വിദ്യാര്‍ത്ഥികളുമായി ‘കലാം’ ചര്‍ച്ചാ വേദി പങ്കിട്ട് ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ്; വേറിട്ട അനുഭവമായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കണ്ണൂര്‍: സാധാരണ ക്ലാസ് മുറിയിലെന്നപോലെ ശ്വാസമടക്കിപ്പിടിച്ച് അച്ചടക്കത്തൊടെ ഇരുന്ന കുട്ടികളോട് ജില്ലാ കളക്ടർ പി വിഷ്ണുരാജ് സംസാരിച്ചു തുടങ്ങിയപ്പോൾ, മുറി ചോദ്യോത്തരങ്ങളും കളിയും ചിരിയും കൊണ്ട് നിറഞ്ഞു.

പാഠപുസ്തകങ്ങളിലെ സാധാരണ പാഠങ്ങൾക്കപ്പുറം മികച്ച ജീവിതപാഠങ്ങൾ പഠിച്ചതിന്റെ സന്തോഷത്തിലാണ് കുട്ടികൾ ചർച്ചാ വേദിയിൽ നിന്ന് മടങ്ങിയത്. ജില്ലാ കളക്ടറുമൊത്തുള്ള കുട്ടികൾക്കുള്ള ആഴ്ചതോറുമുള്ള ചർച്ചാ വേദിയായ ‘കലാം’ പരിപാടി ഇത്തവണയും വിദ്യാർത്ഥികൾക്ക് ഒരു പ്രത്യേക അനുഭവമായിരുന്നു.

കണ്ണൂർ ഭാരതീയ വിദ്യാഭവനിലെയും സെന്റ് മൈക്കിൾസ് ഹൈസ്‌കൂളിലെയും അമ്പതോളം വിദ്യാർത്ഥികളാണ് ഇത്തവണ ‘കളം’ പരിപാടിയിൽ അതിഥികളായെത്തിയത്. കുട്ടികളുടെ വ്യക്തിത്വ വികാസത്തിൽ ഇത്തരം തുറന്ന സംവാദങ്ങൾ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ജില്ലാ കലക്ടർ അഭിപ്രായപ്പെട്ടു.

പഠനം, കരിയർ, ഐ.എ.എസ് തുടങ്ങിയ വിഷയങ്ങൾക്കൊപ്പം തങ്ങൾക്കു ചുറ്റുമുള്ള സാമൂഹിക പ്രശ്നങ്ങളെ കുറിച്ചുള്ള ആശങ്കകളും വിദ്യാർഥികൾ ജില്ലാ കലക്ടറുമായി പങ്കുവച്ചു. മേലെ ചൊവ്വയിലെ ഗതാഗതകുരുക്കിനെ കുറിച്ചുള്ള ഭാരതീയ വിദ്യാഭവനിലെ പത്താം തരം വിദ്യാർത്ഥിനി തൻവി എൻ ജയേഷിന്റെ ചോദ്യത്തിന്, മികച്ച ഗതാഗതം ഉറപ്പാക്കുന്നതിനായുള്ള വികസന പ്രവർത്തനങ്ങൾ നടക്കുന്നത് കൊണ്ടാണ് ഇപ്പോഴുള്ള ബുദ്ധിമുട്ടുകളെന്നും ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്നും കലക്ടർ വ്യക്തമാക്കി. നഗരത്തിലെ നടപ്പാതകളുടെ ശോചനീയാവസ്ഥയെ കുറിച്ചുള്ള നൂഹ എന്ന വിദ്യാർത്ഥിനിയുടെ ആശങ്കയ്ക്ക്, നടപ്പാതകൾ വീണ്ടെടുക്കാനും സംരക്ഷിക്കാനും ജില്ലാഭരണകൂടം മുൻകൈയെടുക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (കൃത്രിമബുദ്ധി) അധ്യാപകർക്ക് പകരമാകുമോ എന്ന ജില്ലാ കലക്ടറുടെ ചോദ്യത്തിന് “ഇല്ല, ഒരിക്കലുമില്ല” എന്നായിരുന്നു വിദ്യാർഥികളുടെ ഒറ്റക്കെട്ടായ മറുപടി. കൃത്രമബുദ്ധിക്ക് ഗുരുനാഥൻമാരെ പോലെ സ്‌നേഹവും അനുകമ്പയും പകർന്നുനൽകാനാവില്ലെന്ന് കുട്ടികൾ മിടുക്കോടെ പറഞ്ഞു.

ഉറക്കം പോലും മാറ്റിവെച്ചുള്ള അമിതമായ മൊബൈൽ ഫോൺ ഉപയോഗത്തെ കുറിച്ചും അതുണ്ടാക്കുന്ന ഗുരുതര പ്രശ്‌നങ്ങളെ കുറിച്ചും ജില്ലാ കലക്ടർ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകി. പഠനത്തോടൊപ്പം ശരിയായ ഉറക്കവും ജീവിത മുന്നേറ്റത്തിന് അനിവാര്യമാണെന്ന് അദ്ദേഹം കുട്ടികളെ ഓർമപ്പെടുത്തി.ജില്ലാ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി കുട്ടികളുമായി പങ്കുവെച്ചു. ഇതിനുപുറമേ കുട്ടികൾക്കായി വിവിധ വ്യക്തിത്വ വികസന ഗെയിമുകളും കളം പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

പരിപാടിയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും ജില്ലാ കളക്ടർ പി. വിഷ്ണുരാജ് പ്രത്യേക ആശംസ കാർഡുകൾ കൈമാറി. കളക്ടറോടൊപ്പം ഗ്രൂപ്പ് ഫോട്ടോയും എടുത്ത ശേഷമാണ് വിദ്യാർഥികൾ സന്തോഷത്തോടെ കളം വിട്ടത്.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News