കാന്തപുരത്തിന്റെ സ്ത്രീ പരാമർശങ്ങൾ ചർച്ച ചെയ്ത ടിവി പരിപാടിക്ക് പിന്നാലെ സൈബർ ആക്രമണം; മാധ്യമ പ്രവർത്തക അപർണ കുറുപ്പിന് പോലീസ് സംരക്ഷണം

കൊച്ചി: മാധ്യമ പ്രവർത്തകയായ അപർണ കുറുപ്പിന്റെ ജീവനും വസതിക്കും ആവശ്യമായ സംരക്ഷണം ഉറപ്പാക്കാൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കേരള ഹൈക്കോടതി നിർദേശം നൽകി. മലയാളം ടെലിവിഷൻ ചാനലില്‍ സുന്നി മുസ്ലിം പണ്ഡിതന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെ പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്തതിന് അപര്‍ണ്ണക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തെത്തുടര്‍ന്നാണ് ഹൈക്കോടതി ഇടപെട്ട് പോലീസ് സം‌രക്ഷണം നല്‍കിയത്.

അപർണ കുറുപ്പ് സമർപ്പിച്ച ഹർജിയിൽ അന്തിമ തീർപ്പുണ്ടാകുന്നതുവരെ, അവരുടെ വസതിക്ക് സമീപം ക്രമസമാധാനം ഉറപ്പാക്കണമെന്നും യാതൊരു തരത്തിലുള്ള തടസ്സമോ അനാവശ്യ ഇടപെടലോ ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പോലീസ് കമ്മീഷണർക്ക് നിർദേശം നൽകി.

സുന്നി മുസ്ലീം പണ്ഡിതൻ കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാര്‍ സ്ത്രീകളെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ ചർച്ച ചെയ്ത ടെലിവിഷൻ പരിപാടിക്ക് പിന്നാലെ നേരിടേണ്ടിവന്ന സൈബർ ആക്രമണങ്ങളും വധഭീഷണികളും ചൂണ്ടിക്കാട്ടിയാണ് അപർണ കുറുപ്പ് ഹൈക്കോടതിയെ സമീപിച്ചത്.

സൈബർ ആക്രമണങ്ങളുടെ ഭാഗമായി തന്റെ താമസസ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങളും ചിത്രവും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും ഇത് തന്റെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തിയതായും അപർണ കുറുപ്പ് ഹർജിയിൽ ആരോപിച്ചു.

Leave a Comment

More News