അതിർത്തികളിലെ ചോരയും വിയർപ്പും: ആഗോള പ്രതിസന്ധികൾക്കിടയിൽ സമാധാനത്തിനായുള്ള ഒരു വിളിച്ചുചൊല്ല്

ലോകം ഇന്ന് സമാനതകളില്ലാത്ത ഒരു വൻപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വ്യാപാര യുദ്ധങ്ങളും അധിനിവേശങ്ങളും സാമ്പത്തിക തകർച്ചയും ഒരുവശത്ത് രൂക്ഷമാകുമ്പോൾ, മറുപുറത്ത് സാധാരണ മനുഷ്യർ പട്ടിണിയും പീഡനങ്ങളും ഭയന്ന് സ്വന്തം മണ്ണ് ഉപേക്ഷിച്ച് പലായനം ചെയ്യുകയാണ്. “നീ നിന്റെ നെറ്റിയിലെ വിയർപ്പുകൊണ്ട് അപ്പം തിന്നും” എന്ന ബൈബിൾ വചനം പഴയതിനേക്കാൾ ഭാരത്തോടെ ഇന്ന് സാക്ഷാത്കരിക്കപ്പെടുന്നു. എന്നാൽ, ഇന്നത്തെ മനുഷ്യൻ ജീവിക്കാൻ വേണ്ടി വിയർപ്പുമാത്രമല്ല, സ്വന്തം ജീവൻ തന്നെ പണയം വെച്ചാണ് അതിർത്തികൾ കടക്കാൻ ശ്രമിക്കുന്നത്.

കടൽമാർഗ്ഗവും മരുഭൂമികൾ വഴിയും ആരും കാണാത്ത അതിർത്തിച്ചാലുകളിലൂടെയും ജീവൻ തളികയിലെടുത്തുവെച്ച് ഓടുന്ന ഈ നിരാശരായ മനുഷ്യർ, കേവലം അക്കങ്ങളോ കണക്കുകളോ അല്ല. അവർക്ക് പിന്നിൽ തകർന്നടിഞ്ഞ സ്വപ്നങ്ങളും കരഞ്ഞുതളർന്ന കുടുംബങ്ങളുമുണ്ട്. അധികാരക്കൊതിയും രാഷ്ട്രീയ വടംവലികളും ലോകത്തെ കഷ്ടപ്പാടുകളിലേക്ക് തള്ളിയിടുമ്പോൾ അതിന്റെ ദുരന്തഫലം അനുഭവിക്കുന്നത് പാവപ്പെട്ട പ്രജകളാണ്. സ്വന്തം രാജ്യത്ത് സുരക്ഷിതമായി ജീവിക്കാൻ സാഹചര്യമില്ലാതാകുമ്പോഴാണ് മനുഷ്യൻ അഭയാർത്ഥിയാകാൻ നിർബന്ധിതനാകുന്നത്. ഈ മനുഷ്യനിർമ്മിത ദുരന്തങ്ങൾക്ക് ഒരു ശാശ്വത പരിഹാരം ഉണ്ടാകേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു. ലോക ഭരണകർത്താക്കൾ ആയുധങ്ങളെയും സാമ്പത്തിക ഉപരോധങ്ങളെയും ഉപേക്ഷിച്ച് സമാധാനത്തിന്റെ മേശപ്പുറത്ത് ഒത്തുകൂടണം. യുദ്ധവും സാമ്പത്തിക ഞെരുക്കവും സൃഷ്ടിക്കുന്നതിനേക്കാൾ വലിയ നയതന്ത്ര വിജയം, ലോകത്ത് സമാധാനവും വിശപ്പില്ലാത്ത അന്തരീക്ഷവും ഉറപ്പാക്കുന്നതാണ് എന്ന് അവർ തിരിച്ചറിയണം.

ലോകത്തിലെ ഏറ്റവും വലിയ ആത്മീയ ശബ്ദങ്ങളിലൊന്നായ പരിശുദ്ധ മാർപാപ്പ ഉൾപ്പെടെയുള്ള ആഗോള നേതാക്കൾ ഈ വിഷയത്തിൽ കൂടുതൽ ശക്തമായി ഇടപെടേണ്ടതുണ്ട്. ഭരണാധികാരികളുടെ മനസ്സിൽ കാരുണ്യവും സമാധാന ചിന്തയും ഉണർത്താനും, അതിർത്തികളിൽ ജീവനുംകൊണ്ട് ഓടുന്ന പാവപ്പെട്ടവർക്കായി ആഗോള മനഃസാക്ഷിയെ ഉണർത്താനും സഭയ്ക്കും  എല്ലാ ആത്മീയ പ്രസ്ഥാനങ്ങൾക്കും സാധിക്കണം. അധികാരമോഹങ്ങൾക്കപ്പുറം സഹജീവി സ്നേഹത്തിന് മുൻഗണന നൽകുന്ന ഒരു ലോക ക്രമത്തിനായി നമുക്ക് ഒരുമിച്ച് ശബ്ദമുയർത്താം.

Leave a Comment

More News