‘ഓറഞ്ച് ജംപ് സ്യൂട്ട്’ എക്സിബിഷൻ തുടങ്ങി

എറണാകുളം: സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് സംഘടിപ്പിക്കുന്ന ‘ജസ്റ്റിസ് ആൻ്റ് സോളിഡാരിറ്റി’ കോൺഫറൻസിൻ്റെ ഭാഗമായ ‘ഓറഞ്ച് ജംപ് സ്യൂട്ട്’ എക്സിബിഷൻ ആരംഭിച്ചു. മുംബൈ ട്രയിൻ സ്ഫോടന കേസിൽ പ്രതിചേർക്കപെട്ട് നീണ്ട കാലത്തെ ജയിൽ വാസത്തിനു ശേഷം വെറുതെ വിട്ട അഡ്വ. അബ്ദുൽ വാഹിദ് ശൈഖ്, സാജിദ് അൻസാരി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. നവീദ് ഖാൻ മുംബൈ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് തൗഫീഖ് മമ്പാട്, ജനറൽ സെക്രട്ടറി ഷബീർ കൊടുവള്ളി, അനീഷ് മുല്ലശ്ശേരി, അഫീഫ് ഹമീദ്, ക്യൂറേറ്റർ അബ്ദുല്ല നേമം, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡൻ്റ് ജമാൽ അസ്‌ഹരി, കൊച്ചി സിറ്റി സെക്രട്ടറി സുഹൈൽ ഹാഷിം, സോളിഡാരിറ്റി ജില്ലാ പ്രസിഡൻ്റ് ഫാസിൽ റഹ്‌മാൻ കെ.എസ്, കൊച്ചി സിറ്റി പ്രസിഡൻ്റ് ശറഫുദ്ധീൻ നദ്‌വി, ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം സംസ്ഥാന സെക്രട്ടറി സാഹിറ എം.എ എന്നിവർ സംബന്ധിച്ചു. ശനിയാഴ്ച രാവിലെ എട്ട് മുതൽ ഞായറാഴ്ച രാത്രി പത്തുവരെ സന്ദർശനത്തിന് അവസരമുണ്ടാവും.

സെപ്റ്റംബർ 11 ന് ശേഷം അമേരിക്ക ക്യൂബയിൽ ഗ്വാണ്ടനാമോ ബേ നാവിക കേന്ദ്രത്തോടനുബന്ധിച്ച് ആരംഭിച്ച കുപ്രസിദ്ധ തടങ്കൽ പാളയമാണ് ഗ്വാണ്ടനാമോ. അവിടുത്തെ വസ്ത്രമാണ് ഓറഞ്ച് ജംപ് സ്യൂട്ട്. ഭീകരതാ വിരുദ്ധ യുദ്ധത്തിൻ്റെ വലിയ പ്രതീകമാണ് ഈ ഓറഞ്ച് നിറമുള്ള വസ്‌ത്രം.

ഗ്വാണ്ടനാമോ മുതൽ നമ്മുടെ നാട്ടിലെ ജയിലറകൾ വരെയുള്ള തടവറകളിൽ നിരപരാധികളായ ആളുകൾ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നുണ്ട്. ഈ പീഢനങ്ങളുടെ ആഴം സന്ദർശകർക്ക് അനുഭവപ്പെടുന്ന തരത്തിലാണ് എക്സിബിഷൻ ഒരുക്കിയിരിക്കുന്നത്. ‘ഭീകരത വിരുദ്ധ യുദ്ധം’ എന്ന പേരിൽ അമേരിക്കയുടെ നേതൃത്വത്തിൽ നടത്തിയ അതിക്രമങ്ങൾ എക്സിബിഷൻ ആവിഷ്‌കരിക്കും.

Leave a Comment

More News