ക്ഷേത്ര പ്രവേശന വിളംബരം നടത്തുവാൻ തിരുവിതാം‌കൂർ രാജകുടുംബത്തിന് പ്രേരണ നൽകിയതിൽ മാര്‍ത്തോമാ സഭയുടെ പങ്ക്; ചരിത്ര സംഭവം ആദ്യമായി കേട്ടത് മുഖ്യമന്ത്രി വിഡി സതീശനില്‍ നിന്നും

ക്ഷേത്ര പ്രവേശന വിളംബരം നടത്താന്‍ തിരുവിതാംകൂര്‍ രാജകുടുംബത്തെ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്ന് ഒരു ക്രിസ്ത്യന്‍ വൈദീകൻ ആയിരുന്നു എന്നത് എത്ര പേര്‍ക്കറിയാം? മാര്‍ത്തോമാ സഭയുടെ പഴയൊരു മെത്രാപ്പോലീത്താ എബ്രഹാം മാര്‍ത്തോമാ ആയിരുന്നു ആ കഥാപുരുഷന്‍. മാര്‍ത്തോമാ സഭയിലെ തന്നെ പലരും ഇതാദ്യം കേട്ടത് മുഖ്യമന്ത്രി വിഡി സതീശനില്‍ നിന്നാണ്.

എബ്രഹാം മാര്‍ത്തോമാ ശെമ്മാശ്ശപ്പട്ടം സ്വീകരിച്ചതിന്റെ അനുസ്മരണ ചടങ്ങായിരുന്നു വേദിയിൽ പ്രസംഗിച്ചപ്പോൾ തുറന്നു വിട്ട കഥകൾ. പ്രസംഗം നടത്തിയപ്പോൾ പ്രതിപക്ഷ നേതാവായിരുന്നു വിഡി സതീശന്‍.

മുൻ മെത്രാപ്പോലീത്തയുടെ ധീര കഥകളും, ആനി കാലത്തു ദിവാന്‍ സി പി രാമസ്വാമി അയ്യര്‍ക്കെതിരെ നിലപാടെടുത്തതും, മാരാമണ്‍ കണ്‍വന്‍ഷനിലേക്ക് പത്രാധിപര്‍ സി.വി. കുഞ്ഞിരാമനെ ക്ഷണിച്ചതുമൊക്കെ വളരെ സരസമായി വിവരിച്ചു.
കണ്‍വന്‍ഷനില്‍ പങ്കെടുത്ത സിവി കുഞ്ഞിരാമന്‍ ഈഴവര്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യണമെന്ന് പ്രസംഗിച്ചു. ഇത് സിപിയെയും രാജകുടുംബത്തെയും ഞെട്ടിച്ചു. മതപരിവര്‍ത്തനം തടയാനായി അവരെടുത്ത നടപടികളായിരുന്നു സര്‍ക്കാര്‍ ജോലിയിലെ ഈഴവ സംവരണവും ക്ഷേത്ര പ്രവേശന വിളംബരവും അദ്ദേഹം അനുസ്മരിപ്പിച്ചു.

എല്ലാ ദിവസവും ബൈബിളിന്റെ ഒരധ്യായം വായിക്കുന്നത് തന്റെ ദിനചര്യയാണെന്ന് സമ്മേളനത്തിൽ ഹിന്ദു വിശ്വാസിയായ സതീശന്‍ പറഞ്ഞപ്പോൾ സമ്മേളനത്തിൽ ഇരുന്ന ക്രിസ്ത്യൻ വിശ്വാസികൾ ഞെട്ടിപ്പോയി. ക്രിസ്തുവിന്റെ ദര്‍ശനങ്ങള്‍, ചിന്തകള്‍, ലോക ക്രമത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഒക്കെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. താന്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം ക്രൈസ്തവ ചുറ്റുപാടുകളിലായിരുന്നു. ‘വിഗ്രഹാരാധനയില്‍ വിശ്വസിക്കുകയും ഹൈന്ദവ വിശ്വാസിയായി തുടരുമ്പോഴും’ മറ്റു മതങ്ങളെ മനസിലാക്കാന്‍ ശ്രമിച്ചു വരുന്ന ആളാണെന്നു പ്രസംഗത്തിലൂടെ അറിയിച്ചു.

പ്രതിപക്ഷനേതാവായ ശേഷം പെന്തക്കോസ്ത് സഭയുടെ കുമ്പനാട് കണ്‍വന്‍ഷനിലാണ് ആദ്യമായി പ്രസംഗിച്ചത്. പിന്നീടങ്ങോട്ട് വിവിധ സഭകളുടെ നിരവധി വേദികള്‍. ആത്മീയതയും, ചരിത്രവും സംഭവകഥകളും രാഷ്ട്രീയ സന്ദേശങ്ങളുമൊക്കെ കോര്‍ത്തിണക്കിയ പ്രസംഗങ്ങള്‍. ചില വേദികളില്‍ സുവിശേഷകന്‍ വികാരാധീനനായി ‘പ്രിയ ദൈവമക്കളേ’ എന്ന് വിശ്വാസികളെ അഭിസംബോധന ചെയ്തത് അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ തീഷ്ണതയെ കാട്ടുന്നു.

ശിഥിലമാകുന്ന കുടുംബ ബന്ധങ്ങള്‍, വര്‍ധിച്ചുവരുന്ന മയക്കുമരുന്നുപയോഗം എന്നിങ്ങനെയുള്ള സാമൂഹിക വിപത്തുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനും സതീശന്‍ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

സ്വത്തു തട്ടിയെടുത്ത ശേഷം മക്കളുപേക്ഷിച്ച കുമളിയിലെ അന്നക്കുട്ടിയുടെയും മകന്‍ വീട്ടില്‍ നിന്നിറക്കി വിട്ട കോടീശ്വരന്‍ വിജയ്പഥ് സിംഘാനിയയുടെയുമൊക്കെ കഥകള്‍ മേമ്പൊടിയായി ചേര്‍ത്തു. ‘എന്ത് നല്ലോര്‍ സഖി’ പോലെ ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ക്രിസ്തീയ ഭക്തിഗാനങ്ങളുടെ പിറവിക്കു പിന്നിലെ കഥകളായിരുന്നു മറ്റൊരു പ്രത്യേകത.

കൃത്യമായ രാഷ്ട്രീയ സന്ദേശം നല്‍കാന്‍ വേദികളെയെല്ലാം സതീശന്‍ ഉപയോഗപ്പെടുത്തി. സംഘ പരിവാര്‍ വിരുദ്ധതയാണ് എല്ലായിടത്തും ഉയര്‍ത്തിപ്പിടിച്ചത്. സുവിശേഷ പ്രവര്‍ത്തിക്കിടെ രക്തസാക്ഷികളായ ഗ്രഹാം സ്‌റെയിന്‍സിന്റെയും സ്റ്റാന്‍ സ്വാമിയുടെയും മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് ‘നിങ്ങളുടെ വീട്ടില്‍ ക്രിസ്തുമസ് കേക്കുമായി വരുന്നതും’ ‘കന്യാമറിയത്തിന് പൊന്‍കിരീടം ചാര്‍ത്തുന്നതും’ എന്നൊക്കെ തുറന്നടിച്ചു. കേന്ദ്രം ഭരിക്കുന്നവര്‍ക്ക് ഒരവസരം കൂടി കിട്ടിയാല്‍ പാക്കിസ്താനിലെ ക്രിസ്ത്യാനികളുടെ ഗതിയാകും ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

ശ്രദ്ധേയമായൊരു വസ്തുത ക്രിസ്തീയ വേദികളിലൊന്നും കേരളത്തിലെ മുഖ്യ രാഷ്ട്രീയ ശത്രുക്കളായ ഇടതുപക്ഷത്തെ വിമര്‍ശിക്കാന്‍ സതീശന്‍ തയ്യാറായില്ല എന്നതാണ്. സംസ്ഥാന സര്‍ക്കാരിനെ പ്രളയത്തിന്റെ പേരിലും കെ-റെയില്‍ വിഷയത്തിലും വിമര്‍ശിച്ച വൈദികരെക്കുറിച്ച് രണ്ട് വേദികളില്‍ നല്ല വാക്ക് പറഞ്ഞതൊഴിച്ചാല്‍ സതീശന്റെ ‘സുവിശേഷ രാഷ്ട്രീയം’ ഉന്നം വെച്ചത് സംഘപരിവാറിനെ മാത്രമാണ്.

കോണ്‍ഗ്രസ് പാര്‍ട്ടി മാത്രമാണ് ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി നിലകൊള്ളുന്നതെന്നും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക മാത്രമാണ് സംഘപരിവാറിനെ ചെറുക്കാനുള്ള മാര്‍ഗമെന്നുമാണ് സതീശന്‍ എല്ലാ വേദികളിലും പറഞ്ഞുവെച്ചത്. ആ സന്ദേശം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വിവിധ ക്രിസ്ത്യന്‍ സമുദായങ്ങളിലേക്കെത്തിക്കാന്‍ സുവിശേഷവേല സതീശനെയും യു.ഡി.എഫിനെയും സഹായിച്ചു.

സതീശന്‍ പ്രതിപക്ഷ നേതാവായിരുന്ന കാലം നടത്തിയ സുവിശേഷ പ്രഭാഷണങ്ങളുടെ പുസ്തകം പുറത്തിറങ്ങി കഴിഞ്ഞു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇപ്പോൾ മുഖ്യ മന്ത്രിയുടെ മീഡിയ സെക്രട്ടറിയുമായ റോയ് മാത്യു ആണ് പുസ്തകത്തിന്റെ എഡിറ്റര്‍. സമാഹാരത്തിന്റെ ഇംഗ്ലീഷ് പതിപ്പും ഉടനെ പുറത്തിറങ്ങും.

Leave a Comment

More News