കോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് DDE ഓഫീസ് ഉപരോധിച്ച ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതാക്കളെ റിമാൻഡ് ചെയ്തു. രാത്രി 11.30 ഓടെയാണ് പോലീസ് നേതാക്കളെ കോടതിയിൽ ഹാജരാക്കിയത്. ശേഷം ജില്ല ജയിലിലേക്ക് കൊണ്ടുപോയി.
അന്യായ അറസ്റ്റിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധങ്ങൾ നടത്തുമെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ അറിയിച്ചു.
ജില്ലയിൽ താലൂക്ക് അടിസ്ഥാനത്തിൽ സ്ഥിരം പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുക, പ്രൊഫ. കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് ഫ്രറ്റേണിറ്റി DDE ഓഫീസ് ഉപരോധിച്ചത്. ഇന്ന് മലപ്പുറം ജില്ലയിൽ കലക്‌ടറേറ്റ് മാർച്ച് നടക്കുന്നുണ്ട്. മുഴുവൻ ജില്ലകളിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും ആനുപാതിക സ്ഥിരം ബാച്ചുകളെന്ന ശാശ്വത പരിഹാരത്തിലേക്ക് സർക്കാർ എത്തുംവരെ പ്രതിഷേധങ്ങൾ തുടരുമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ പറഞ്ഞു. ഹൈസ്കൂളുകളെ ഹയർ സെക്കൻഡറികളായി അപ്ഗ്രേഡ് ചെയ്യാവുന്ന 20 സ്‌കൂളുകൾ മലപ്പുറം ജില്ലയിൽ മാത്രമുണ്ട്. എന്തുകൊണ്ടാണ് സർക്കാർ അത്തരം നടപടികളിലേക്ക് പ്രവേശിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
കോഴിക്കോട് DDE ഓഫീസ് ഉപരോധത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് സഈദ് ടി.കെ, കോഴിക്കോട് ജില്ല പ്രസിഡൻ്റ് മുജാഹിദ് മേപ്പയൂർ, ജനറൽ സെക്രട്ടറിമാരായ റഈസ് കുണ്ടുങ്ങൽ, അഫ്നാൻ വേളം, സെക്രട്ടറി മുബശ്ശിർ ചെറുവണ്ണൂർ, നിദാൽ സിറാജ് എന്നിവരാണ് റിമാൻഡിലായത്.
