കണ്ണൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ച് മട്ടന്നൂരിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ‘പോരാട്ടം നയിച്ച നേതാവ് ഇനി സംസ്ഥാനത്തെ നയിക്കട്ടെ’ എന്ന മുദ്രാവാക്യം. മട്ടന്നൂരിലെ കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പ്, ഇന്നലെ രാത്രിയാണ് ഫ്ലക്സ് സ്ഥാപിച്ചത്. മലപ്പുറം എടരിക്കോട് ടൗണിലും, എറണാകുളം തൃക്കാക്കരയിലും മൂവാറ്റുപുഴയിലുമൊക്കെ ഫ്ലക്സുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ശ്രീകണ്ഠപുരത്തും നേരത്തെ ‘നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ’ അഭിവാദ്യം ചെയ്യുന്ന ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് സജീവമായ ഒരു ബൂത്ത് ലെവൽ കമ്മിറ്റിയാണെന്ന് കരുതപ്പെടുന്ന കോട്ടൂർവയൽ കോൺഗ്രസ് കമ്മിറ്റിയുടെ പേരിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍, ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിന്റെ ഉത്തരവാദിത്തം പാർട്ടി നേതൃത്വം ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല.
അതേസമയം, മുഖ്യമന്ത്രി സ്ഥാനാർത്ഥിയെച്ചൊല്ലി കോൺഗ്രസിനുള്ളിൽ കടുത്ത ലോബിയിംഗും ആഭ്യന്തര ചർച്ചകളും തുടരുകയാണ്. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ തുടങ്ങിയ പേരുകൾ സജീവമായി പരിഗണിക്കുന്നുണ്ട്. ഈ ചർച്ചകൾ പരിധിക്കപ്പുറത്തേക്ക് പോകുന്നതായി പാർട്ടി ഹൈക്കമാൻഡ് ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ഉറച്ച നിലപാടും മുന്നറിയിപ്പുകളും ഉണ്ടായിരുന്നിട്ടും, വിവാദങ്ങളും ഊഹാപോഹങ്ങളും അയവുള്ളതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല.
