ട്രാഫിക് ചലാനുകളുടെയും സുരക്ഷാ ഡാറ്റയുടെയും ഡിജിറ്റൽ കൈമാറ്റം; യുഎഇയും ഖത്തറും കരാറിൽ ഒപ്പു വെച്ചു

ദോഹ (ഖത്തര്‍): യുഎഇയും ഖത്തറും തങ്ങളുടെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഒരു പ്രധാന കരാറിൽ ഒപ്പു വെച്ചു. ഡാറ്റ, ഇൻഫർമേഷൻ സുരക്ഷ സംബന്ധിച്ച ധാരണാ പത്രത്തിലാണ് ഇരു രാജ്യങ്ങളുടെയും ആഭ്യന്തര മന്ത്രാലയങ്ങൾ ഒപ്പു വെച്ചത്. സുരക്ഷാ പദ്ധതികളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം സുഗമമാക്കുന്നതിനാണ് ഈ നീക്കം.

ഇന്ന് (2026 ജൂൺ 17 ന്) ദോഹയിൽ വെച്ചാണ് ഈ കരാർ ഒപ്പിട്ടത്. യുഎഇ ആഭ്യന്തര മന്ത്രാലയത്തെ പ്രതിനിധീകരിച്ച് മേജർ ജനറൽ ഖലീഫ ഹാരിബ് അൽ ഖൈലിയും ഖത്തർ ആഭ്യന്തര മന്ത്രാലയത്തെ പ്രതിനിധീകരിച്ച് അബ്ദുല്ല ബിൻ ഖലഫ് ബിൻ ഹത്താബ് അൽ-കാബിയുമാണ് രേഖയിൽ ഒപ്പു വെച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണവും ഏകോപനവും വർദ്ധിപ്പിക്കുക എന്നതായിരുന്നു ഈ യോഗത്തിന്റെ ലക്ഷ്യം.

പൊതുജനങ്ങൾക്കും ഭരണകൂടത്തിനും സഹായകമാകുന്ന ആറ് പ്രധാന പദ്ധതികൾ ഈ ധാരണാപത്രത്തിൽ ഉൾപ്പെടുന്നു:

  • നെറ്റ്‌വർക്ക് ലിങ്കേജ്
  • ഗതാഗത നിയമലംഘനങ്ങൾക്കായി ഇരു രാജ്യങ്ങളുടെയും ഇലക്ട്രോണിക് സംവിധാനങ്ങൾ ഏകീകരിക്കൽ
  • ട്രാഫിക് സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിക്കൽ
  • ട്രാഫിക് പിഴകൾ ശേഖരിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള പ്രക്രിയ ലളിതമാക്കൽ
  • നാടുകടത്തപ്പെട്ട വ്യക്തികളുടെ ഡാറ്റയുടെയും വിരലടയാളങ്ങളുടെയും ഡിജിറ്റൽ കൈമാറ്റം
  • അജ്ഞാത വിരലടയാളങ്ങളെക്കുറിച്ചുള്ള വിവരങ്ങളുടെ ഇലക്ട്രോണിക് കൈമാറ്റം

പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് സുരക്ഷാ വിവരങ്ങളുടെ കൈമാറ്റം ത്വരിതപ്പെടുത്തുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത് ഇരു രാജ്യങ്ങളിലെയും സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കുകയും സർക്കാർ സേവനങ്ങളുടെ ഏകോപനം മെച്ചപ്പെടുത്തുകയും ചെയ്യും.

Leave a Comment

More News