വാഷിംഗ്ടൺ: നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി മെയിൽ-ഇൻ വോട്ടിംഗ് ചട്ടങ്ങളിൽ മാറ്റം വരുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് യുഎസ് സുപ്രീം കോടതി താൽക്കാലികമായി തടയിട്ടു. വിധിക്ക് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സുപ്രീം കോടതിയെയും തന്റെ ആദ്യ ഭരണകാലത്ത് നിയമിതരായ ചില ജഡ്ജിമാരെയും രൂക്ഷമായി വിമർശിച്ചു. കോടതിയുടെ തീരുമാനം റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ തിരിച്ചടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.
ചൊവ്വാഴ്ച ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച ദീർഘമായ കുറിപ്പിലാണ് സുപ്രീം കോടതി തീരുമാനത്തോടുള്ള അതൃപ്തി ട്രംപ് പരസ്യമാക്കിയത്. തീവ്ര ഇടതുപക്ഷ വിഭാഗങ്ങൾ കോടതിക്കുമേൽ സമ്മർദ്ദം ചെലുത്തുകയാണെന്ന് ആരോപിച്ച അദ്ദേഹം, ഇത്തരം വിധികൾ അമേരിക്കയെ പിന്നോട്ടടിക്കുകയാണെന്നും പറഞ്ഞു.
തന്റെ ആദ്യ ഭരണകാലത്ത് നിയമിതരായ ചില സുപ്രീം കോടതി ജഡ്ജിമാരെയും ട്രംപ് വിമർശിച്ചു. അവരിൽ ചിലർ താൻ പ്രതീക്ഷിച്ചതുപോലെ പ്രവർത്തിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തിന് ദോഷകരമെന്ന് താൻ കരുതുന്ന തീരുമാനങ്ങളുടെ പേരിലായിരിക്കും ഭാവിയിൽ ഈ കോടതി ഓർമ്മിക്കപ്പെടുകയെന്നും ട്രംപ് അവകാശപ്പെട്ടു.
തിങ്കളാഴ്ച പുറപ്പെടുവിച്ച അടിയന്തര ഉത്തരവിലൂടെയാണ് ഈ വർഷം തന്നെ പുതിയ മെയിൽ-ഇൻ വോട്ടിംഗ് ചട്ടങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള ഭരണകൂടത്തിന്റെ ശ്രമം സുപ്രീം കോടതി തടഞ്ഞത്. ഉത്തരവിന് പിന്നിലെ വിശദമായ കാരണങ്ങൾ കോടതി വ്യക്തമാക്കിയിട്ടില്ല.
ജസ്റ്റിസുമാരായ സാമുവൽ അലിറ്റോയും ക്ലാരൻസ് തോമസും തീരുമാനത്തോട് വിയോജിച്ചു. മെയിൽ സംവിധാനം നിയന്ത്രിക്കുന്നതിൽ യുഎസ് പോസ്റ്റൽ സർവീസിന് അധികാരമുണ്ടെന്ന നിലപാടാണ് അലിറ്റോ സ്വീകരിച്ചത്. 2026-ലെ തിരഞ്ഞെടുപ്പിൽ പുതിയ ചട്ടങ്ങൾ ബാധകമാക്കരുതെന്ന നിലപാടിനോട് ജസ്റ്റിസ് ബ്രെറ്റ് കാവനോ യോജിച്ചെങ്കിലും, ഭാവിയിൽ വിഷയത്തിൽ വ്യത്യസ്തമായ നിലപാട് സ്വീകരിക്കാനുള്ള സാധ്യത അദ്ദേഹം തുറന്നുവച്ചു.
സംസ്ഥാനങ്ങൾ ഏകീകൃത കവറുകൾ ഉപയോഗിക്കണമെന്നും വോട്ട് ചെയ്യാൻ യോഗ്യരായവരുടെ പട്ടിക ഓൺലൈനിൽ ലഭ്യമാക്കണമെന്നും ഉൾപ്പെടെയുള്ള വ്യവസ്ഥകളാണ് പുതിയ ചട്ടങ്ങളിൽ ഉണ്ടായിരുന്നത്.
സുപ്രീം കോടതിയുടെ മറ്റ് ചില സമീപകാല തീരുമാനങ്ങളെയും ട്രംപ് തന്റെ പ്രതികരണത്തിൽ വിമർശിച്ചു. താരിഫ് പദ്ധതിയുമായി ബന്ധപ്പെട്ട കോടതി തീരുമാനം അമേരിക്കയ്ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. വരും വർഷങ്ങളിൽ ഇത് ട്രില്യൺ കണക്കിന് ഡോളറിന്റെ നഷ്ടത്തിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.
ജന്മാവകാശ പൗരത്വവുമായി ബന്ധപ്പെട്ട തന്റെ ഭരണകൂടത്തിന്റെ നീക്കത്തിൽ കോടതിയുടെ സമീപനത്തെയും ട്രംപ് വിമർശിച്ചു. ചില ജഡ്ജിമാർ ഡെമോക്രാറ്റിക് നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങുകയാണെന്നും രാജ്യത്തെ സംരക്ഷിക്കാൻ ആവശ്യമായ ധൈര്യം പ്രകടിപ്പിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, തിരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകൾ മാത്രം ശേഷിക്കെ മെയിൽ-ഇൻ വോട്ടിംഗ് സംവിധാനത്തിൽ വലിയ മാറ്റങ്ങൾ നടപ്പാക്കുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന ആശങ്ക തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഉന്നയിച്ചിട്ടുണ്ട്.
