എസ്.എൻ.ഡി.പി. യോഗം: രൂപീകരണം, ചരിത്രം, ശ്രീ നാരായണഗുരുവിന്റെ ദർശനം
കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ ഏറ്റവും നിർണായകമായ സംഘടിത മുന്നേറ്റങ്ങളിലൊന്നാണ് ശ്രീ നാരായണ ധർമ്മപരിപാലന യോഗം എന്ന എസ്.എൻ.ഡി.പി. യോഗത്തിന്റെ രൂപീകരണം. ഒരു ആത്മീയ ഗുരുവിന്റെ ദർശനം എങ്ങനെ ഒരു സംഘടിത സാമൂഹിക പ്രസ്ഥാനമായി മാറാമെന്നതിന് കേരള ചരിത്രം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണങ്ങളിലൊന്നാണിത്. ശ്രീനാരായണ ഗുരു മനുഷ്യന്റെ ആത്മീയ ഉന്നമനത്തെക്കുറിച്ച് മാത്രമല്ല ചിന്തിച്ചത്; വിദ്യാഭ്യാസം, സംഘടന, സാമ്പത്തിക സ്വയംപര്യാപ്തത, സാമൂഹിക സമത്വം, ആത്മാഭിമാനം എന്നിവയിലൂടെ മനുഷ്യന്റെ ജീവിതനിലവാരം തന്നെ മാറ്റണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. ആ ചിന്തകൾക്ക് സംഘടിതമായ പ്രവർത്തനരൂപം നൽകുന്നതിൽ എസ്.എൻ.ഡി.പി. യോഗം നിർണായക പങ്കു വഹിച്ചു.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കേരളത്തിലെ സാമൂഹിക സാഹചര്യം കടുത്ത ജാതി വിവേചനത്തിന്റെ പിടിയിലായിരുന്നു. വിദ്യാഭ്യാസം, തൊഴിൽ, ഭരണസംവിധാനം, പൊതുജീവിതം, ക്ഷേത്രാരാധന തുടങ്ങിയ മേഖലകളിൽ സാമൂഹിക അസമത്വം നിലനിന്നിരുന്നു. വ്യക്തികളുടെ ഒറ്റപ്പെട്ട ശ്രമങ്ങൾക്കപ്പുറം ഒരു സംഘടിത സാമൂഹിക ശക്തി ആവശ്യമാണ് എന്ന തിരിച്ചറിവ് ക്രമേണ വളർന്നു. ഡോ. പൽപ്പുവിന്റെ സാമൂഹിക ഇടപെടലുകളും ശ്രീ നാരായണ ഗുരുവിന്റെ ആത്മീയ-സാമൂഹിക ദർശനവും ഈ സംഘടിത മുന്നേറ്റത്തിന് ശക്തമായ അടിത്തറയായി.
1903 മെയ് 15-ന് എസ്.എൻ.ഡി.പി. യോഗം ഔപചാരികമായി രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം കമലാലയം ബംഗ്ലാവിൽ നടന്ന യോഗത്തിലാണ് സംഘടനയുടെ രൂപീകരണത്തിന് രൂപം ലഭിച്ചത്. ശ്രീ നാരായണ ഗുരു സംഘടനയുടെ ആദ്യ പ്രസിഡന്റായി. ഗുരുവിന്റെ ആഗ്രഹ പ്രകാരം കുമാരനാശാൻ ജനറൽ സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തു. ഡോ. പൽപ്പുവിന്റെ സംഘടനാപരമായ ശ്രമങ്ങളും സാമൂഹിക ബോധവൽക്കരണവും ഈ രൂപീകരണത്തിൽ പ്രധാന പങ്കു വഹിച്ചു.
എസ്.എൻ.ഡി.പി. യോഗത്തിന്റെ ലക്ഷ്യം ഒരു സമുദായത്തിന്റെ മാത്രം സാമ്പത്തികമോ സാമൂഹികമോ ആയ ഉയർച്ചയല്ലായിരുന്നു. പിന്നാക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം, വ്യവസായം, കൈത്തൊഴിൽ, ക്ഷേത്ര നിർമാണം തുടങ്ങിയ മേഖലകളിൽ സഹായവും പ്രോത്സാഹനവും നൽകുകയും ശ്രീ നാരായണ ഗുരുവിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളിൽ ചിലത്. 1904-ൽ കുമാരനാശാന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവേകോദയം മാസിക സംഘടനയുടെ ആശയങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന പ്രധാന മാധ്യമമായി മാറി.
എസ്.എൻ.ഡി.പി. യോഗത്തിന്റെ ആത്മാവായി നിലകൊണ്ടത് ഗുരുവിന്റെ സാമൂഹിക ദർശനമായിരുന്നു. ഗുരു സംഘടനയുടെ ദൈനംദിന ഭരണപരമായ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെട്ടിരുന്നില്ലെങ്കിലും, സംഘടനയുടെ ലക്ഷ്യങ്ങൾക്കും പ്രവർത്തനങ്ങൾക്കും ദിശാബോധം നൽകിയത് അദ്ദേഹത്തിന്റെ ചിന്തകളായിരുന്നു. മനുഷ്യന്റെ പുരോഗതിക്ക് വിദ്യാഭ്യാസവും സംഘടനയും സാമ്പത്തിക സ്വയംപര്യാപ്തതയും അനിവാര്യമാണെന്ന് അദ്ദേഹം നിരന്തരം ഓർമ്മിപ്പിച്ചു. ജാതിയുടെ പേരിലുള്ള അപമാനത്തിൽ നിന്ന് മോചനം നേടാൻ ആദ്യം മനുഷ്യൻ തന്റെ അന്തസ്സിനെ തിരിച്ചറിയണം; അതിനുശേഷം അറിവും സംഘടനാശക്തിയും ഉപയോഗിച്ച് സമൂഹത്തെ ഉയർത്തണം എന്നായിരുന്നു അദ്ദേഹത്തിന്റെ സമീപനം.
ഗുരുവിന്റെ ദർശനത്തിൽ വിദ്യാഭ്യാസം സാമൂഹിക വിമോചനത്തിന്റെ ഏറ്റവും ശക്തമായ ആയുധമായിരുന്നു. വിദ്യാഭ്യാസം വെറും തൊഴിൽ നേടാനുള്ള മാർഗമല്ലെന്നും മനുഷ്യനെ ചിന്തിക്കാനും വിവേചിക്കാനും സ്വതന്ത്രമായി തീരുമാനിക്കാനും പ്രാപ്തനാക്കുന്ന ശക്തിയാണെന്നും അദ്ദേഹം കരുതി. അതുകൊണ്ടുതന്നെ എസ്.എൻ.ഡി.പി. യോഗത്തിന്റെ പ്രവർത്തനങ്ങളിൽ വിദ്യാഭ്യാസത്തിന് പ്രത്യേക സ്ഥാനം ലഭിച്ചു. വിവിധ പ്രദേശങ്ങളിൽ ശാഖകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വായനശാലകളും രൂപപ്പെടുകയുംപിന്നാക്ക സമൂഹങ്ങളിൽ വിദ്യാഭ്യാസ ബോധം വളരുകയും ചെയ്തു. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും സാമൂഹിക മുന്നേറ്റത്തിനും കൂടുതൽ പ്രാധാന്യം ലഭിക്കുന്ന അന്തരീക്ഷവും ക്രമേണ രൂപപ്പെട്ടു.
വിദ്യാഭ്യാസത്തോടൊപ്പം സാമ്പത്തിക സ്വയംപര്യാപ്തതയ്ക്കും സംഘടന പ്രാധാന്യം നൽകി. തൊഴിൽ ചെയ്യുന്നതിൽ അപമാനമില്ലെന്നും കൈത്തൊഴിലും വ്യവസായവും സ്വയം പര്യാപ്തമായ ജീവിതത്തിന്റെ അടിസ്ഥാനമാണെന്നും ഗുരു പഠിപ്പിച്ചു. കൃഷി, കൈത്തൊഴിൽ, ചെറുകിട വ്യവസായം തുടങ്ങിയ മേഖലകളിൽ മുന്നേറാൻ സമൂഹത്തെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹിക സമത്വം നിയമപരമായി മാത്രം നേടാനാവില്ലെന്നും, സാമ്പത്തിക ശക്തിയും ആത്മാഭിമാനവും അതിന് ആവശ്യമാണെന്നും ഈ സമീപനം വ്യക്തമാക്കുന്നു.
എസ്.എൻ.ഡി.പി. യോഗത്തിന്റെ മറ്റൊരു പ്രധാന സംഭാവന സാമൂഹിക ബോധവൽക്കരണമായിരുന്നു. മനുഷ്യന്റെ ജനനം അവന്റെ മഹത്വത്തിന്റെയോ അധമത്വത്തിന്റെയോ മാനദണ്ഡമല്ലെന്ന ഗുരുവിന്റെ ആശയം സംഘടനയിലൂടെ വ്യാപകമായി പ്രചരിച്ചു. ജാതിവ്യവസ്ഥയുടെ അനീതിയെ ചോദ്യം ചെയ്യാനും വിദ്യാഭ്യാസത്തിലൂടെ മുന്നേറാനും പരസ്പരം സഹകരിക്കാനും ജനങ്ങളിൽ ആത്മവിശ്വാസം വളർത്താനും യോഗത്തിന്റെ പ്രവർത്തനങ്ങൾ സഹായിച്ചു. ഈ സംഘടനാശക്തിയാണ് പിന്നീട് കേരളത്തിലെ നിരവധി സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾക്ക് പശ്ചാത്തലമൊരുക്കിയത്.
എസ്.എൻ.ഡി.പി. യോഗത്തിന്റെ വളർച്ചയിൽകുമാരനാശാനും ഡോ. പൽപ്പുവും മാത്രമല്ല,പിന്നീട് വിവിധ കാലഘട്ടങ്ങളിൽ പ്രവർത്തിച്ചനിരവധി നേതാക്കൾക്കും നിർണായകപങ്കുണ്ടായിരുന്നു. അവരിൽ പ്രത്യേകിച്ച് ആർ. ശങ്കറിന്റെ സേവനം പ്രത്യേകംപരാമർശിക്കേണ്ടതാണ്. അധ്യാപകനായുംഅഭിഭാഷകനായും പൊതുപ്രവർത്തകനായുംവളർന്ന ആർ. ശങ്കർ എസ്.എൻ.ഡി.പി.യോഗവുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും1944 മുതൽ ജനറൽ സെക്രട്ടറിയായിദീർഘകാലം സംഘടനയെ നയിക്കുകയുംചെയ്തു. തുടർന്ന് അദ്ദേഹം യോഗത്തിന്റെപ്രസിഡന്റായും എസ്.എൻ. ട്രസ്റ്റിന്റെനേതൃത്വത്തിലും പ്രവർത്തിച്ചു.
ആർ. ശങ്കറിന്റെ നേതൃത്വകാലത്ത്വിദ്യാഭ്യാസത്തിന് പ്രത്യേക പ്രാധാന്യം ലഭിച്ചു. സംഘടനയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെകൂടുതൽ വിപുലീകരിക്കുന്നതിനുംസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും അദ്ദേഹംശ്രദ്ധ നൽകി. 1952-ൽ എസ്.എൻ. ട്രസ്റ്റ്രൂപീകരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെനടത്തിപ്പിന് കൂടുതൽ സംഘടിതമായസംവിധാനം ഒരുക്കിയതും അദ്ദേഹത്തിന്റെപ്രധാന സംഭാവനകളിലൊന്നാണ്. 1953-ൽഎസ്.എൻ.ഡി.പി. യോഗത്തിന്റെസുവർണജൂബിലി ആഘോഷങ്ങൾസംഘടിപ്പിക്കുന്നതിലും അദ്ദേഹം പ്രധാനപങ്കുവഹിച്ചു. ഈ ഘട്ടത്തിൽ എസ്.എൻ.ഡി.പി.യോഗം ഒരു സാമൂഹിക സംഘടന എന്ന പരിധികടന്ന് വിദ്യാഭ്യാസ-സാംസ്കാരിക രംഗങ്ങളിൽശക്തമായ സ്ഥാപനശൃംഖലയായി വളരുന്നതിന്ആർ. ശങ്കറിന്റെ നേതൃത്വവും സഹായകമായി.
ആർ. ശങ്കറിന്റെ പ്രവർത്തനങ്ങളെ ഗുരുവിന്റെഅടിസ്ഥാന ദർശനത്തിന്റെ ഒരു സ്ഥാപനപരമായതുടർച്ചയായി കാണാം. ഗുരുവിദ്യാഭ്യാസത്തിലൂടെ സമൂഹത്തെപ്രബുദ്ധമാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ, ശങ്കർവിദ്യാഭ്യാസ സ്ഥാപനങ്ങൾവികസിപ്പിക്കുന്നതിനും അവയെ ദീർഘകാലംനിലനിർത്തുന്നതിനുമുള്ള സംഘടനാപരമായസംവിധാനങ്ങൾ ശക്തിപ്പെടുത്തി. അതിനാൽഗുരുവിന്റെ ആശയത്തെ പ്രായോഗികസ്ഥാപനങ്ങളാക്കി മാറ്റിയ നേതൃനിരയിലെപ്രധാന വ്യക്തികളിൽ ഒരാളായിരുന്നു ആർ. ശങ്കർ എന്ന് പറയാം.
എസ്.എൻ.ഡി.പി. യോഗത്തിന്റെ ചരിത്രംകേരളത്തിലെ സാമൂഹിക മാറ്റത്തിന്റെചരിത്രവുമായി വേർതിരിക്കാനാവാത്ത വിധംബന്ധപ്പെട്ടിരിക്കുന്നു. വൈക്കം സത്യാഗ്രഹംഉൾപ്പെടെയുള്ള സാമൂഹിക അവകാശപ്രസ്ഥാനങ്ങളിലും പിന്നീട്ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടമുന്നേറ്റങ്ങളിലും സംഘടനയും അതിന്റെപ്രവർത്തകരും പങ്കുവഹിച്ചു. എന്നാൽസംഘടനയുടെ ചരിത്രത്തെ ഒരുസമുദായസംഘടനയുടെ വളർച്ചയായി മാത്രംകാണുന്നത് ഗുരുവിന്റെ വിശാലമായ ദർശനത്തെചുരുക്കിക്കാണിക്കുന്നതായിരിക്കും.സംഘടനയുടെ അടിസ്ഥാനത്തിൽ ഉണ്ടായിരുന്നലക്ഷ്യം മനുഷ്യന്റെ സാമൂഹികഉന്നമനമായിരുന്നു.
ചരിത്രപരമായി എസ്.എൻ.ഡി.പി.യോഗത്തെക്കുറിച്ച് വ്യത്യസ്തവിലയിരുത്തലുകൾ ഉണ്ടായിട്ടുണ്ട്. ചിലർഅതിനെ പിന്നാക്കസമൂഹത്തിന്റെ സംഘടിതമുന്നേറ്റത്തിനുള്ള ശക്തമായ ഉപകരണമായികാണുമ്പോൾ, ചിലർ പിന്നീട് അത് ഒരുസമുദായസംഘടനയുടെ സ്വഭാവത്തിലേക്ക്കൂടുതൽ ചുരുങ്ങിയതായി വിമർശിക്കുന്നു. ഈവിമർശനങ്ങൾക്കിടയിലും, അതിന്റെരൂപീകരണത്തിന് പിന്നിലെ ശ്രീ നാരായണഗുരുവിന്റെ ദർശനം ഒരു വിശാലമായമനുഷ്യകേന്ദ്രിത സാമൂഹിക ദർശനമായിരുന്നുഎന്നത് പ്രത്യേകം തിരിച്ചറിയേണ്ടതാണ്.
ഗുരുവിന്റെ ലക്ഷ്യം ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിന് മുകളിൽ സ്ഥാപിക്കുകയായിരുന്നില്ല. മനുഷ്യനെ ജാതിയുടെ ചങ്ങലയിൽ നിന്ന് മോചിപ്പിക്കുകയും അറിവിലൂടെ പ്രബുദ്ധനാക്കുകയുംസംഘടനയിലൂടെ ശക്തിപ്പെടുത്തുകയും തൊഴിലും വിദ്യാഭ്യാസവും വഴി സ്വയംപര്യാപ്തനാക്കുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതുകൊണ്ടാണ് എസ്.എൻ.ഡി.പി. യോഗത്തിന്റെ ചരിത്രപ്രാധാന്യം ഒരു സമുദായത്തിന്റെ സംഘടനാപരമായ വളർച്ചയിൽ മാത്രം ഒതുങ്ങാത്തത്. കേരളത്തിൽവിദ്യാഭ്യാസത്തിന്റെയും ആത്മാഭിമാനത്തിന്റെയും സാമൂഹിക സംഘടനയുടെയും പുതിയ സംസ്കാരം വളരുന്നതിൽ അത് നിർണായക പങ്കുവഹിച്ചു.
അവസാനം, എസ്.എൻ.ഡി.പി. യോഗത്തെ ശ്രീനാരായണ ഗുരുവിന്റെ ദർശനത്തിന്റെ ഒരു പ്രായോഗിക സാമൂഹിക ഉപകരണം എന്ന നിലയിലാണ് മനസ്സിലാക്കേണ്ടത്. ഗുരു മുന്നോട്ടു വച്ച ആത്മീയതയും സമത്വവും വിദ്യാഭ്യാസവും സംഘടനയും സാമ്പത്തിക സ്വയം പര്യാപ്തതയും വിവിധ തലമുറകളിലെപ്രവർത്തകർ വ്യത്യസ്ത രീതികളിൽ സമൂഹത്തിലേക്ക് എത്തിച്ചു. ഡോ. പൽപ്പുവിന്റെ സാമൂഹിക ഉണർവും കുമാരനാശാന്റെ ആശയ-സാഹിത്യ പ്രവർത്തനവും ടി. കെ. മാധവന്റെ സാമൂഹിക അവകാശപ്രസ്ഥാനവും ആർ. ശങ്കറിന്റെ വിദ്യാഭ്യാസ-സ്ഥാപന നിർമാണവും ഈ ദീർഘമായ ചരിത്രയാത്രയിലെ വ്യത്യസ്ത അധ്യായങ്ങളാണ്. അതുകൊണ്ടുതന്നെ എസ്.എൻ.ഡി.പി. യോഗത്തിന്റെ ചരിത്രം ഒരു സംഘടനയുടെ ചരിത്രം മാത്രമല്ല; ഒരു ഗുരുവിന്റെ ദർശനം എങ്ങനെ ജനങ്ങളുടെ സംഘടിത ശക്തിയായി മാറി, ആ ശക്തി എങ്ങനെ വിദ്യാഭ്യാസത്തിന്റെയും ആത്മാഭിമാനത്തിന്റെയും സാമൂഹിക മുന്നേറ്റത്തിന്റെയും വഴി തുറന്നു എന്നതിന്റെ ചരിത്രം കൂടിയാണ്.
(…..തുടരും)
