ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ പാതകളിൽ ഒന്നായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടിയാൽ, വാഷിംഗ്ടൺ അതിശക്തമായി പ്രതികരിക്കുമെന്ന് ട്രംപ് ഫോക്സ് ന്യൂസിനോട് പറഞ്ഞു.
വാഷിംഗ്ടണ്‍: ജൂൺ 21 ഞായറാഴ്ച, ഇറാനിയൻ ഉദ്യോഗസ്ഥരുമായി രാത്രി മുഴുവൻ സംസാരിച്ചതായും ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം നിർത്താൻ ശ്രമിച്ചാൽ അതിന്റെ അനന്തരഫലങ്ങൾ ഭയാനകമായിരിക്കുമെന്ന് ടെഹ്‌റാനെ വ്യക്തമായി മുന്നറിയിപ്പ് നൽകിയതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ പാതകളിൽ ഒന്നാണ് ഹോർമുസ് കടലിടുക്ക്. ഇറാൻ അത് അടച്ചാൽ, വാഷിംഗ്ടൺ അതിശക്തമായി പ്രതികരിക്കുമെന്ന് ട്രംപ് ഫോക്സ് ന്യൂസിനോട് പറഞ്ഞു. “നിങ്ങൾ അത് അടച്ചാൽ, നിങ്ങളുടെ രാജ്യം ഇല്ലാതാകും. നിങ്ങൾക്ക് നിങ്ങളുടെ രാജ്യത്തേക്ക് മടങ്ങാൻ പോലും കഴിയില്ല” എന്ന് അദ്ദേഹം പറഞ്ഞു.
ആവശ്യമെങ്കിൽ, ജലപാതയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കാമെന്നും അതുവഴി കടന്നുപോകുന്ന എണ്ണക്കപ്പലുകൾക്ക് ഫീസ് ചുമത്തുമെന്നും ട്രംപ് സൂചന നൽകി. “അത് വിജയിച്ചില്ലെങ്കിൽ, ഞങ്ങൾ ടോൾ ഈടാക്കും” എന്ന് അദ്ദേഹം പറഞ്ഞു.
60 ദിവസത്തെ വെടിനിർത്തൽ കാലയളവിൽ താരിഫുകൾ ഉണ്ടാകില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു. എന്നാല്‍, ആ കാലയളവിൽ ഒരു സ്ഥിരമായ കരാറിലെത്തിയില്ലെങ്കിൽ, പിന്നീട് യുഎസിന് കപ്പലുകളിൽ തീരുവ ചുമത്താം. യുഎസ് സൈന്യത്തിന്റെ സേവനങ്ങൾക്കുള്ള നഷ്ടപരിഹാരമായി ഇതിനെ വിശേഷിപ്പിച്ച ട്രംപ്, താന്‍ പശ്ചിമേഷ്യയുടെ കാവൽ മാലാഖയാണെന്ന് സ്വയം വിശേഷിപ്പിച്ചു.
യുറേനിയം സമ്പുഷ്ടമാക്കാനുള്ള അവകാശം ഇറാൻ ഉപേക്ഷിക്കില്ലെന്നും അമേരിക്ക അത് അംഗീകരിക്കേണ്ടിവരുമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ടെഹ്‌റാന്റെ വാചാടോപം കുറയ്ക്കണമെന്ന് ട്രംപ് ഉപദേശിച്ചു. “അവർ അവരുടെ വാക്കുകൾ ശ്രദ്ധിക്കണം. ഒരു കരാറിലെത്താൻ അവർ കൃത്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, രാജ്യത്തിന്റെ ബാക്കി ഭാഗങ്ങൾ ഞങ്ങള്‍ ഏറ്റെടുക്കും” എന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, സ്വിറ്റ്‌സർലൻഡിൽ യുഎസും ഇറാനും തമ്മിലുള്ള ചർച്ചകൾ നല്ല പുരോഗതി കൈവരിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പറഞ്ഞു. ലെബനൻ, ഹോർമുസ് എന്നിവയുമായി ബന്ധപ്പെട്ട് അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും നിരവധി വിഷയങ്ങളിൽ സമവായം ഉയർന്നുവരുന്നുണ്ട്. ഖത്തറിന്റെയും പാക്കിസ്താന്റെയും മധ്യസ്ഥതയിൽ യുഎസ്, ഇറാൻ പ്രതിനിധികൾ തമ്മിലുള്ള കൂടിക്കാഴ്ചകൾ ആരംഭിച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ലേക്ക് ലൂസേൺ ഉച്ചകോടി എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്ന ഒരു സമഗ്ര കരാറിൽ ഈ കൂടിക്കാഴ്ചകൾ കലാശിക്കുമെന്ന് ഖത്തർ പ്രതീക്ഷിക്കുന്നു. ചർച്ചകൾ പുരോഗമിക്കുകയാണ്, അടുത്ത കുറച്ച് ദിവസങ്ങൾ മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ കുറയുമോ അതോ വർദ്ധിക്കുമോ എന്ന് നിർണ്ണയിക്കും.
