യുഎസും കാനഡയും തമ്മിലുള്ള വ്യാപാര യുദ്ധം കൂടുതൽ രൂക്ഷമായി. ചൊവ്വാഴ്ച കാനഡ യുഎസിൽ നിന്നുള്ള ഏകദേശം 20 ബില്യൺ ഡോളർ മൂല്യമുള്ള എഴുന്നൂറില്‍പരം ഉൽപ്പന്നങ്ങൾക്ക് പ്രതികാര തീരുവ ചുമത്താൻ തീരുമാനിച്ചു.
വാഷിംഗ്ടണ്‍: യുഎസും കാനഡയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമായി. യുഎസിൽ നിന്നുള്ള ഏകദേശം 20 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങൾക്ക് പ്രതികാര തീരുവ ചുമത്താൻ കാനഡ ചൊവ്വാഴ്ച തീരുമാനിച്ചു. സ്റ്റീൽ, പാൽ ഉൽപന്നങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, കാർഷിക സാമഗ്രികൾ, ഫർണിച്ചർ, വസ്ത്രങ്ങൾ, മത്സ്യം, സമുദ്രവിഭവങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ടോയ്‌ലറ്റ് പേപ്പർ തുടങ്ങി 700 ലധികം ഇനങ്ങള്‍ക്കാണ് കാനഡ പ്രതികാര തീരുവ ചുമത്തിയിരിക്കുന്നത്. ചില യുഎസ് ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ താരിഫ് ചുമത്താനാണ് കാനഡയുടെ തീരുമാനം. പുതിയ താരിഫ് സെപ്റ്റംബർ 8 മുതൽ പ്രാബല്യത്തിൽ വരും.
സംഘർഷത്തിന് തുടക്കമിട്ടത് കാനഡയല്ലെന്നും, സാമ്പത്തിക ബന്ധങ്ങൾ ഒരു ആയുധമായി യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഉപയോഗിക്കുമ്പോൾ രാജ്യം അതിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും കനേഡിയൻ ധനമന്ത്രി ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്ൻ പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തിയതിനെ തുടർന്നാണ് കാനഡയുടെ തീരുമാനം. വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ വഷളായി.
കാനഡയെ സമ്മർദ്ദത്തിലാക്കാനും അതിന്റെ പ്രധാന വ്യവസായങ്ങളെ ദോഷകരമായി ബാധിക്കാനും ട്രംപ് ശ്രമിക്കുന്നതായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ആരോപിച്ചു. ഈ നടപടികൾ സർക്കാരിനായി പണം സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെയല്ല, മറിച്ച് കനേഡിയൻ കമ്പനികളെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിനും അമേരിക്കൻ ഉൽപ്പന്നങ്ങളിലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനുമാണെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ ആവശ്യങ്ങൾക്ക് കാനഡ വഴങ്ങണമെന്ന് തിങ്കളാഴ്ച ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കിൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. കനേഡിയൻ കാറുകൾ, ഓട്ടോ പാർട്‌സ്, സ്റ്റീൽ എന്നിവയ്ക്ക് പുതിയ 50 ശതമാനം തീരുവ ചുമത്തുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.
ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ട്രംപ് പറഞ്ഞും വിവാദത്തിന് തിരികൊളുത്തി. ഈ പ്രസ്താവന കാനഡയിൽ കൂടുതൽ പ്രതിഷേധം ആളിക്കത്തിച്ചു. തങ്ങളുടെ രാജ്യത്ത് അധിനിവേശം നടത്തി എല്ലാം കൈക്കലാക്കാമെന്നത് അതിമോഹമാണെന്ന് കനേഡിയന്‍ പ്രധാന മന്ത്രി പറഞ്ഞു.
കാനഡയുടെ പുതിയ താരിഫുകൾ ചില സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾ, ഫർണിച്ചറുകൾ, വസ്ത്രങ്ങൾ എന്നിവയ്ക്ക് 50 ശതമാനം തീരുവ ചുമത്തും. ഇലക്ട്രിക്കൽ ഉപകരണങ്ങൾ, പാലുൽപ്പന്നങ്ങൾ, ചീസ്, മത്സ്യം, സമുദ്രവിഭവങ്ങൾ, ചില സ്റ്റീൽ-അലുമിനിയം ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് 25 ശതമാനം തീരുവ ചുമത്തും.
വ്യാപാര തർക്കം ബാധിച്ച തൊഴിലാളികൾക്കും ബിസിനസുകൾക്കുമായി 7.5 ബില്യൺ കനേഡിയൻ ഡോളർ സഹായ പാക്കേജും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 2025 ന്റെ തുടക്കം മുതൽ വ്യാപാര തർക്കവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ നടപടികൾക്കായി 30 ബില്യണിലധികം കനേഡിയൻ ഡോളർ ചെലവഴിച്ചു. ഈ വ്യാപാര യുദ്ധം ഇരു രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നുണ്ടെന്ന് വ്യക്തമാണ്, പക്ഷേ ഇരുപക്ഷവും വഴങ്ങാൻ തയ്യാറല്ല.
