ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഓഗസ്റ്റ് 7 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്.
(Zoom Meeting Link – https://us02web.zoom.us/j/81475259178 Passcode: 2990
Meeting ID: 814 7525 9178)
“ജനാധിപത്യം തുടങ്ങുന്നത് നമ്മൾ ഈ ലോകത്തെ ശ്രദ്ധിക്കുമ്പോഴാണ്.”
ലോകത്തെ ഏറ്റവും പാവപ്പെട്ട പ്രസിഡന്റ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഉറുഗ്വായൻ പ്രസിഡന്റ് ഹൊസെ മുഹീക (José Mujica) ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഏറ്റവും പ്രസിദ്ധി നേടിയ ഒരു രാഷ്ട്രത്തലവനായിരുന്നു. മാത്രമല്ല, ലോകമെമ്പാടുമുള്ള രാഷ്ട്രീയ നേതാക്കൾക്ക് മികച്ച ഒരു മാതൃക കൂടിയാണ് അദ്ദേഹം. ലാറ്റിനമേരിക്കക്കാർ സ്നേഹപൂർവ്വം വിളിക്കുന്ന ‘പെപ്പെ’ ഹൊസെ മുഹീക ഒരു രാജ്യത്തിൻറെ രാഷ്ട്രപതി എന്നതിനുപരിയായി യുണൈറ്റഡ് നേഷൻസിലും (United Nations) ആഗോള പരിസ്ഥിതി സമ്മേളനങ്ങളിലും (World Environment Summit) തീപ്പൊരി പ്രസംഗങ്ങൾ നടത്തി വിവിധ രാജ്യങ്ങളിലെ മാധ്യമങ്ങളെ ഉള്ളം കയ്യിലെടുത്ത ഒരു വ്യക്തി കൂടിയായിരുന്നു. മേൽപ്പറഞ്ഞ സമ്മേളനങ്ങളിലെല്ലാം അദ്ദേഹം വിശദീകരിക്കാൻ ശ്രമിച്ചത് മുതലാളിത്തത്തിന്റെ പടർന്നുകയറ്റത്തെത്തുടർന്ന് ആധുനിക മനുഷ്യരുടെ അമിതമായ ഉപഭോഗാസക്തി (Consumerism), പ്രകൃതിയോടുള്ള അവരുടെ കടന്നാക്രമണം, അതേത്തുടർന്നുള്ള കാലാവസ്ഥാവ്യതിയാനം എന്നീ വിഷയങ്ങളായിരുന്നു. കമ്മ്യൂണിസ്ററ് തത്വശാസ്ത്രത്തെ സ്വന്തം ജീവിതത്തിൽ ഇത്രമാത്രം പകർത്തിയെഴുതിയ അദ്ദേഹത്തിന്റെയും, പത്നി ലുസീയ ടോപൊലാൻസ്കിയുടെയും രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾ അപൂർവങ്ങളിൽ അപൂർവമാണ്.
ഈ കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ സാഹിത്യവേദി അംഗം ലക്ഷ്‌മി നായരുടെ ഉറുഗ്വായൻ സന്ദർശനത്തിനിടെ, 2025-ൽ അന്തരിച്ച പെപ്പെയുടെ വീട്ടിൽ പോകാനും ലുസീയ ടോപൊലാൻസ്കിയെ നേരിട്ട് കാണാനുമുള്ള ഭാഗ്യം ലഭിച്ചു. ആ അനുഭവവും അവരുമായുള്ള സംഭാഷണവുമാണ് അടുത്ത ഷിക്കാഗോ സാഹിത്യവേദിയിൽ ലക്ഷ്‌മി നായർ പങ്കുവെക്കുന്നത്.
തൃശ്ശൂർ ജില്ലയിലെ ആറാട്ടുപുഴ സ്വദേശിയായ ലക്ഷ്‌മി നായർ ഷിക്കാഗോയിൽ താമസിക്കുന്നു. സയന്റിസ്റ്റും, എഴുത്തുകാരിയുമായ ലക്ഷ്മി ഇരുപത്തഞ്ചോളം ശാസ്ത്രീയ ലേഖനങ്ങളുടെ രചയിതാവാണ്. ഇംഗ്ലീഷിൽ “എ ലാമെന്റ് (A Lament)” എന്ന കവിതാസമാഹാരത്തിനും പുറമെ, നിരവധി ഇംഗ്ലീഷ് കവിതാസമാഹാരങ്ങളിൽ ലക്ഷ്മിയുടെ കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. “First Walk” എന്ന ഇംഗ്ലീഷ് കവിത Pushcart Prize അവാർഡിന് നോമിനേറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ “Old Faithful” എന്ന കവിതക്ക് Highland Park Poetry നടത്തിയ 2022 Poetry Challenge-ൽ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.
മലയാളത്തിൽ, “എല്ലിസ് ഐലന്റിൽനിന്ന്” എന്ന അനുഭവം/ഓർമ്മ സമാഹാരത്തിന്റെ എഡിറ്ററായും ലക്ഷ്മി പ്രവർത്തിച്ചിട്ടുണ്ട്.
മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച ലക്ഷ്മിയുടെ “ലാറ്റിനമേരിക്കൻ യാത്രകൾ” എന്ന പുസ്തകത്തിന് 2022-ൽ ഫൊക്കാന നടത്തിയ സാഹിത്യമത്സരത്തിൽ മികച്ച യാത്രാവിവരണത്തിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.
പ്രസിദ്ധ ലാറ്റിൻ അമേരിക്കൻ കവിയും നോബൽ സമ്മാന ജേതാവുമായ ഗാബ്രിയേല മിസ്ത്രാലിന്റെ കവിതകളുടെ പരിഭാഷ സമാഹാരം ‘ചിലിയുടെ മണ്ണ്’ എന്ന പേരിൽ ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മിസ്ത്രാലിൻ്റെ ചിലിയിലുള്ള മ്യൂസിയത്തിൽ ഈ പുസ്തകം പ്രദർശിപ്പിച്ചിട്ടുണ്ട്.
ജൂൺ മാസ സാഹിത്യവേദിയിൽ “ഡിജിറ്റൽ യുഗത്തിൽ മലയാള സാഹിത്യപൈതൃക സംരക്ഷണം” എന്ന വിഷയത്തിൽ ഹൈസ്ക്കൂൾ മലയാളം അധ്യാപകനായിരുന്ന കോഴിക്കോട് സ്വദേശി ശ്രീ പ്രവീൺ വർമ്മ അവതരിപ്പിച്ച ചർച്ച ഏറെ പ്രയോജനപ്രദമായിരുന്നു.
എല്ലാ സാഹിത്യ സ്നേഹികളേയും ഓഗസ്റ്റ് മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
ലക്ഷ്മി നായർ 847 401 8821
പ്രസന്നൻ പിള്ള 630 935 2990
ജോൺ ഇലക്കാട് 773 282 4955
