എടത്വ : സ്കൂൾ തുറക്കാന്‍ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ കുണ്ടും കുഴിയുമായി കിടന്ന റോഡ് സൗഹൃദ കൂട്ടായ്മയിലൂടെ സഞ്ചാരയോഗ്യമാക്കി.
ജൽ ജീവൻ പദ്ധതിയിലൂടെ കുട്ടനാട്ടിൽ കുടിവെള്ള വിതരണം ചെയ്യുന്നതിന് റോഡുകൾ വെട്ടി പൊളിച്ചാണ് പൈപ്പ് ലൈന്‍ സ്ഥാപിച്ചത്. ആകെ 10 അടി വീതിയുള്ള റോഡിന്റെ വശങ്ങളില്‍ ജെസിബി ഉപയോഗിച്ച് കുഴികൾ എടുക്കുന്നത് മൂലം ടാർ ഇളകി മാറുകയാണ്.
തെരെഞ്ഞെടുപ്പിന് മുമ്പ് ചില ഇടങ്ങളിൽ പൈപ്പ് ലൈന്‍ വലിച്ചു.റോഡ് വെട്ടി പൊളിച്ചപ്പോൾ പ്രദേശവാസികൾ പ്രതിഷേധിച്ച് രംഗത്ത് വന്നിരുന്നു.പൂർവ്വസ്ഥിതിയിലാക്കുമെന്ന് കരാറുകാർ വാഗ്ദാനം ചെയ്തെങ്കിലും റോഡുകൾ പലയിടങ്ങളിലും ഇപ്പോൾ സഞ്ചരിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.
കുട്ടനാട്ടിലെ ഗ്രാമീണ റോഡുകൾ സഞ്ചാര യോഗ്യമാക്കുന്നതിന് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പൊതു പ്രവർത്തകൻ തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി.ഇടിക്കുള സംസ്ഥാന മനുഷ്യാവകകാശ കമ്മീഷന് നല്‍കിയ ഹർജി ഫയലിൽ സ്വീകരിച്ചു.
തലവടി പഞ്ചായത്തിൽ പൊതു ടാപ്പ് ഇല്ലാത്ത ഏക വാർഡായ 12-ാം വാർഡിൽ സൗഹൃദ നഗറിൽ പൈപ്പ് ലൈന്‍ സ്ഥാപിച്ചത് മൂലം തകർന്ന റോഡ് കഴിഞ്ഞ ദിവസം സഞ്ചാര യോഗ്യമാക്കി.
ശ്രമദാനത്തിലൂടെ നടത്തിയ നിർമ്മാണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം സൗഹൃദ നഗറിലെ മുതിർന്ന അംഗം തങ്കമ്മ ചാക്കോ (94) നിർവഹിച്ചു. എൻ. കെ ഭാസ്കരന്‍ , തോമസ്കുട്ടി പാലപറമ്പിൽ, വിൻസൺ പൊയ്യാലുമാലിൽ , സുരേഷ് പരുത്തിക്കൽ, ബാബു വാഴകൂട്ടത്തിൽ, മോനിച്ചന്‍ നാലിൽചിറ, പി.ഡി കലേശൻ , റോഷ്മോൻ കളത്തിൽ, ബേബി മഠമുഖം,ഡോ ജോൺസൺ വി.ഇടിക്കുള, സാം മാത്യു വാലയിൽ എന്നിവർ നേതൃത്വം നല്‍കി.


