പ്രാവു വെടിഞ്ഞ കുടപോലെ ജാതിയുടെ നാറ്റമറിയാതിരിക്കാൻ ഉണരാത്ത ദുഃഖവുമായി അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിടിഎസ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കി (ആത്മഹത്യയല്ലെന്ന് മാതാപിതാക്കൾ). ഇരുപത് ദിവസം കഴിഞ്ഞിട്ടും കേരള പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് 52 ദലിത്, ആദിവാസി സംഘടനകൾ പോലീസിന്റെ അനുമതിയോടെ ഹർത്താലുമായി റോഡിലിറങ്ങി. ഒരു പാവം കുട്ടിയുടെ ദാരുണ മരണത്തിൽ നീതി ലഭിച്ചില്ലെന്ന് കണ്ട് ഓട്ടോ-ടാക്സികൾ റോഡിലിറങ്ങിയില്ല. ഹർത്താൽ മൂലം രോഗികൾ, വിദ്യാർത്ഥികൾ, യാത്രക്കാർ വലഞ്ഞു. മനുഷ്യരിലെ ജാതിഭ്രാന്ത് കാണുമ്പോൾ ഓർമ്മ വരുന്നത് ചാന്നാർ ലഹളയാണ്. 1825 -ൽ യൂറോപ്പ് മിഷനറിമാരുടെ വരവോടെ അവർണ്ണ സ്ത്രീകൾ/കീഴ്ജാതിക്കാർ മാറ് മറയ്ക്കാൻ തുടങ്ങി. അന്നത്തെ സവർണ്ണർ വീണ്ടും തല പൊക്കിയോ? ഈ നിസ്സഹായരായ മനുഷ്യരെ ഹർത്താലിലേക്ക് തള്ളിവിട്ടത് ആരാണ്?
ആധുനിക സംസ്കാരത്തിന്റെ, വിജ്ഞാനത്തിന്റെ, പ്രബുദ്ധതയുടെ പ്രതിനിധി പ്രതിധ്വനികളായി ജീവിക്കുന്ന സമൂഹത്തിൽ മനുഷ്യർക്ക് നീതികൊടുക്കേണ്ടവർ കുരുടൻ പിടിച്ച വടിപോലെ അധികാര കിരീടവും തലപ്പാവും ധരിച്ച് അധികാരികൾക്ക് മുന്നിൽ ചില എഴുത്തുകാരെപോലെ അനുസരണയുള്ള അടിമകളായി മാറിയാൽ മനുഷ്യർ നിയമം കയ്യിലെടുക്കും. ഇന്ത്യയുടെ സമത്വവും നീതിയും സ്വാർത്ഥ താല്പര്യ സ്വാധീനത്തിന്റെ പിടിയിൽ അമരുന്നത് എന്തുകൊണ്ട്? നീതി അനീതികളിൽ വ്യക്തിമുദ്രകൾ തെളിയിക്കേണ്ട നമ്മുടെ ഉന്നത നിയമപാലകർ ഈ സാമൂഹ്യ വൈകൃതങ്ങൾക്ക് കൂട്ടുനിൽക്കുന്നവരാണോ? എത്രയോ നൂറ്റാണ്ടുകളായി ബ്രാഹ്മണാധിപത്യ വ്യവസ്ഥിയിൽ കഴിഞ്ഞ പിന്നോക്കക്കാർക്ക്, ദളിത് ആദിവാസികൾക്ക് സമുജ്വലമായയൊരു നവോത്ഥാന വാതിൽ തുറന്നുകൊടുത്തത് കേരളത്തിലെ അധികാരികൾക്ക് അടിമകളല്ലാതിരിന്ന സാമൂഹ്യ സാഹിത്യ സാംസ്കാരിക പ്രമുഖരായിരിന്നു. ഉജ്ജ്വലമായ മനുഷ്യചേതനയുടെ സാന്നിധ്യം മാത്രമല്ല അന്നത്തെ സാമൂ ഹ്യവ്യവസ്ഥിതിയെ ഉഴുതുമറിച്ചവരുമായിരിന്നു. ഇന്ന് ആരുണ്ട്? ഞാൻ ഒരു ജാതിയിലും മതത്തിലും ഉൾപ്പെടുന്നവനല്ലെന്ന് നാരായണ ഗുരുവിനെപോലെ ഇന്നത്തെ മലയാളിക്ക് പറയാൻ സാധിക്കുന്നുണ്ടോ?
മനുഷ്യരെ വെളിച്ചത്തിലേക്ക് നയിക്കേണ്ട ജാതി മതങ്ങൾ മദയാനകളെ പോലെ ഭ്രാന്ത് പിടിച്ചു നടക്കുന്ന കാഴ്ചകളാണ് കേരളമടക്കം ഇന്ത്യയിൽ കാണുന്നത്. കേരളത്തിൽ പര മ്പരാഗതമായ മതവിശ്വാസമുണ്ടെങ്കിലും അവരുടെ ആത്മബോധം ഇന്നെത്തിയിരിക്കുന്നത് സാമ്പത്തിക നേട്ടത്തിലാണ്. പ്രാർത്ഥനാലയങ്ങൾ അവർക്ക് മത രാഷ്ട്രീയ ലാഭ കച്ചവട ചന്തകളാണ്. ഈ കച്ചവടക്കാർക്ക് ഈശ്വരന്റെ പവിത്രമായ ആത്മാനുഭൂതിയോ ആത്മാവിന്റെ അനശ്വര അമൃതഗീതകങ്ങളോ അറിയില്ല. തലയിലാകെ പൈശാചിക ഭൂതങ്ങളാണ്. ഇവർക്ക് ചുറ്റും സാഹിത്യത്തെ വർഗ്ഗീകരിക്കുന്നവരും വീണ ദിക്കിൽ കിടന്നുരുളുന്നവരും വർഗ്ഗീയ കുടിലുകളിൽ പാർക്കുന്നവരുമാണ്. ഈ അടിമകളുടെ തൊഴിൽ ഭരണാധികാരികളെ സ്തുതി ക്കുക, വിമർശിക്കുന്നവരെ ഉപദ്രവിക്കുക, മതസ്പർദ്ധ, അസ്വസ്ഥത, അവ്യവസ്ഥിതി, നീതി നിഷേധം തുടങ്ങിയവയാണ്. അതിന്റെ അവസാനത്തെ ഇരയാണ് നിതിൻ രാജ്. ഇരകൾ എന്നും തെരുവിലേക്ക് വലിച്ചിഴക്കപ്പെടുന്നു. പകൽ ബുദ്ധിയോ രാത്രിയിൽ ബോധവുമില്ലാത്ത ജാതിവെറിയന്മാർ മനസ്സിലാക്കേണ്ടത് എത്രയോ സംവത്സരങ്ങളായി പറമ്പ്-വയൽപ ണിക്കാരായ ഈ പാവങ്ങളുടെ വിയർപ്പ് നമ്മുടെ ഓരോ അഴുക്ക് ചാലുകളിലും, അലങ്കാര വീടുകളിലും, റോഡിലും, തുരുമ്പിലും തൂണിലും നാട്ടിലും നഗരങ്ങളിലുമുണ്ട്. അവരുടെ അധ്വാനമാണ് കേരളത്തിന്റെ പട്ടിണി മാറ്റിയത്. ജന്മിമാരുടെ പത്തായപ്പുര നിറച്ചത്. അവരുടെ പുരോഗതിക്കായി കേന്ദ്രം കൊടുക്കുന്ന കോടികൾവരെ അടിച്ചുമാറ്റി കീശയിലാക്കുന്നു. മരണ പ്പെട്ട കുട്ടിയുടെ കുടുംബത്തിന് ഒരിഞ്ചു ഭൂമിയില്ല. ഇതാണ് കെട്ടിഘോഷിക്കുന്ന ദാരിദ്ര്യമുക്ത കേരളം.
പാലക്കാട്ട് വിശപ്പടക്കാൻ ഭക്ഷണമെടുത്ത മധുവിനെ കൊന്നുതള്ളിയത് ഡെന്റൽ കോളേജിലെ വകുപ്പ് മേധാവിയെപ്പോലുള്ള സദാചാര ഗുണ്ടകളായിരുന്നു. നീതിക്ക് വേണ്ടി അന്നും അവർ തെരുവിലിറങ്ങി. ഇവർ മറ്റ് രാഷ്ട്രീയ പാർട്ടികളെപോലെ സമരങ്ങൾ നടത്തി അക്രമണമോ, പൊതുമുതൽ നശ്ശിപ്പിക്കയോ ചെയ്തിട്ടില്ല. ഇതൊക്കെ ചെയ്തിട്ടുള്ള രാഷ്ട്രീയ ഗുണ്ടകളെ കോടതികൾ ശിക്ഷിച്ചിട്ടുണ്ടോ? അവ ർക്ക് സംരക്ഷണമുണ്ട്. ഇപ്പോൾ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത് കേസ് അട്ടിമറിക്കാനെന്ന് പിതാവ് പറയുന്നു.
മത രാഷ്ട്രീയ പുരോഗതി പൂത്തുലയുന്ന നാട്ടിൽ മാനവികതയിൽ നിന്നകന്ന് മറ്റൊരു ജീവിവർ ഗ്ഗമായി ദളിത് വംശജരെ എന്തിന് കാണുന്നു? അവർ കുടിയേറിവന്നവരല്ല. ഇവി ടുത്തെ ആദിമ ജനതയാണ്. നമ്മുടെ വാക്കും പോക്കും നിയമവും എങ്ങോട്ടാണ്?
ഡെന്റൽ കോളേജിലെ സി സി റ്റി വി ദൃശ്യങ്ങൾ ആരാണ് ഒളിപ്പിച്ചത്? നിതിൻ രാജിനെ കൊലപ്പെടുത്തിയത് ആരാണ്? ലോൺ ആപ്പ് പറഞ്ഞു ഡൽഹിയിൽ പോയി ചിലരെ അറസ്റ്റ് ചെയ്ത് പൊലീസിന് ആഴ്ചകൾ കഴിഞ്ഞിട്ടും ഈ വകുപ്പ് വർഗ്ഗീയ വാദിയെ അറസ്റ്റ് ചെയ്യാൻ തടസ്സമെന്താണ്? ആരാണ് സംരക്ഷിക്കുന്നത്? അവരുടെ പേരിലും കേസ് വരേണ്ടതല്ലേ? കണ്ണ് തുറന്നിരിക്കുന്ന കോടതിക്ക് സ്വമേധയ കേസെടുക്കാമെല്ലോ? ഈ കോളേജ് നിൽക്കുന്ന 300 ഏക്കർ ആരാണ് പതിച്ചു കൊടുത്തത്? ദുരൂഹതകൾ പലതും കണ്ടെത്താനുണ്ട്. വാർത്തകൾ വളച്ചൊടിക്കുന്നതുപോലെ കേരളത്തിൽ പല കേസുകൾ അട്ടിമറിക്കുന്നതിനാൽ രാഷ്ട്രീയ ഭരണത്തിൽ നിന്ന് പോലീസ് വകുപ്പ് കോടതി ഏറ്റെടുത്താൽ നീതി നടപ്പാകും ഇല്ലെങ്കിൽ നിരപരാധികൾ ശിക്ഷിക്കപ്പെടും കുറ്റവാളികൾ രക്ഷപ്പെടും. മേലാളന്മാരുടെ കല്പനകൾ കല്ലും അനുസരിക്കുമെന്ന് കോടതികൾ ഓർക്കുക. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. മലയാളി മനസ്സ് കുറ്റവാളികൾക്കൊപ്പമല്ല.

