മോഹിനിയാട്ടത്തിന്റെ വേഷം ധരിച്ച രണ്ട് ചെറിയ കുട്ടികൾ നിന്ന് കരയുകയാണ്. കൂടെയുള്ള പേരെന്റ്സ് അവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഒപ്പം തമിഴിൽ എന്തൊക്കെയോ പറഞ്ഞ് അവരുടെ അസ്വസ്‌ഥയും ദേഷ്യവും പ്രകടിപ്പിക്കുന്നുമുണ്ട്. ഫൊക്കാനാ കൺവെൻഷന്റെ ഒരു ഒഴിഞ്ഞ മൂലയിൽ അവരെ കണ്ടപ്പോൾ, മലയാളികൾ ഒത്തുകൂടുന്ന ഫൊക്കാനയിൽ ഈ തമിഴർക്ക് എന്ത് കാര്യം എന്ന ചിന്തയാണ് ആദ്യം മനസ്സിൽ വന്നത്. ഏതെങ്കിലും തരത്തിൽ അവരെ സഹായിക്കാൻ കഴിയുമെങ്കിൽ അത് ചെയ്യാമെന്ന് കരുതി അടുത്ത് ചെന്നു. സമയം 4 മണിയായി. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ കയറിപ്പറ്റാൻ 1500 പേരെ പങ്കെടുപ്പിച്ചു ഫൊക്കാന നടത്തുന്ന മോഹിനിയാട്ട പഠന പരിപാടിയിൽ പങ്കെടുക്കാൻ മലയാളികളായ സുഹ്രത്തുക്കളുടെ നിർബന്ധം കൊണ്ട് വന്നവരാണവർ. ഉച്ചക്ക് 12 മണി മുതൽ ഒരുങ്ങി നിൽക്കുന്നതാണ് ആ പാവം കുട്ടികൾ. 4 മണിക്ക് തുടങ്ങേണ്ടതാണ് മോഹിനിയാട്ടം. പക്ഷെ 4 മണി ആയപ്പോഴും ഗിന്നസിൽ കയറാനുള്ള 500 പേരുടെ ചെണ്ടമേളം നടക്കുന്നതേയുള്ളൂ. ഇനി അത് കഴിഞ്ഞിട്ട് വേണം മോഹിനിയാട്ടം തുടങ്ങാൻ. തുടങ്ങിയാൽ അതും നീളും ഒരു മണിക്കൂറിലേറെ. കാരണം ഇത് മോഹിനിയാട്ടം പെർഫോമൻസ് അല്ല. പഠനമാണ്. ഗിന്നസിൽ കയറിയാലും Largest Mohiniyattam Lesson Ensemble എന്ന വിഭാഗത്തിലാണ് പേര് വരുന്നത്. കുട്ടികൾ മടുത്തു. പരെന്റ്സ് നും ക്ഷമ നശിച്ചു. ഈ വേഷവും ധരിച്ച് ചിലങ്കയും കെട്ടി ഒന്ന് വാഷ്‌റൂമിൽ പോകാൻ പോലും കുഞ്ഞുങ്ങൾക്ക് സാധിക്കുന്നില്ല. അതിന്റെ വിഷമവും സങ്കടവുമാണ് കരച്ചിലായി മാറിയത്. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കാൻ….. അന്ന് മുഴുവൻ മനസ്സിൽ നിറഞ്ഞത് ഒരു ചോദ്യമായിരുന്നു.
എന്ത് കൊണ്ടാണ് നമ്മൾ മലയാളികൾ ഗിന്നസിൽ കയറാൻ ഇങ്ങനെ ഓരോ പോഴത്തരം കാട്ടിക്കൂട്ടുന്നത് ? ആർക്കെന്ത് നേട്ടം. ആർക്കെന്ത് ഗുണം. ആയിരകണക്കിന് പേരെ ഒരിടത്ത് ഒരേ സമയത്ത് എത്തിക്കുന്നത് ഒരു Organizational Achievement ആയിരിക്കാം. അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ പ്രയത്നത്തെ മാനിക്കുന്നു.
പക്ഷെ ആളെണ്ണം മികവിന്റെ ഒരു അളവ് കോലല്ല. ഗിന്നസ് സർട്ടിഫിക്കറ്റ് ഏതെങ്കിലും തരത്തിലുള്ള മഹത്വത്തിന്റെ സർട്ടിഫിക്കറ്റും അല്ല. വർഷങ്ങൾ നീണ്ട പരിശീലനം കൊണ്ട് ഒരാൾ ആർജ്ജിക്കുന്ന വ്യക്തിഗതമായ മികവിനോ കഴിവിനോ ഉള്ള അംഗീകാരവുമല്ല. (അങ്ങനെയുള്ള അപൂർവ്വം ചില കേസുകൾ ഉണ്ടാവാം). എന്നാലും ഒരു കാര്യത്തെ ഒരു നേട്ടമായി പരിഗണിക്കണമെങ്കിൽ, അതിന്റെ ആശയം എന്തായിരുന്നു? അത് കൊണ്ട് എന്ത് ഗുണമുണ്ടായി? പുതുതായി അത് എന്താണ് നമ്മുടെ കമ്മ്യുണിറ്റിക്ക് സംഭാവന ചെയ്തത് എന്ന ചോദ്യങ്ങൾക്ക് ഉത്തരമുണ്ടാവണം. ഈ ചോദ്യങ്ങൾക്ക് ഉത്തരമില്ലായെങ്കിൽ പിന്നെ ഇതിനെ വിളിക്കാൻ പറ്റുന്ന പേര് പോഴത്തരങ്ങളുടെ ഗിന്നസ് റെക്കോർഡ് എന്ന് തന്നെയാണ്.
നമ്മൾ മലയാളികൾ ഈ പോഴത്തരങ്ങളുടെ ഗിന്നസ് റെക്കോർഡ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. രണ്ട് വർഷം മുമ്പാണ് കൊച്ചിയിൽ ഒരു പ്രൈവറ്റ് കമ്പനി 10,500 പേരെ പങ്കെടുപ്പിച്ച് ഗിന്നസ് ബുക്കിൽ കയറാൻ ഭരതനാട്യം സംഘടിപ്പിച്ചത്. അതിനോടനുബന്ധിച്ചുണ്ടായ വിവാദങ്ങളും നിങ്ങളുടെ ഓർമ്മയിൽ ഉണ്ടാവും. സുരക്ഷാ ക്രമീകരണങ്ങളുടെ പിഴവ് കൊണ്ട് MLA ഉമാ തോമസിനുണ്ടായ വീഴ്ചയും പരിക്കും…. കുട്ടികൾ വെള്ളം പോലും കിട്ടാതെ വെയിലത്ത് വലഞ്ഞത്….. ഇതെല്ലം സഹിക്കാൻ അവർക്ക് 3500 രൂപ കൊടുത്ത് രജിസ്റ്റർ ചെയ്യണമായിരുന്നു. കൂടാതെ കോസ്ട്യുമിന് 1500 വേറെയും. അങ്ങനെ 5100 രൂപ കൊടുത്ത് ഇതെല്ലാം സഹിച്ചാൽ, അവർക്ക് കിട്ടുന്നത്, 10500 പേര് പങ്കെടുത്ത ഒരു ഭരതനാട്യം പ്രോഗ്രാമിൽ നിങ്ങളും പങ്കെടുത്തിരുന്നു എന്ന പങ്കാളിത്ത സർട്ടിഫിക്കറ്റ് ആണ്. ആർക്കെന്ത് ഗുണം? ഗുണം ഉണ്ട്. നടത്തിയവർക്ക്. അവർക്ക് മാത്രം.
2017 ൽ ഇത് പോലെ കിഴക്കമ്പലത്ത് 6500 പേരെ പങ്കെടുപ്പിച്ച് നമ്മൾ കൈകൊട്ടി കളി നടത്തിയും ഗിന്നസിൽ കയറിപറ്റിയിട്ടുണ്ട്.
ഇങ്ങനെ മോഹിനിയാട്ടവും ഭാരത നാട്യവും കൈകൊട്ടി കളിയും മാത്രമല്ല, ഓരോരോ വേഷം ധരിച്ചും നമ്മൾ ഇന്ത്യക്കാർക്ക് ഗിന്നസിൽ കയറാൻ വലിയ താത്പര്യമാണ്. ഒരു വർഷം ബാംഗ്ലൂരിൽ 4605 പേർ ഗാന്ധിയുടെ വേഷം ധരിച്ച് ഗിന്നസ് ബുക്കിൽ കയറിയപ്പോൾ അതിനെ തോൽപ്പിക്കാൻ തെലുങ്കാനയിൽ 4772 പേരാണ് ഗാന്ധിയുടെ വേഷവും ധരിച്ചെത്തിയത്. ബാംഗ്ലൂർ തോറ്റു. തെലുങ്കാന ജയിച്ചു.
ഇത് പോലെ ഒരു പരിപാടി 2014ൽ നമ്മൾ മലയാളികളും തൃശൂര് നടത്തിയിരുന്നു. അന്ന് 18,000ൽ അധികം പേരാണ് സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തിയത്. അവർക്കും കിട്ടി ഗിന്നസ് സർട്ടിഫിക്കറ്റ്. 18000 പേര് സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തിയ പരിപാടിയിൽ നിങ്ങളും ഉണ്ടായിരുന്നു എന്ന സർട്ടിഫിക്കറ്റ്.
ചില വ്യക്തികളും ഇങ്ങനെ ഗിന്നസ് ബുക്കിൽ കയറാൻ ചില പരിപാടികൾ ഒപ്പിക്കാറുണ്ട്. ഏറ്റവും നീളത്തിൽ കയ്യിലെ നഖം നീട്ടിവളർത്തിയവർ മുതൽ ഏറ്റവും ഉച്ചത്തിൽ ഏമ്പക്കം വിടാൻ പറ്റുന്നവനും ഗിന്നസ് ബുക്കിൽ കയറിപറ്റിയിട്ടുണ്ട്. അവിടെയും തീർന്നില്ല.
അതിലും വിചിത്രമായ ഒരു ഗിന്നസ് റിക്കാർഡ് ഉണ്ട്. 2021 ൽ Paul Oldfield എന്നൊരാൾ ഗിന്നസ് ബുക്കിൽ കയറിപറ്റിയത്, Longest Career as a Professional Flatulist എന്ന നിലയിലാണ്. അതായത് നീണ്ട 30 വർഷങ്ങൾ അയാൾ വേദിയിൽ fart ചെയ്ത് ആളുകളെ രസിപ്പിച്ചതിന്. ഇപ്പോൾ ഉള്ള ഒരു ഭയം അതാണ്. ഫൊക്കാനയെ തോൽപ്പിക്കാൻ ഫോമാ ഇനിയെങ്ങാനും ഉച്ചത്തിൽ fart ചെയ്യാൻ കഴിയുന്ന 500 അമേരിക്കൻ മലയാളികളെ കണ്ടെത്തി 2028 ലെ ഫോമാ കൺവെൻഷനിൽ ഗിന്നസ് ബുക്കിൽ കയറാൻ ശ്രമിക്കുമോ എന്ന ഭയം. ഫോമയിലെ സുഹ്രത്തുക്കളോടുള്ള അപേക്ഷയാണ്. ഫൊക്കാനയെ തോൽപ്പിക്കാൻ ഇത് പോലെ എന്തെങ്കിലും കോപ്രായം കാണിച്ച് ജയിക്കാൻ ശ്രമിക്കരുത്. ഇതിലെങ്കിലും ഫൊക്കാന ജയിച്ചോട്ടെ എന്ന് വെയ്ക്കണം. ഫോമാ ഇനി എന്ത് കാണിച്ചാലും അത് അവരുടെ കാര്യം. ഫൊക്കാനയിലെ മലയാളികൾക്ക് അതൊരു വിഷയമല്ല.ഫൊക്കാനയിലുള്ളവരെ സംബന്ധിച്ചിടത്തോളം ഫൊക്കാന കൺവെൻഷൻ ഒരു നല്ല അനുഭവമായിരിക്കണം. അത് ഇത്തവണ ഉണ്ടായില്ലെന്നതാണ് ഖേദകരം.
ഗിന്നസ് പരിപാടികൾ എല്ലാം കഴിഞ്ഞു കൺവെൻഷന്റെ അവസാനത്തേതും ഏറ്റവും പ്രധാനപെട്ടതുമായ Grand Gala Banquet വൈകിട്ട് 6 മണി മുതൽ 9 മണി വരെ ആയിരുന്നു നിശ്ചയിച്ചിരുന്നത്. എല്ലാവരും കോട്ടും സൂട്ടും നല്ല സാരിയുമൊക്കെ ധരിച്ച് എത്തി. ആദ്യം നവ്യാ നായരുടെ 30 മിനിറ്റ്സ് നൃത്ത പ്രോഗ്രാം ആയിരുന്നു. തുടങ്ങിയപ്പോൾ 7 മണി കഴിഞ്ഞു. ഏറെ നേരം costume ധരിച്ചു ഇരിക്കേണ്ടി വന്നതിന്റെ പരാതിയിലും പരിഭവത്തിലുമാണ് അവർ തുടങ്ങിയത് തന്നെ. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നവരുടെ മുമ്പിൽ നൃത്തം ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് അവർ അറിയിച്ചത് കൊണ്ട് അപ്പോഴും Banquet തുടങ്ങിയില്ല. അത് കഴിഞ്ഞാൽ നാദിർഷായുടെ കോമഡി പ്രോഗ്രാം ആണ്.
8 മണി ആയിട്ടും നാദിർഷായും ഇല്ല. ഭക്ഷണവും ഇല്ല. ഫൊക്കാനയുടെ പ്രസിഡന്റും സെക്രട്ടറിയും പരസ്പരം ആനയെക്കാൾ വലിപ്പത്തിൽ ഊതി വീർപ്പിക്കുന്നുണ്ട്. അതൊക്കെ നമ്മൾ മലയാളികൾ സഹിക്കും. ഇതൊക്കെ എത്ര കണ്ടതാ.
സമയം 9 മണി ആയി. ഭക്ഷണവും ഇല്ല. നാദിർഷായും ഇല്ല. മനുഷ്യരുടെ ക്ഷമ നശിച്ചു തുടങ്ങി. ചെറുതായി മുറുമുറുപ്പ് തുടങ്ങി. സമയം 10 മണിയായി. ഭക്ഷണം ഇനിയും എത്തിയില്ല. ആളുകൾ നാദിർഷായെ മറന്നു കഴിഞ്ഞു. സമയം 10:30 ആയി. ക്ഷമയുടെ നെല്ലി പലക കണ്ട മലയാളികളിൽ കുറച്ചു പേർ പിന്നിൽ നിന്നും കൂവാനും We need food എന്ന് അലറി വിളിക്കാനും തുടങ്ങി. അപ്പോൾ സ്റ്റേജിൽ നിന്നും ഫൊക്കാനയുടെ ഏറ്റവും വലിയ ആന തികഞ്ഞ ധാർഷ്ട്യത്തോടെ അറിയിച്ചു, You may leave. 1200 ഉം 1500 ഉം ഡോളർ മുടക്കി വന്നവരോട് അയാൾ പറഞ്ഞത്, ഞങ്ങൾ ഞങ്ങളുടെ സൗകര്യം പോലെ കാര്യങ്ങൾ ചെയ്യും എന്നാണ്. നിങ്ങളുടെ വിശപ്പും ദാഹവുമൊന്നും ഞങ്ങൾക്ക് പ്രശ്നമല്ലെന്നാണ്.
അതോടെ ആത്മാഭിമാനത്തിന് മുറിവേറ്റ കുറേപേർ Banquet ഉപേക്ഷിച്ച് ഹാൾ വിട്ട് പോയി തുടങ്ങി. അവസാനം ടേബിളിൽ ഇരുന്ന് കലാപരിപാടികൾ കണ്ട് കൊണ്ട് ഒരു നല്ല Banquet ആസ്വദിക്കാൻ വന്നവർ 11 മണിക്ക് തണുത്ത് മരവിച്ച ഭക്ഷണത്തിന് വരിയിൽ പാത്രവും പിടിച്ചു നിൽക്കേണ്ടി വന്നു.
ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കിലും ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് സ്വയം മനസ്സിൽപറഞ്ഞു ഭക്ഷണം ഉപേക്ഷിച്ചു റൂമിലേക്ക് നടക്കുമ്പോൾ ഒരു കാഴ്ച്ച കണ്ടു. ഹാൾവേയുടെ സൈഡിൽ വെച്ചിരിക്കുന്ന വെൻഡിങ് മെഷീനിൽ നിന്നും ഒരു അപ്പച്ചൻ 3 ഡോളർ ഇട്ട് കാൻഡി ബാർ എടുക്കുന്നു. അപ്പച്ചൻ പറഞ്ഞു. ഷുഗർ ലോ ആയെന്ന് തോന്നുന്നു. ഇനിയും എന്തെങ്കിലും കഴിച്ചില്ലെങ്കിൽ ഞാൻ വിറച്ചു താഴെ വീഴും. ഉള്ളിൽ നീറ്റലുണ്ടാക്കിയ ആ അപ്പച്ചന്റെ വാക്കുകൾ കേട്ടപ്പോൾ, മോഹിനിയാട്ട വേഷത്തിൽ നിന്ന് കരഞ്ഞ ആ കുട്ടികളുടെ വേദന ഞാൻ മറന്നു.
ഈ സംഭവങ്ങൾ ഇത്രയും പറഞ്ഞത് ആരെയും കുറ്റപ്പെടുത്താനോ വിമർശിക്കാനോ അല്ല. ലീഡർഷിപ് എന്നത് ധാർഷ്ട്യവും ധിക്കാരവും നിറഞ്ഞ വാക്കും പ്രവർത്തിയുമാണെന്ന് കരുതുന്നവരോട് ഇതൊന്നും പറഞ്ഞിട്ടും കാര്യമില്ലെന്ന് അറിയാം. പക്ഷെ പുതിയ നേത്രത്വമെങ്കിലും ഇനിയുമിത് ആവർത്തിക്കരുത്.
