ഡല്‍ഹിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ അശ്ലീലവും അപമാനകരവുമായ പരാമർശങ്ങൾ നടത്തിയ ആർ‌എസ്‌എസ് നേതാവ് ടി ജി മോഹൻദാസിനെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ ഡല്‍ഹി ജന്തര്‍ മന്തറില്‍ പ്രതിഷേധ പ്രകടനം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ അശ്ലീലവും അപമാനകരവുമായ പരാമർശങ്ങൾ നടത്തിയ ആർഎസ്എസ് നേതാവ് ടിജി മോഹൻദാസിനെതിരെ പോലീസ് കേസെടുത്തു. എഐവൈഎഫ് നേതാവ് ജിസ്മോന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിറ്റി സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മോഹൻദാസിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

ചൊവ്വാഴ്ച അന്വേഷണത്തിന് മേൽനോട്ടം വഹിച്ചിരുന്ന ഐജി പി. പ്രകാശിന് പരാതികൾ ലഭിച്ചു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യാൻ അദ്ദേഹം സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. മോശം പരാമർശങ്ങൾ നടത്തിയതിനും അക്രമത്തിന് പ്രേരിപ്പിക്കുന്നതിനുമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.

നേരത്തെ, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ മോഹൻദാസിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അശ്ലീലവും പ്രകോപനപരവുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഉടൻ തന്നെ അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് അവർ പറഞ്ഞു. സമൂഹത്തിൽ വിദ്വേഷം വളർത്താൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും അത്തരം പരാമർശങ്ങൾ അനുവദിക്കരുതെന്നും അവർ പറഞ്ഞു.

എ.ഐ.വൈ.എഫിന് പുറമെ എസ്.എഫ്.ഐ, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് എന്നീ സംഘടനകളും മോഹൻദാസിനെതിരെ പരാതി നൽകി. തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ സമരം ചെയ്യുന്നവരെ വെടിവച്ചുകൊല്ലുമായിരുന്നു എന്നാണ് മോഹൻദാസ് വിഡിയോയിൽ പറഞ്ഞത്. ജന്തർ മന്തറിൻ്റെ നാല് കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിക്കുകയും ആളുകളോട് പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടുകയും ചെയ്യും. തുടർന്ന് വെടിവയ്ക്കും. ആളുകൾ ചിതറിയോടുമ്പോൾ കുറേപ്പേർ മരിക്കുകയും ചിലർക്ക് അംഗഭംഗം സംഭവിക്കുകയും ചെയ്യും. ഏകദേശം നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകുമ്പോൾ മൃതദേഹങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും എന്നായിരുന്നു ആദ്യത്തെ പ്രസ്താവന. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ വലിയ ജനരോഷം രാജ്യതലസ്ഥാനത്ത് അലയടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ പുറത്തുവന്നത്.

ഇതിനു പിന്നാലെ സ്ത്രീത്വത്തെ അപമാനിക്കുന്ന മറ്റൊരു വിഡിയോയും അദ്ദേഹം പങ്കുവച്ചു. സമരമുഖത്ത് കൂട്ടബലാത്സംഗം നടക്കുമെന്നും അതിൽ പരാതിയുണ്ടാകില്ലെന്നും മോഹൻദാസ് പറഞ്ഞു. ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണ് അവിടെയുള്ള ഇടതു മതേതര ജനാധിപത്യ വിശ്വാസികളായ പെൺകുട്ടികളെന്നും അദ്ദേഹം അധിക്ഷേപിച്ചു. മുൻപും ടിജി മോഹന്‍ദാസിന്‍റെ വിദ്വേഷ പരാമര്‍ശങ്ങള്‍ കേരളത്തില്‍ വിവാദത്തിന് വഴി വെച്ചിട്ടുണ്ട്. ഈ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചതോടെയാണ് വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ശക്തമായത്.

പ്രസ്താവനകൾ ദേശീയതലത്തിൽ തന്നെ വലിയ വിവാദമായതോടെ മോഹൻദാസിനെ തള്ളി ആർഎസ്എസ് രംഗത്തെത്തി. ടി.ജി.മോഹൻദാസ് സംഘടനയിൽ ഒരു തരത്തിലുള്ള ചുമതലയും വഹിക്കുന്നില്ലെന്നും അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്നും ആർഎസ്എസ് ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹ് കെ.ബി.ശ്രീകുമാർ വ്യക്തമാക്കി. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മുൻ മന്ത്രി ധർമേന്ദ്ര പ്രധാനെ സംരക്ഷിക്കുന്നത് ആർഎസ്എസ് നേതൃത്വമാണെന്ന തരത്തിൽ നേരത്തെ വിമർശനമുയർന്നിരുന്നു. ആരോപണം നിഷേധിച്ച് ആർഎസ്എസ് രംഗത്തെത്തുകയും ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുകയും ചെയ്തതിൻ്റെ ആശ്വാസത്തിലായിരുന്നു നേതൃത്വം. ഇതിനിടെയാണ് മോദി സർക്കാരിനെപ്പോലും പ്രതിസന്ധിയിലാക്കുന്ന തരത്തിൽ മുൻ നേതാവിൻ്റെ പ്രസ്താവന പുറത്തുവന്നത്. കേന്ദ്ര നേതൃത്വത്തിൻ്റെ കർശന നിർദേശപ്രകാരമാണ് കെ.ബി.ശ്രീകുമാർ വിശദീകരണവുമായി എത്തിയതെന്നാണ് സൂചന.

Leave a Comment

More News