30 വര്‍ഷങ്ങള്‍ കൊണ്ട് മാജിക് അക്കാദമി സമൂഹത്തിന് നല്‍കിയത് സമാനതകളില്ലാത്ത സംഭാവനകള്‍: അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: മൂന്നു പതിറ്റാണ്ടുകള്‍ പൂര്‍ത്തീകരിച്ച ഏഷ്യയിലെ ആദ്യത്തെ മാജിക് പഠന കേന്ദ്രമായ മാജിക് അക്കാദമി സമൂഹത്തിന് സമാനതകളില്ലാത്ത സംഭാവനകളാണ് നല്‍കിയതെന്ന് ചലച്ചിത്ര സംവിധായകനും മാജിക് അക്കാദമി രക്ഷാധികാരിയുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. മാജിക് അക്കാദമിയുടെ മുപ്പതാമത് വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ദ്രജാലത്തെ ഒരു ജനകീയ കലയായി സമൂഹത്തില്‍ അടയാളപ്പെടുത്തുന്നതിന് മാജിക് അക്കാദമി വഹിച്ച പങ്ക് ചെറുതല്ല. ഈ നേട്ടത്തിന് പിന്നില്‍ നിലമ്പൂരില്‍ നിന്നും തിരുവനന്തപുരത്തെത്തിയ ഗോപിനാഥ് മുതുകാടെന്ന ഒരു അതുല്യ കലാകാരന്റെ ആത്മാര്‍ത്ഥമായ ഇടപെടലുകളും പ്രയത്‌നങ്ങളുമാണ്. ഇന്ദ്രജാലത്തെ ഒരു മാധ്യമമായി ഉപയോഗിച്ചുകൊണ്ട് നിരവധി സദുദ്ദേശ പ്രവര്‍ത്തനങ്ങളാണ് ഇക്കാലയളവില്‍ സാര്‍ത്ഥകമാക്കിയത്. ഭിന്നശേഷിക്കാര്‍ക്കുവേണ്ടിയുള്ള വലിയൊരു സ്വപ്നത്തിലേയ്ക്കാണ് മനുഷ്യത്വം ചേര്‍ത്തുവച്ച് പ്രവര്‍ത്തിക്കുന്നതെന്നും ഉണര്‍ന്നിരിക്കുമ്പോള്‍ കണ്ട സ്വപ്നങ്ങളിലൂടെയാണ് ഈ വലിയ നേട്ടങ്ങള്‍ മുതുകാട് സ്വന്തമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിഫറന്റ് ആര്‍ട് സെന്റര്‍ ചെയര്‍മാന്‍ ജിജി തോംസണ്‍ ഐ.എ.എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മാജിക് അക്കാദമി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് സ്വാഗതം ആശംസിച്ചു. മുപ്പത് വര്‍ഷങ്ങളില്‍ അനുഭവിച്ച പ്രതിസന്ധികളും വിജയങ്ങളും അദ്ദേഹം വിവരിച്ചത് വിതുമ്പലോടെയായിരുന്നു. മാജിക് അക്കാദമി മുന്‍ ഡയറക്ടര്‍ ചന്ദ്രസേനന്‍ മിതൃമ്മല, കുമാര്‍ ആന്റ് ബിജു അസോസിയേറ്റ്‌സ് എം.ഡി എം.ബി സനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാജിക് വാന്‍ഡ് കൊണ്ട് നിര്‍മ്മിച്ച 30 എന്ന പ്രതീകാത്മക ഇമേജില്‍ തിരി തെളിയിച്ചാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. തിരി തെളിഞ്ഞതോടെ മാന്ത്രികര്‍ ഞൊടിയിടയില്‍ പ്രത്യക്ഷമാക്കിയ പ്രാവുകള്‍ ചടങ്ങിന് കൗതുകമായി.

1996 മുതലുള്ള ആദ്യകാല ബാച്ചുകളിലെ വിദ്യാര്‍ത്ഥി സംഗമവും ചടങ്ങിന് മാറ്റുകൂട്ടി. വര്‍ഷങ്ങള്‍ക്കിപ്പുറം പലരും ആദ്യമായി കാണുകയായിരുന്നു. പറഞ്ഞു തീരാത്ത വിശേഷങ്ങളും ഇന്ദ്രജാലവും പങ്കുവെച്ച് സദസിനെ വിസ്മയഭരിതമാക്കി. മൂന്ന് ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികളാണ് നടക്കുന്നത്. ഇന്ന് (ശനി) കാസര്‍ഗോഡും നാളെ (ഞായര്‍) മാജിക് പ്ലാനറ്റിലും ആഘോഷപരിപാടികള്‍ നടക്കും. സമാപന ചടങ്ങുകളുടെ ഭാഗമായി നാളെ മാജിക് പ്ലാനറ്റില്‍ പ്രത്യേക എസ്‌കേപ്പ് ആക്ട് അവതരിപ്പിക്കും.

Leave a Comment

More News