ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം 9): ജയശങ്കര്‍ പിള്ള

  • ശ്രീ നാരായണ ഗുരുവും ടി. കെ. മാധവനും
  • വൈക്കം സത്യാഗ്രഹത്തിന്റെ ആത്മീയ അടിത്തറ

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ ചില മഹത്‌വ്യക്തികൾ സ്വയം ഒരു പ്രസ്ഥാനമായി തന്നെ മാറി എന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. അവരിൽ ഏറ്റവും പ്രഗത്ഭനായ ആത്മീയ സാമൂഹിക പരിഷ്കർത്താവാണ് ശ്രീ നാരായണ ഗുരു. എന്നാൽ ഗുരുവിന്റെ ആശയങ്ങളെ ജനകീയ പ്രസ്ഥാനങ്ങളാക്കി മാറ്റിയ ശിഷ്യന്മാരിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയാണ് ടി. കെ. മാധവൻ. ഗുരുവും ടി. കെ. മാധവനും തമ്മിലുള്ള ബന്ധം ഗുരു – ശിഷ്യ ബന്ധം മാത്രമായിരുന്നില്ല, അത് ഗുരുവിന്റെ ദർശനങ്ങളും പ്രവർത്തനവും തമ്മിലുള്ള സജീവമായ സമന്വയമായിരുന്നു. ഗുരു സമൂഹത്തിന്റെ മനസ്സാക്ഷിയെ ആത്മീയമായി ഉണർത്തിയപ്പോൾ, ടി. കെ. മാധവൻ സാമൂഹിക ഉണർവിനെ സംഘടിതമായ സാമൂഹിക പ്രസ്ഥാനങ്ങളായി രൂപാന്തരപ്പെടുത്തി. ഈ ബന്ധത്തിന്റെ ഏറ്റവും വലിയ ചരിത്രസാക്ഷ്യമാണ് വൈക്കം സത്യാഗ്രഹം.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും തിരുവിതാംകൂർ സമൂഹം കടുത്ത ജാതിവ്യവസ്ഥയുടെ പിടിയിലായിരുന്നു. ക്ഷേത്രങ്ങളിൽ പ്രവേശിക്കാനുള്ള അവകാശം മാത്രമല്ല, ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള പൊതുവഴികളിലൂടെ നടക്കാനുള്ള അവകാശം പോലും ചില സമുദായങ്ങൾക്ക്‌ നിഷേധിക്കപ്പെട്ടിരുന്നു. ജനനം കൊണ്ട്, അതായതു അവന്റെ ജാതി,കുലം ,ഗോത്രം,.എന്നിവ , മനുഷ്യന്റെ അവകാശങ്ങൾ നിർണ്ണയിക്കുന്ന ഒരു വ്യവസ്ഥപിത പൊതു ചട്ടം ആണ് അന്ന് നിലവിലുണ്ടായിരുന്നത്. ഈ അനീതിക്കെതിരെ സമൂഹത്തിൽ അസ്വസ്ഥത വളർന്നുകൊണ്ടിരുന്നെങ്കിലും അതിന് വ്യക്തമായ ദിശാബോധം നൽകിയത് ശ്രീ നാരായണ ഗുരുവിന്റെ സമത്വദർശനമായിരുന്നു.

അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ഗുരു സമൂഹത്തോട് ചോദിച്ച ചോദ്യം വളരെ വ്യക്തമായിരുന്നു, “ദൈവം ഒരു വിഭാഗത്തിന്റെ മാത്രം സ്വത്താണോ?”. പിന്നീട് കണ്ണാടി പ്രതിഷ്ഠയിലൂടെ അദ്ദേഹം അതിലും ശക്തമായ സന്ദേശം പൊതു സമൂഹത്തിനു നൽകി. മനുഷ്യൻ സ്വന്തം ഉള്ളിലെ ദൈവികതയെ തിരിച്ചറിയണം, യഥാർത്ഥ ആരാധന മനുഷ്യനെ ഉയർചയ്‌ക്കുള്ളതായിരിയ്ക്കണം. ഈ ആത്മീയ സന്ദേശം വെറുമൊരു മതചിന്തയായിരുന്നില്ല മറിച്ചു അത് സാമൂഹിക സമത്വത്തിന്റെ പ്രഖ്യാപനമായിരുന്നു. ഗുരുവിന്റെ പ്രസിദ്ധമായ “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യനു ” എന്ന സന്ദേശം കേരള നവോത്ഥാനത്തിന്റെ ധാർമ്മിക ഭരണഘടനയായി മാറുകയായിരുന്നു.

ഗുരുവിന്റെ ഈ ആശയങ്ങളാണ് യുവാവായ ടി. കെ. മാധവനെ ആഴത്തിൽ സ്വാധീനിച്ചത്. 1885-ൽ കാർത്തികപ്പള്ളിയിൽ ജനിച്ച ടി. കെ. മാധവൻ ചെറുപ്പം മുതൽ സാമൂഹിക അനീതികളെ നേരിട്ട് കണ്ടും,അനുഭവിച്ചും വളർന്ന വ്യക്തിയായിരുന്നു. വിദ്യാഭ്യാസവും പത്രപ്രവർത്തനവും അദ്ദേഹത്തിന് സമൂഹത്തെ വിമർശനാത്മകമായി കാണാനുള്ള കഴിവ് നൽകി. എന്നാൽ സമൂഹിക പരിഷ്കാരത്തിന് ആവശ്യമായ ധാർമ്മിക ദിശാബോധം അദ്ദേഹം കണ്ടെത്തിയത് ശ്രീ നാരായണ ഗുരുവിന്റെ ചിന്തകളിലൂടെയായിരുന്നു.

1903-ൽ രൂപീകൃതമായ ശ്രീനാരായണ ധർമ്മപരിപാലന യോഗം (എസ്.എൻ.ഡി.പി.) ഗുരുവിന്റെ സാമൂഹിക ദർശനത്തെ സംഘടിത പ്രവർത്തനമാക്കി മാറ്റിയ വേദിയായിരുന്നു. ഡോ. പൽപ്പുവും മഹാകവി കുമാരനാശാനും നേതൃത്വം നൽകിയ ഈ സംഘടനയിൽ ടി. കെ. മാധവൻ വളരെ വേഗം സജീവ പ്രവർത്തകനായി മാറി. ഗുരു സംഘടനയുടെ ആത്മാവായിരുന്നെങ്കിൽ, ടി. കെ. മാധവൻ അതിന്റെ പ്രവർത്തനശേഷിയും, കർമ്മനിരതവും ആയി മാറുകയായിരുന്നു. എസ്.എൻ.ഡി.പി.യുടെ സമ്മേളനങ്ങളിൽ ഗുരു ആവർത്തിച്ചു പറഞ്ഞ ഒരു കാര്യമുമായിരുന്നു, ‘വിദ്യാഭ്യാസം മനുഷ്യനെ സ്വതന്ത്രനാക്കും, സംഘടന സമൂഹത്തെ ശക്തിപ്പെടുത്തും, ആത്മാഭിമാനം മനുഷ്യനെ ഉയർത്തും’. ഈ മൂന്ന് ആശയങ്ങളും ടി. കെ. മാധവന്റെ ജീവിതത്തിന്റെ മാർഗ്ഗരേഖകളായി മാറി. ഗുരുവിന്റെ ദർശനം പുസ്തകങ്ങളിൽ വായിച്ച ഒരു തത്ത്വചിന്തയായി സ്വീകരിക്കാതെ സാമൂഹിക പ്രവർത്തനത്തിന്റെ പ്രായോഗിക തത്വമായി സ്വീകരിച്ചു പ്രവർത്തികമാക്കുകയായിരുന്നു ടി.കെ.

ചരിത്രരേഖകൾ വ്യക്തമാക്കുന്നത്, ടി. കെ. മാധവൻ പല സന്ദർഭങ്ങളിലും ഗുരുവിനെ സന്ദർശിക്കുകയും സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹത്തോട് അഭിപ്രായം തേടുകയും ചെയ്തിരുന്നുവെന്നാണ്. ഗുരു ഒരിക്കലും വിദ്വേഷം പ്രചരിപ്പിച്ചില്ല. അനീതിക്കെതിരെ പോരാടണം, പക്ഷേ മനുഷ്യനോട് ശത്രുത പുലർത്തരുതു എല്ലാ മനുഷ്യരും ഒന്നാണ്, എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഈ സമീപനം പിന്നീട് വൈക്കം സത്യാഗ്രഹത്തിന്റെ സ്വഭാവത്തിലും പ്രകടമായി. വൈക്കം മഹാദേവക്ഷേത്രത്തെ ചുറ്റിപ്പറ്റിയിരുന്ന പൊതുവഴികൾ അവഗണിക്കപ്പെട്ട ജാതിക്കാർക്ക് വിലക്കപ്പെട്ടിരുന്നത് കേരളസമൂഹത്തിന്റെ ഏറ്റവും വലിയ അപമാനമായിരുന്നു. ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയാത്തത് മാത്രമല്ല, ക്ഷേത്രത്തിനു സമീപമുള്ള റോഡിലൂടെ നടക്കാൻ പോലും അവകാശമില്ലാത്ത അവസ്ഥ മനുഷ്യാവകാശത്തിന്റെ നിഷേധമായിരുന്നു. ഈ പ്രശ്നം വെറും മതപരമായ വിഷയമല്ലെന്നും അത് പൗരാവകാശ നിഷേധത്തിന്റെ പ്രശ്നമാണെന്നും പൊതുസമൂഹം തിരിച്ചറിഞ്ഞത് ടി. കെ. മാധവനിലൂടെയായിരുന്നു.

1923-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കാക്കിനാഡ സമ്മേളനത്തിൽ തിരുവിതാംകൂറിലെ അയിത്തവും, പൊതുവഴികളിലെ വിലക്കുകളും ദേശീയപ്രശ്നമായി അവതരിപ്പിക്കുന്നതിൽ ടി. കെ. മാധവൻ നിർണായക പങ്കുവഹിച്ചു. അതിനു പിന്നിൽ പ്രവർത്തിച്ചിരുന്നത് ഗുരുവിൽ നിന്ന് ഉൾക്കൊണ്ട സമത്വദർശനമായിരുന്നു എന്നതാണ് പ്രധാനം. മനുഷ്യനെ മനുഷ്യനായി കാണുന്ന ഗുരുവിന്റെ ആത്മീയ സന്ദേശത്തെ അദ്ദേഹം ഭരണഘടനാപരമായ അവകാശത്തിന്റെ ഭാഷയിലേക്ക് വിവർത്തനം ചെയ്തു.
1924 മാർച്ച് 30-ന് വൈക്കം സത്യാഗ്രഹം ആരംഭിച്ചപ്പോൾ ഗുരു അതിന്റെ മുൻനിര നേതാവായി രംഗത്തിറങ്ങിയില്ല, കാരണം സമര രംഗം അദ്ദേഹത്തിന്റെ പ്രവർത്തനരീതിയായിരുന്നില്ല. പക്ഷെ അദ്ദേഹത്തിന്റെ ദർശനവും, അത്മ്മിക പിന്തുണയും അത്യന്തം വിലപ്പെട്ടതായിരുന്നു. സമരം അഹിംസാപരമായിരിക്കണം, പ്രതികാരബോധം വളർത്തരുത്, എതിരാളിയെ പോലും ശത്രുവായി കാണരുത് എന്ന ഗുരുവിന്റെ ഉപദേശം സത്യാഗ്രഹത്തിന്റെ നൈതിക അടിത്തറയെ ശക്തിപ്പെടുത്തി. സത്യാഗ്രഹം ആരംഭിക്കുന്നതിന് മുമ്പ് ടി. കെ. മാധവൻ ഗുരുവിനെ സന്ദർശിച്ച് അദ്ദേഹത്തിന്റെ അനുഗ്രഹവും മാർഗനിർദേശവും തേടിയതായി ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. ഗുരു സമരത്തെ അനുകൂലിച്ചെങ്കിലും, അത് അഹിംസയുടെ മാർഗത്തിലൂടെ മാത്രമായിരിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. അനീതിയെ എതിർക്കുമ്പോൾ പോലും ഒരാളിലും വിദ്വേഷം വളർത്തരുത്, എതിരാളിയെ ശത്രുവായി കാണരുത്, സത്യവും ക്ഷമയും കൈവിടരുത് എന്ന സന്ദേശമാണ് അദ്ദേഹം നൽകിയത്. ഈ ഉപദേശം പിന്നീട് വൈക്കം സത്യാഗ്രഹത്തിന്റെ നൈതിക ശക്തിയായി മാറി.

സത്യാഗ്രഹം പുരോഗമിക്കുമ്പോൾ ഗുരു വാക്കുകളിൽ മാത്രമല്ല, പ്രവൃത്തിയിലും തന്റെ പിന്തുണ പ്രകടിപ്പിച്ചു. വർക്കലയിലെ ശിവഗിരി ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ സ്ഥാപനങ്ങൾ സത്യാഗ്രഹ പ്രവർത്തകർക്കായി താമസത്തിനും ഭക്ഷണത്തിനും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കി. അന്നത്തെ സാഹചര്യത്തിൽ ഒരു ആത്മീയ സ്ഥാപനം സാമൂഹിക നീതിക്കായുള്ള സമരത്തിന് പരസ്യമായി പിന്തുണ നൽകിയത് സത്യാഗ്രഹികൾക്കു വലിയ ഊർജ്ജം പകർന്നു. ഇത് സത്യാഗ്രഹികൾക്ക് ആത്മവിശ്വാസവും ജനങ്ങൾക്കിടയിൽ പ്രസ്ഥാനത്തിന് വിശ്വാസ്യതയുംവർദ്ധിപ്പിച്ചു. സത്യാഗ്രഹകാലത്ത് നിരവധി നേതാക്കൾ ഗുരുവിനെ സന്ദർശിച്ച് അഭിപ്രായങ്ങൾ തേടി. ഗുരുവിന്റെ നിലപാട് എല്ലായ്പ്പോഴും വ്യക്തമായിരുന്നു: മനുഷ്യന്റെ അന്തസ്സിനും സ്വാതന്ത്ര്യത്തിനും വിരുദ്ധമായ ഒരു ആചാരത്തിനും യഥാർത്ഥ മതത്തിന്റെ പിന്തുണയില്ല. പൊതുവഴിയിലൂടെ നടക്കാനുള്ള അവകാശം ഒരു പ്രത്യേക ജാതിയുടെ അവകാശമല്ല, അത് എല്ലാ മനുഷ്യർക്കും തുല്യമായി ലഭിക്കേണ്ട അടിസ്ഥാന പൗരാവകാശമാണ്. അതുകൊണ്ട് വൈക്കം സത്യാഗ്രഹം ഒരു ക്ഷേത്രവഴിയെക്കുറിച്ചുള്ള തർക്കമല്ല, മനുഷ്യന്റെ അന്തസ്സിനും സമത്വത്തിനും വേണ്ടിയുള്ള സമരമാണെന്ന് അദ്ദേഹം വിലയിരുത്തി.

ഗുരുവിന്റെ മറ്റൊരു പ്രധാന സംഭാവന, സമരത്തെ ജാതിവൈരത്തിലേക്കോ പ്രതികാരബോധത്തിലേക്കോ വഴിതിരിച്ചുവിടാതിരിക്കാൻ നൽകിയ നിരന്തരമായ ഉപദേശമായിരുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ വിജയം നേടേണ്ടത് എതിരാളിയെ ബലപ്രയോഗത്തിലൂടെ പരാജയപ്പെടുത്തിക്കൊണ്ടല്ല, മറിച്ച് മനുഷ്യഹൃദയങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടാണ്. ഈ ഉയർന്ന ആത്മീയ ദർശനമാണ് വൈക്കം സത്യാഗ്രഹത്തെ അക്രമരഹിതവും ജനാധിപത്യപരവുമായ ഒരു സാമൂഹിക പ്രസ്ഥാനമാക്കി നിലനിർത്തിയത്.

ടി. കെ. മാധവൻ ഗുരുവിന്റെ ആശയങ്ങളെ പ്രവർത്തനരംഗത്തേക്ക് കൊണ്ടുവന്ന മഹത്തായ ശിഷ്യനായിരുന്നു, അതുകൊണ്ട് വൈക്കം സത്യാഗ്രഹത്തിന്റെ ചരിത്രം ടി. കെ. മാധവന്റെ സംഘടനാപാടവത്തിന്റെയും ശ്രീ നാരായണ ഗുരുവിന്റെ ആത്മീയ നേതൃത്വത്തിന്റെയും സംയുക്ത ചരിത്രമാണ്. ഒരാൾ സമരത്തിന് നേതൃത്വം നൽകി, മറ്റൊരാൾ അതിന് ധാർമ്മികമായ അടിത്തറയും സർവമാനവികമായ അർത്ഥവും നൽകി. ഈ രണ്ടിന്റെയും സമന്വയമാണ് കേരള നവോത്ഥാനത്തിന് പുതിയ ദിശാബോധം നൽകുകയും പിന്നീട് ക്ഷേത്രപ്രവേശന പ്രഖ്യാപനം ഉൾപ്പെടെയുള്ള സാമൂഹിക മാറ്റങ്ങൾക്ക് ശക്തമായ അടിത്തറ ഒരുക്കുകയും ചെയ്തത്. അതുകൊണ്ടുതന്നെ, വൈക്കം സത്യാഗ്രഹം ഒരു അവകാശ സമരം മാത്രമല്ല, ശ്രീ നാരായണ ഗുരുവിന്റെ സമത്വദർശനം ടി. കെ. മാധവന്റെ നേതൃത്വത്തിലൂടെ ചരിത്രത്തിൽ പ്രവർത്തനരൂപം നേടിയ മഹത്തായ മനുഷ്യാവകാശ സമരവും, മനുഷ്യാവകാശ ലേഖനത്തിനെതിരെയുള്ള ശക്തമായ താക്കീതും, പ്രസ്ഥാനവുമായിരുന്നു.

Leave a Comment

More News