ഈ വര്‍ഷത്തെ തിരുവോണ ബമ്പര്‍ ലോട്ടറി ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണ ബമ്പർ ലോട്ടറി മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ഒന്നാം സമ്മാനത്തുക ₹30 കോടിയായി ഉയർത്തിയ ബമ്പര്‍ ടിക്കറ്റാണ് അദ്ദേഹം പുറത്തിറക്കിയത്. സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ച് നടത്തിയ ചെറിയ ചടങ്ങിലാണ് പ്രകാശന കര്‍മ്മം നടന്നത്. തിരുവോണം ബമ്പർ ലോട്ടറിയുടെ പ്രകാശന ചടങ്ങിൽ അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ലോട്ടറീസ് ഡയറക്ടർ അഞ്ജു കെ.എസ്. എന്നിവർ പങ്കെടുത്തു.

ജൂലൈ 20 മുതൽ ടിക്കറ്റുകൾ വിറ്റു തുടങ്ങും. സെപ്റ്റംബർ 26 ന് നറുക്കെടുപ്പ് നടക്കും.

ഒന്നാം സമ്മാനത്തുക 25 കോടിയിൽ നിന്ന് 30 കോടിയായി വർദ്ധിപ്പിച്ചതായി ഡയറക്ടറേറ്റ് ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. സർക്കാർ നടത്തുന്ന കേരള സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണിത്. ടിക്കറ്റ് വില ₹500 ആയി മാറ്റമില്ലാതെ തുടരും.

ഒന്നാം സമ്മാനം 30 കോടി രൂപയാക്കി ഉയർത്തിയാണ് ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി പുറത്തിറക്കിയിരിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഇരുപതു പേർക്ക് നൽകും. ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റ് വില്പന നടത്തുന്ന ഏജന്റിന് മൂന്നു കോടി രൂപ ഏജൻസി സമ്മാനമായും ലഭിക്കും. തിരുവോണം ബമ്പർ ഭാഗ്യക്കുറിയിലൂടെ 22 കോടിപതികളെ സൃഷ്ടിക്കാൻ കഴിയും വിധമാണ് സമ്മാനഘടന രൂപപ്പെടുത്തിയിരിക്കുന്നത്.

മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്കും അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേർക്കും കൂടാതെ 5000 മുതൽ 500 രൂപ വരെയുള്ള ലക്ഷകണക്കിന് സമ്മാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഓണം ബമ്പറിന് 28 ശതമാനം ജി എസ് ടി യാണ് ഉണ്ടായിരുന്നത്. എന്നാൽ 21/09/2025 മുതൽ ലോട്ടറിക്കുള്ള ജി എസ് ടി 40 ശതമാനമായി ഉയർത്തിയതിനാൽ ഓണം ബമ്പറിന് 40 ശതമാനം ജി എസ് ടി യാണ് നിലവിലുള്ളത്. ഉയർന്ന ജി എസ് ടി നിരക്കിലും ആകെ സമ്മാനത്തുകയും സമ്മാന നിരക്കും കഴിഞ്ഞ വർഷത്തേതിന് തുല്യമായി നിലനിർത്തിയിട്ടുണ്ട്.

ഏജന്റുമാർക്ക് ഡിസ്‌കൗണ്ട് നിരക്കിന് പുറമെ ഒരു ടിക്കറ്റിനു ഒരു രൂപ വീതം ഇൻസെന്റീവും അനുവദിച്ചിട്ടുണ്ട്. ആകെ പത്തു പരമ്പരകളിലായി വില്പന പുരോഗതിക്കനുസരിച്ചു 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാവുന്ന തരത്തിലാണ് സമ്മാനഘടന. വകുപ്പിലെ രജിസ്‌ട്രേഡ് ഏജന്റുമാർക്കു മാത്രമേ വകുപ്പ് നേരിട്ട് വില്പന നടത്താറുള്ളു. ഉയർന്ന മുഖവിലയുള്ള തിരുവോണം ബമ്പർ ഭാഗ്യക്കുറിയിൽ നിലവിലെ സുരക്ഷാ സംവിധാനങ്ങൾക്ക് പുറമെ ഫ്‌ലൂറസെന്റ് മഷിയിലുള്ള അച്ചടികൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. പേപ്പർ ലോട്ടറികൾ മാത്രമാണ് വകുപ്പ് പുറത്തിറക്കുന്നത്. അച്ചടിച്ച പേപ്പർ ലോട്ടറി ടിക്കറ്റുകൾ മാത്രം അംഗീകൃത ഏജന്റുമാരിൽ നിന്നോ വില്പനക്കാരിൽ നിന്നോ നേരിട്ടു വാങ്ങണമെന്നും സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ, ഡിജിറ്റൽ പേയ്‌മെന്റ് ലിങ്കുകൾ എന്നിവ വഴി ടിക്കറ്റ് വാങ്ങരുതെന്നും ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.

കേരള സർക്കാരിന്റെ വരുമാനത്തിന്റെ ഒരു പ്രധാന സ്രോതസ്സാണ് സംസ്ഥാന ലോട്ടറികൾ. ജൂലൈയിൽ സംസ്ഥാന നിയമസഭയിൽ സംസാരിക്കവെ, ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ, കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ സംസ്ഥാന ലോട്ടറികളുടെ സമഗ്രമായ നവീകരണം പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചിരുന്നു. നിർദ്ദിഷ്ട നടപടികളിൽ സമ്മാന ഘടന പരിഷ്കരിക്കലും ലോട്ടറി ഏജന്റുമാരുടെ കമ്മീഷനും ഉൾപ്പെടും.

Leave a Comment

More News