ന്യൂഡല്‍ഹി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായിയിലെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ അപ്രതീക്ഷിത റെയ്ഡിനെതിരെ സിപിഎം ശക്തമായി പ്രതിഷേധിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പിണറായി വിജയനെതിരെ നടന്ന ഈ ആക്രമണം അദ്ദേഹത്തിന്റെ മകള്‍ വീണാ വിജയനെ ലക്ഷ്യം വെച്ചാണെന്നും എംഎ ബേബി പറഞ്ഞു.
വീണയുടെ സോഫ്റ്റ്‌വെയർ കമ്പനിയായ സിഎംആർഎല്ലിന് നൽകിയ സേവനങ്ങൾക്ക് നൽകിയ പ്രതിമാസ ശമ്പളം അഴിമതി നിറഞ്ഞതാണെന്ന് അന്വേഷണത്തിൽ ആരോപിക്കുന്നു. വീണ അന്വേഷണവുമായി പൂർണ്ണമായും സഹകരിച്ചിരുന്നു. അന്വേഷണവുമായി സഹകരിച്ചില്ലെന്ന പ്രശ്നമേ ഉദിക്കുന്നില്ല. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന വാദം നിഷേധിച്ചും, രാഷ്ട്രീയ പ്രേരിതമായ ലക്ഷ്യത്തോടെയാണ് റെയ്ഡ് നടത്തുന്നതെന്ന് പറഞ്ഞും എംഎ ബേബി പ്രതികരിച്ചു.
”കോടതികൾ പലവട്ടം പിണറായി വിജയന് എക്‌സാലോജിക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും വീണയുടെ പിതാവാണ് എന്ന കാരണത്താൽ അദ്ദേഹത്തെ വേട്ടയാടുകയാണ്,” അദ്ദേഹം പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി വിഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് പിന്നാലെ റെയ്‌ഡ് നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന സൂചന നൽകുന്നതായും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലെ എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ് ആസ്ഥാനത്തേക്ക് സിപിഎം നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിലേക്ക് വഴിവെച്ചു. പ്രതിഷേധത്തിന് നേതൃത്വം നൽകിയ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി അടക്കമുള്ള 100 ലേറെ നേതാക്കളെയും പ്രവർത്തകരെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.
സിപിഎം കേന്ദ്ര നേതൃത്വത്തിൻ്റെ ആഹ്വാന പ്രകാരമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. “ഏകാധിപത്യ നീക്കങ്ങൾ അനുവദിക്കില്ല ഇഡിയെ രാഷ്ട്രീയ ആയുധമാക്കുന്നത് അവസാനിപ്പിക്കണം” എന്നീ മുദ്രാവാക്യങ്ങളോടെയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. പൊലീസ് തടയാൻ ശ്രമിച്ചതോടെ പ്രവർത്തകർ റോഡിൽ കിടന്ന് പ്രതിഷേധിക്കുകയും, നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് തടയാനായി പ്രതിരോധം തീർക്കുകയും ചെയ്‌തു.
പ്രതിഷേധത്തിൽ മുതിർന്ന സിപിഎം നേതാവ് ബ്രിന്ദ കാരാട്ട്, അശോക് ധാവളെ, മറിയം ധാവളെ, വിജു കൃഷ്‌ണൻ, വിക്രം സിംഗ്, അനുരാഗ് സക്സേന തുടങ്ങിയ നേതാക്കളും പങ്കെടുത്തു. പോലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ നീക്കുന്നതിനിടയിൽ, പൊളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണനെ വലിച്ചിഴച്ച് പൊലീസ് വാഹനത്തിലേക്ക് കയറ്റിയതും പ്രതിഷേധം കൂടുതൽ കടുപ്പിച്ചു. “പിണറായി വിജയനെ അപമാനിക്കാനുള്ള രാഷ്ട്രീയ നീക്കമാണ് നടക്കുന്നത്. കേന്ദ്ര സർക്കാർ ഇഡിയെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണ്,” ബ്രിന്ദ കാരാട്ട് ആരോപിച്ചു.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടുകയാണെന്ന് ആരോപിച്ച സിപിഎം, രാജ്യവ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അറിയിച്ചു. അന്വേഷണത്തെ എതിർക്കുന്നില്ലെങ്കിലും, തെരഞ്ഞെടുത്ത രാഷ്ട്രീയ വേട്ട അംഗീകരിക്കില്ലെന്നുമാണ് പാർട്ടി നിലപാട്.
