്രാൻസിസ് യു പി സ്‌കൂളും ഒക്കെ മനസ്സിൽ തങ്ങിനിൽക്കുന്ന നല്ല ഓർമ്മകളുടെ വസന്തകാലമാണ്.

നാലാം ക്ലാസ്സിലേക്ക് കയറ്റം കിട്ടിയപ്പോഴാണ് ക്രിസ്പിൻ സിസ്റ്ററിന്റെ ക്‌ളാസിൽ പഠിക്കുവാനുള്ള അവസരം ലഭിക്കുന്നത്. അന്ന് അമ്മുക്കുട്ടിഅമ്മ ടീച്ചർ ആണ് ക്‌ളാസ് ടീച്ചറെങ്കിലും ചില വിഷയങ്ങൾ പഠിപ്പിക്കാന്‍ ക്രിസ്പിൻ സിസ്റ്റർ വരുമായിരുന്നു. നല്ല പുഞ്ചിരിക്കുന്ന മുഖവും, വെളുത്ത മേലങ്കിയും, വെളുത്ത ബോർഡർ ഉള്ള കറുത്ത ശിരോവസ്ത്രവും അണിഞ്ഞ ടീച്ചർ. എല്ലാ കുട്ടികളെയും അടുത്ത് ചേർത്ത് നിറുത്തി ചൂരൽ പ്രയോഗമില്ലാതെ, കഥകളിലൂടെ പഠന വിഷയത്തിലേക്കു നയിച്ചിരുന്നു. ചിലപ്പോഴൊക്കെ പള്ളി മുറ്റത്തെ മാവിൻ ചുവട്ടിൽ ഇരുത്തി സന്തോഷം പങ്കിട്ടു നൽകിയ സിസ്റ്റർ.

ഉച്ച സമയത്തു സ്‌കൂളിനു അടുത്തുള്ള പള്ളിയിൽ ഞങ്ങൾ കുട്ടികൾ പോകാറുണ്ട്. മുൻവാതിൽ പള്ളിയിൽ ആരാധന നടക്കുന്ന സമയത്തു മാത്രമാണ് അന്ന് തുറന്നിരുന്നത്. പടിഞ്ഞാട്ടു ദർശനം ഉള്ള പള്ളിയുടെ തെക്കുവശത്തുള്ള നീണ്ട വരാന്തയിലൂടെ ചെന്നാൽ പള്ളിയുടെ അകത്തേക്ക് ഒരു വാതിൽ എല്ലായ്പ്പോഴ്ഴും തുറന്നുകിടന്നിരുന്നു. വരാന്തയുടെ അറ്റത്തുള്ള വലിയ പടിക്കെട്ടുകൾ കയറിയാൽ ഒരു വരാന്ത കൂടിയുണ്ട്. അവിടെ പ്രാവുകൾ കൂട്ടംകൂടി കുറുകുന്ന ശബ്‍ദം എല്ലായ്‌പോഴും കേൾക്കാമായിരുന്നു.

വാതിലിലൂടെ അകത്തു കടന്നാൽ നിശ്ശബ്ദമായ, അതിവിശാലമായ ഹാൾ, ചിത്രപ്പണികളാൽ ഭാഗിയാക്കിയ അൾത്താര. അവിടെ പോയി എങ്ങിനെ പ്രാത്ഥിക്കണം, എന്ത് പ്രാർത്ഥിക്കണം എന്ന് അറിയില്ല എങ്കിലും കൈകൂപ്പി നിന്ന ഒരു സ്‌കൂൾ കാലം. പള്ളിയിൽ നിന്നും പുറത്തിറങ്ങിയാൽ മുൻവശത്തായി കല്ലുകൾ കൊണ്ട് കെട്ടി ഉയർത്തിയ പോർട്ടിക്കോ പോലുള്ള ഒരു മുറ്റം ഉണ്ട്. ആ കൽകെട്ടിൽ ഇരുന്നാൽ പള്ളി മുറ്റത്തു ഓടിക്കളിക്കുന്ന കുട്ടികളെ കാണാം, കൂട്ടുകൂടി സൊറ പറഞ്ഞിരിക്കാം. മിക്കവാറും ഉച്ചഭക്ഷണം കഴിഞ്ഞാൽ അവിടവിടെ ഇങ്ങനെ കുട്ടികളെ കാണാം. ചിലപ്പോഴൊക്കെ അവിടെ തനിച്ചിരിക്കുന്ന ഒരു ശീലം എനിക്കുണ്ടായിരുന്നു.

അന്നൊക്കെ വ്യാഴാഴ്ച ദിവസങ്ങളിൽ വൈകുന്നേരം അര മണിക്കൂർ കാറ്റിക്കിസം ക്‌ളാസ്സ് ഉണ്ടാകാറുണ്ട്. വെറുതെ ഒരു കൗതുകത്തിനു ഈ ക്‌ളാസിൽ പലപ്പോഴായി പോകുവാനും,”സ്നേഹസേന” എന്ന ഒരു ചെറിയ ചിത്രകഥാ പുസ്തകവും ഈ അവസരത്തിൽ ലഭിച്ചതായി ഓർക്കുന്നു. ഈ ക്‌ളാസ്സുകൾ എടുത്തിരുന്നത് ക്രിസ്പിൻ സിസ്റ്റർ ആയിരുന്നു.

അതിമനോഹരമായി അലങ്കരിച്ച പള്ളിയുടെ അൾത്താരയും, കത്തിയെരിയുന്ന മെഴുകുതിരികളും ഒക്കെ ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നു. ഒപ്പം പള്ളിയുടെ പടിക്കെട്ടുകളിൽ ചിലപ്പോൾ ഏകനായി ഇരിക്കുമ്പോള്‍ തലയിൽ തലോടി കടന്നുപോയ “ക്രിസ്പിൻ സിസ്റ്റർ” എന്ന മാതാവിന്റെ നനുത്ത സ്പർശവും,ആ പുഞ്ചിരിയും. “മാതാവിന്റെ” രൂപം കാണുമ്പോഴും, മനസ്സിൽ തെളിയുമ്പോഴും ഓർമ്മ വരുന്നത്, കുട്ടികളെ സ്നേഹിച്ചും, ശാസിച്ചും, ശിക്ഷിച്ചും, നേർവഴിയിലേക്ക് നയിച്ച, സ്വന്തം കുഞ്ഞുങ്ങളെ പോലെ ചേർത്ത് പിടിച്ചു ശിരസ്സിൽ തലോടി നമ്മോട് വിടപറഞ്ഞു മുൻപേ നടന്നു പോയ സ്നേഹനിധിയായ “ക്രിസ്പിൻ സിസ്റ്ററി”നെയാണ്. ഒപ്പം വർഷങ്ങൾക്കു മുൻപ് പള്ളിയിലെ ഉച്ചഭാഷിണിയിലൂടെ പുലർച്ചെ കേട്ടിരുന്ന “കർമ്മല നാഥേ വാഴ്ക, നിർമ്മല കന്യെ വാഴ്ക” എന്ന ഗാനവും .1970- കളിലെ ഓർമ്മകളുടെ പൂക്കൂട തുറക്കുമ്പോൾ ആ നനുത്ത സ്പർശം ഏകാന്തതയുടെ തടവറയെ വീണ്ടും ഭേദിക്കുന്നു.

 

Leave a Comment

More News