കോഴിക്കോട്: എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ മന്ത്രിമാർ ആരൊക്കെയാകുമെന്ന ചർച്ചകൾ മുസ്ലീം ലീഗിൽ സജീവമായി. മന്ത്രി സ്ഥാനത്തേക്ക് ലീഗ് നേതാക്കൾ പ്രധാനമായും അഞ്ച് പേരുകളാണ് പരിഗണിക്കുന്നത്. പി കെ കുഞ്ഞാലിക്കുട്ടി, കെ എം ഷാജി, ആബിദ് ഹുസൈൻ തങ്ങൾ, എൻ ഷംസുദീൻ, പാറക്കൽ അബ്ദുള്ള എന്നിവരുടെ പേരുകളാണ് മന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്. അഞ്ച് മന്ത്രിമാരെയും ഒരു ഡെപ്യൂട്ടി സ്പീക്കറെയും ലീഗ് നേതൃത്വം ലക്ഷ്യമിടുന്നു. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് എ കെ എം അഷ്‌റഫിനെ പരിഗണിക്കും.
ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ലീഗിന് അഞ്ച് മന്ത്രിമാരുണ്ടായിരുന്നു. ഇത്തവണ അഞ്ച് മന്ത്രി സ്ഥാനങ്ങൾ ലഭിക്കുമോ എന്ന കാര്യത്തിൽ ലീഗ് നേതൃത്വത്തിന് തന്നെ ആശങ്കയുണ്ട്. സാമുദായിക സന്തുലിതാവസ്ഥ ചർച്ച ചെയ്യപ്പെടുമെന്നും അത് യുഡിഎഫിന് ദോഷകരമാകുമെന്നും ലീഗും കോൺഗ്രസും ആശങ്കാകുലരാണ്.
അതേസമയം, അധികാരത്തിൽ വന്നാൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനെ തീരുമാനിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ മുസ്ലീം ലീഗ് പുറപ്പെടുവിച്ചിരുന്നു. മന്ത്രിമാർ ഏകപക്ഷീയമായി സ്റ്റാഫിനെ തീരുമാനിക്കരുതെന്നും മണ്ഡലം കമ്മിറ്റികളുടെയും ഫീഡർ സംഘടനകളുടെയും അഭിപ്രായം തേടണമെന്നും ഉപജാപക സംഘങ്ങളുടെ കൈകളിൽ അകപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയെച്ചൊല്ലിയുള്ള വിവാദം യുഡിഎഫിനെക്കുറിച്ച് പുതിയ തലമുറയിലുൾപ്പെടെ അവമതിപ്പുണ്ടാക്കിയെന്നും ലീഗിൽ വിലയിരുത്തൽ ഉണ്ട്. എന്നാൽ മുഖ്യമന്ത്രിയായി പ്രതിപക്ഷ നേതാവ് വി ഡി സതീശനെയാണ് ലീഗ് പിന്തുണക്കുന്നത്. എക്‌സിറ്റ് പോളിൽ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവുമധികം പിന്തുണ കിട്ടിയത് വി ഡി സതീശനാണെന്നും അതിന്റെ അടിസ്ഥാനത്തിൽ ജനങ്ങളുടെ അഭിപ്രായം പരിഗണിച്ചുവേണം മുഖ്യമന്ത്രി ആരാകണം എന്ന തീരുമാനം വരേണ്ടത് എന്നും ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ പറഞ്ഞു.
