കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കാരന്തൂർ മർക്കസ് സന്ദർശിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി. ഉന്നതതല സംഘത്തോടൊപ്പമാണ് മലേഷ്യൻ പ്രധാനമന്ത്രി മർക്കസിലെത്തിയത്. അദ്ദേഹത്തിന് മർക്കസ് അധികൃതർ ഊഷ്മള സ്വീകരണം നൽകി.
വിദ്യാഭ്യാസ പുരോഗതി, ലോകസമാധാനം, സാമൂഹിക സൗഹാർദം, നീതിയും കരുണയും അടിസ്ഥാനമാക്കിയുള്ള സമൂഹനിർമാണം തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. വിവിധ സമൂഹങ്ങൾക്കിടയിൽ പരസ്പര ധാരണയും സമാധാനപരമായ സഹവർത്തിത്വവും ശക്തിപ്പെടുത്തുന്നതിൽ വിദ്യാഭ്യാസത്തിനും അറിവിനുമുള്ള പ്രാധാന്യവും ഇരുവരും എടുത്തുപറഞ്ഞു. മാനവികതയും സാമൂഹിക പുരോഗതിയും മുൻനിർത്തിയുള്ള തന്റെ കാഴ്ചപ്പാടുകളും അൻവർ ഇബ്രാഹിം പങ്കുവച്ചു.
മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം മർക്കസിന് വലിയ ആദരവും പ്രചോദനവുമാണെന്ന് അധികൃതർ പ്രതികരിച്ചു. വിദ്യാഭ്യാസ-സാമൂഹിക മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള അവസരങ്ങൾ തുറക്കാൻ സന്ദർശനം സഹായിക്കുമെന്ന പ്രതീക്ഷയും മർക്കസ് പങ്കുവച്ചു. വിവിധ മേഖലകളിലെ പ്രമുഖരും സ്ഥാപന പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.
ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്ക് ശേഷമാണ് അൻവർ ഇബ്രാഹിം കേരളത്തിലെത്തിയത്. കാന്തപുരത്തിനൊപ്പം ദക്ഷിണേന്ത്യയിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ മടവൂർ സി.എം. വലിയുല്ലാഹി മഖാമും അദ്ദേഹം സന്ദർശിച്ചു. കഴിഞ്ഞ വർഷം മലേഷ്യൻ സർക്കാരിന്റെ പരമോന്നത ബഹുമതിയായ ഹിജ്റ അവാർഡ് കാന്തപുരത്തിന് ലഭിച്ചിരുന്നു.
സാദിഖലി തങ്ങളുടെയും കുഞ്ഞാലിക്കുട്ടിയുടെയും സന്ദർശനം ശ്രദ്ധേയമായി
മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ മർക്കസ് മറ്റൊരു ശ്രദ്ധേയ കൂടിക്കാഴ്ചയ്ക്കും വേദിയായി. മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും മർക്കസിലെത്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി.
സമസ്തയിലെ പിളർപ്പിന് ശേഷം സാദിഖലി ശിഹാബ് തങ്ങൾ കാന്തപുരത്തെ നേരിട്ടെത്തി കാണുന്നത് ഇതാദ്യമാണെന്നതിനാൽ സന്ദർശനത്തിന് രാഷ്ട്രീയ-സാമുദായിക തലങ്ങളിൽ പ്രത്യേക പ്രാധാന്യം ലഭിച്ചിട്ടുണ്ട്. മലേഷ്യൻ പ്രധാനമന്ത്രി കാന്തപുരവുമായി നടത്തിയ സന്ദർശന പരിപാടിക്കിടെയായിരുന്നു ലീഗ് നേതാക്കളുടെ കൂടിക്കാഴ്ച.
സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും കാന്തപുരവുമായി പ്രത്യേകം ആശയവിനിമയം നടത്തി. കാന്തപുരത്തിനൊപ്പം പ്രാർഥനയിലും ചായസൽക്കാരത്തിലും ഇരുവരും പങ്കെടുത്തു. എസ്.വൈ.എസ്. സംസ്ഥാന പ്രസിഡന്റ് അബ്ദുൽ ഹക്കീം അസ്ഹരി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഖലീൽ ബുഖാരി തങ്ങൾ എന്നിവരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു. പൊതുപരിപാടിയിൽ മുസ്ലിം ലീഗ് നേതാക്കൾ പങ്കെടുത്തില്ലെങ്കിലും മലേഷ്യൻ പ്രധാനമന്ത്രിയുമായി അവർ കൂടിക്കാഴ്ച നടത്തി.
എ.പി. സമസ്തയുടെ പരിപാടികളിൽ മുൻകാലങ്ങളിൽ ഇ.കെ. സമസ്ത നേതാക്കൾ കാന്തപുരവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കിലും, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ നേരിട്ട് മർക്കസിലെത്തി അദ്ദേഹത്തെ കണ്ടത് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
പൊതുഇടങ്ങളിലെ സ്ത്രീ-പുരുഷ ഇടപെടലുകളുമായി ബന്ധപ്പെട്ട് കാന്തപുരം നടത്തിയ വിവാദ പരാമർശത്തെ തുടർന്ന് വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നപ്പോഴും മുസ്ലിം ലീഗ് നേതൃത്വം അദ്ദേഹത്തിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിൽ സാദിഖലി തങ്ങളുടെയും കുഞ്ഞാലിക്കുട്ടിയുടെയും പുതിയ സന്ദർശനം കൂടുതൽ ശ്രദ്ധ നേടുന്നു.
വർഷങ്ങളായി ചർച്ചയിലുള്ള സമസ്തയിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള അകലം കുറയ്ക്കുന്നതിനോ ഐക്യശ്രമങ്ങൾക്ക് പുതിയ വഴിതുറക്കുന്നതിനോ ഈ കൂടിക്കാഴ്ച സഹായിക്കുമോ എന്നതും വരും ദിവസങ്ങളിൽ രാഷ്ട്രീയ-സാമുദായിക കേന്ദ്രങ്ങളിൽ പ്രധാന ചർച്ചാവിഷയമാകാനാണ് സാധ്യത.
