ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വിപുലമായ ഓണാഘോഷം ആഗസ്റ്റ് 22-ന് ശനിയാഴ്ച ഫിലാഡൽഫിയയിലെ കാൻസ്റ്റാറ്റർ വോൾക്സ്ഫെസ്റ്റ് വെറൈൻ (Cannstatter), 9130 Academy Road, Philadelphia, PA 19114 ഓഡിറ്റോറിയത്തിൽ അതിഗംഭീരമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഈ വർഷത്തെ ഓണാഘോഷത്തിന്റെ മുഖ്യാഘോഷകനായി (Chief Celebrant) പ്രമുഖ കാൻസർ വിദഗ്ധനും ഹീമറ്റോളജിസ്റ്റുമായ ഡോ. മാധവൻ വി. പിള്ള (ഡോ. എം.വി. പിള്ള) പങ്കെടുക്കും. ലോകമെമ്പാടും ശ്രദ്ധേയനായ മെഡിക്കൽ ഓങ്കോളജിസ്റ്റും ഹീമറ്റോളജിസ്റ്റുമായ അദ്ദേഹം തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയുടെ സിഡ്നി കിമ്മൽ മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ പ്രൊഫസറായും, ഇന്റർനാഷണൽ നെറ്റ്‌വർക്ക് ഫോർ കാൻസർ ട്രീറ്റ്മെന്റ് ആൻഡ് റിസർച്ച് -ന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചുവരുന്നു. വൈദ്യശാസ്ത്ര രംഗത്തെ അദ്ദേഹത്തിന്റെ ദീർഘകാല സേവനവും സമൂഹത്തോടുള്ള പ്രതിബദ്ധതയും മലയാളി സമൂഹത്തിന് അഭിമാനകരമാണ്.
പ്രശസ്ത സിനിമാനടി മല്ലികാ സുകുമാരന്റെ സഹോദരനായ ഡോ എം വി പിള്ളയുടെ പങ്കാളിത്തം ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന് തികച്ചും അഭിമാനകരമെന്ന് വൈസ് ചെയർമാൻ വിൻസെന്റ് ഇമ്മാനുവേൽ അറിയിച്ചു.
കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും പുതുതലമുറയ്ക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന “വന്നോണം പൊന്നോണം” എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ വർഷത്തെ ഓണാഘോഷത്തിൽ വൈവിധ്യമാർന്ന കലാപരിപാടികളാണ് അണിനിരക്കുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായകൻ ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയാണ് പ്രധാന ആകർഷണം. അദ്ദേഹത്തിന്റെ ഹൃദയസ്പർശിയായ ഗാനങ്ങൾ ഓണാഘോഷത്തിന് സംഗീതവിരുന്നായി മാറുമെന്നാണ് പ്രതീക്ഷ എന്ന് സംഘടനയുടെ ചെയർമാനായ ശ്രീ. ലെനോ സ്കറിയ ജനറൽ സെക്രട്ടറി ശ്രീ. ജോബി ജോർജ്, ട്രഷറർ ശ്രീ. രാജൻ സാമുവൽ എന്നിവർ അഭിപ്രായപ്പെടുകയുണ്ടായി.
കൂടാതെ, മാതാ ഡാൻസ് അക്കാദമിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിര ഈ വർഷത്തെ ആഘോഷത്തിന്റെ മറ്റൊരു പ്രധാന ഹൈലൈറ്റായിരിക്കും. കേരളത്തിന്റെ തനത് കലാരൂപമായ തിരുവാതിരയെ അതിന്റെ ഭംഗിയും ചാരുതയും നിലനിർത്തി അവതരിപ്പിക്കുന്നതിനായി ഇതിനകം തന്നെ പരിശീലനങ്ങൾ പുരോഗമിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു.
ഇതിനുപുറമെ ഓണസദ്യ, ചെണ്ടമേളം, പഞ്ചവാദ്യം, കുട്ടികളുടെയും യുവജനങ്ങളുടെയും കലാപരിപാടികൾ, നൃത്താവിഷ്കാരങ്ങൾ, നാടൻ കലാരൂപങ്ങൾ, വിവിധ മത്സരങ്ങൾ, എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടക്കും.
പെൻസിൽവാനിയ, ന്യൂജേഴ്സി, ഡെലവെയർ എന്നീ സംസ്ഥാനങ്ങളിലെ പതിനഞ്ചോളം മലയാളി സംഘടനകളെ ഏകോപിപ്പിക്കുന്ന ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഓണാഘോഷം മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക സംഗമങ്ങളിലൊന്നായി മാറിയിട്ടുണ്ട്. വിവിധ മത, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖരും വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുക്കും.
മലയാളികളുടെ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും ആഘോഷമായി മാറുന്ന ഈ വർഷത്തെ ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തിലേക്ക് എല്ലാ മലയാളി കുടുംബങ്ങളെയും സംഘാടകർ ഹാർദ്ദവമായി സ്വാഗതം ചെയ്തു.
സുമോദ് തോമസ് നെല്ലിക്കാല, ഫിലാഡൽഫിയ
