ബംഗാളിലെ ഒ.ബി.സി സംവരണം റദ്ദാക്കിയത് ആസൂത്രിത മുസ്ലിം വംശഹത്യ പദ്ധതി: നഈം ഗഫൂർ

ഫ്രറ്റേണിറ്റി സമര ജാഥക്ക് പാലക്കാട്ട് ഉജ്ജ്വല സ്വീകരണം

രോഹിത് ആക്ടിൻ്റെ ആവശ്യകത വിശദീകരിച്ച് ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി പുറത്തിറക്കുന്ന ബുക്ക്ലെറ്റിൻ്റെ പ്രകാശനം അട്ടപ്പാടി മധുവിൻ്റെ അമ്മ മല്ലിയമ്മ, സഹോദരി സരസു, ആക്‌ടിവിസ്റ്റുകൾ, വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി നേതാക്കൾ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.

പാലക്കാട്: പശ്ചിമ ബംഗാളിൽ പുതുതായി അധികാരമേറ്റ ബി.ജെ.പി സർക്കാർ ഒ.ബി.സി സംവരണം റദ്ദാക്കിയത് ആസൂത്രിത വംശഹത്യ പദ്ധതിയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ. എസ്.ഐ.ആറിലൂടെ പൗരത്വം നിഷേധിച്ച മുസ് ലിം സമുദായത്തിൻ്റെ സാമൂഹിക അധികാര പ്രാതിനിധ്യം റദ്ദ് ചെയ്യാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി നടത്തുന്ന സമര ജാഥക്ക് പാലക്കാട്ട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാമ്പസുകളിലെ ജാതീയ-വംശീയ വിവേചനങ്ങൾ അവസാനിപ്പിക്കുക, കേരളത്തിൽ രോഹിത് ആക്‌ട് നടപ്പിലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് സംസ്ഥാന കമ്മിറ്റി മെയ് 16 മുതൽ 26 വരെ സമര ജാഥ സംഘടിപ്പിക്കുന്നത്.

സ്വീകരണ സമ്മേളനം വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻ്റ് കെ.സി.നാസർ ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി ജില്ല പ്രസിഡൻ്റ് സമദ് പുതുപ്പള്ളിതെരുവ് അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് സഈദ് ടി.കെ മുഖ്യപ്രഭാഷണം നടത്തി. അടപ്പാടി മധുവിൻ്റെ അമ്മ മല്ലിയമ്മ, എസ്.സി/ എസ്.ടി കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.മായാണ്ടി, ദലിത് ആക്ടിവിസ്റ്റുകളായ കെ.കാർത്തികേയൻ മംഗലം, അജിത്ത് കൊല്ലങ്കോട് എന്നിവർ അഭിവാദ്യ പ്രഭാഷണങ്ങൾ നടത്തി. എം.സുലൈമാൻ, സലാം മേപ്പറമ്പ്, നബീസ ബാബു, ജാഫർ പത്തിരിപ്പാല, നൗഷാദ് മണ്ണൂർ, ഇബ്രാഹീം, ഹാദിയ മണ്ണാർക്കാട്, ഹാദിയ പുലാപ്പറ്റ, ത്വാഹിറ എന്നിവർ ജാഥ ക്യാപ്റ്റന് ഹാരാർപ്പണം നടത്തി. അട്ടപ്പാടി മധുവിൻ്റെ സഹോദരി സരസു മധുവിൻ്റെ ഫോട്ടോ ജാഥ ക്യാപ്റ്റന് ഉപഹാരമായി നൽകി.

കാമ്പസുകളിലെ ജാതീയ-വംശീയ വിവേചനങ്ങൾ തുറന്നുകാട്ടിയും രോഹിത് ആക്ടിൻ്റെ ആവശ്യകത വിശദീകരിച്ചും ഫ്രറ്റേണിറ്റി പുറത്തിറക്കുന്ന ബുക്ക് ലെറ്റിൻ്റെ പ്രകാശനം പരിപാടിയിൽ നടന്നു. മല്ലിയമ്മ, സരസു, ആക്ടിവിസ്റ്റുകൾ, വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി നേതാക്കൾ എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. ജില്ല ജനറൽ സെക്രട്ടറിമാരായ റസീന ആലത്തൂരും നൗഷാദ് മണ്ണൂരും യഥാക്രമം സ്വാഗതവും നന്ദിയും പറഞ്ഞു.

നേരത്തെ അഞ്ചുവിളക്ക് ജങ്ഷിൽ നിന്നാരംഭിച്ച റാലിയോടെയാണ് ജില്ലയിലെ സ്വീകരണങ്ങൾക്ക് തുടക്കം കുറിച്ചത്. ഗവ. വിക്ടോറിയ കോളേജ് യൂണിറ്റ് കമ്മിറ്റിയും സമര ജാഥക്ക് ഉജ്ജ്വല സ്വീകരണം നൽകി.

Leave a Comment

More News