അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ പേരിൽ വ്യാജകരാറുണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ കേരള കോഓർഡിനേറ്റർ അറസ്റ്റിൽ

ചേർത്തല: യുഎസ് പ്രതിരോധ വകുപ്പിന്റെ പേരിൽ വ്യാജകരാർ ചമച്ച് വൻതുകയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്ന കേസിൽ വിപിവിവി കമ്പനിയുടെ കേരള കോഓർഡിനേറ്റർ അറസ്റ്റിലായി. കൊല്ലം പാരിപ്പള്ളി സ്വദേശി പി. പ്രദീപ് കുമാറിനെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. വർക്കല വടശേരിക്കോണം സ്വദേശി എ.എം. മുനീറിൽനിന്ന് 70 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി.

ചേർത്തല റെയിൽവേ സ്റ്റേഷനു സമീപത്തെ ഹോട്ടലിൽ എത്തിയ പ്രദീപ് കുമാറിനെ മുനീർ തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റിലേക്ക് നയിച്ച സംഭവങ്ങൾ അരങ്ങേറിയത്. ഹോട്ടലിലുണ്ടായിരുന്നവരുടെ സഹായത്തോടെ ഇയാളെ തടഞ്ഞു വെച്ച മുനീർ വിവരം ചേർത്തല പൊലീസിനെ അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രദീപ് കുമാറിനെ കസ്റ്റഡിയിലെടുത്തു.

പിന്നീട് പ്രതിയെ വർക്കല പൊലീസിന് കൈമാറി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രദീപ് കുമാറിനെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

യുഎസ് പ്രതിരോധ വകുപ്പിൽനിന്ന് വൻകിട കരാറുകൾ ലഭിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടാണ് പ്രദീപ് കുമാര്‍ നിക്ഷേപകരെ സമീപിച്ചതെന്നാണ് പരാതി. ഒരു കോടി രൂപ നിക്ഷേപിച്ചാൽ 5,000 കോടി രൂപയുടെ ഉപകരാർ ലഭിക്കുമെന്നും നിക്ഷേപത്തിന് 25 ശതമാനം ലാഭം ഉറപ്പാണെന്നും വിശ്വസിപ്പിച്ചാണ് മുനീറിൽനിന്ന് പണം കൈപ്പറ്റിയതെന്നാണ് ആരോപണം.

ഇതിന് പുറമെ, വർക്കലയിൽ 350 കോടി രൂപ ചെലവിൽ നടപ്പാക്കുമെന്ന് അവകാശപ്പെട്ട ‘ശിവപുരി ക്ഷേത്ര നിർമാണ പദ്ധതി’യിൽ പങ്കാളിത്തം നൽകാമെന്നും ഇയാള്‍ വാഗ്ദാനം ചെയ്തതായി മുനീർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

വിപിവിവി ടെക്നോ കൺസ്ട്രക്‌ഷൻസ് കമ്പനിയുടെ ചെയർമാനും കേസിലെ മുഖ്യ പ്രതിയുമായ വെങ്കിട്ട വെങ്കിട്ട്, കേരള കോഓർഡിനേറ്റർ ജി.എസ്. ബിജു, തട്ടിപ്പിന്റെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ഡോ. സാബ്, യെലതി പദ്മരാജ് ഗോപാൽ എന്നിവരും കേസിലെ പ്രതികളാണ്.

മുഖ്യപ്രതിയായ വെങ്കിട്ട വെങ്കിട്ടിനെ ഈ മാസം ആദ്യം ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കമ്പനി ഡയറക്ടർമാരായ ഡൽഹി സ്വദേശി ഹിതേഷ് കുമാർ, എറണാകുളം കൂത്താട്ടുകുളം സ്വദേശി രാഹുൽ രാജീവ് നായർ എന്നിവരും കേസിൽ പ്രതികളാണ്. ഇരുവരും നിലവിൽ ജാമ്യത്തിലാണെന്നാണ് വിവരം.

വെങ്കിട്ട വെങ്കിട്ട്, പി. പ്രദീപ് കുമാർ, മറ്റൊരു കോഓർഡിനേറ്ററായ വിനോദ് വാരിയർ എന്നിവരുടെ പേരുകളുടെ ആദ്യാക്ഷരങ്ങൾ ചേർത്താണ് ‘വിപിവിവി’ എന്ന പേരിൽ കമ്പനി രൂപീകരിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

 

Leave a Comment

More News