ഷാരൂഖ്, സൽമാൻ, ആമിർ ഖാൻ എന്നിവരെയും ബന്ധപ്പെട്ടെന്ന് നടി. വർഷങ്ങൾക്കിപ്പുറം പരാമർശം വീണ്ടും ചർച്ചയിൽ
ന്യൂഡൽഹി: അയോദ്ധ്യ രാമജന്മഭൂമി–ബാബറി മസ്ജിദ് ഭൂമിതർക്കത്തിൽ 2019ൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയോടുള്ള തന്റെ പ്രതികരണം തുറന്നുപറഞ്ഞ് ബോളിവുഡ് നടി സ്വര ഭാസ്‌കർ. വിധി പുറത്തുവന്നപ്പോൾ ഒരു ഹിന്ദു എന്ന നിലയിൽ തനിക്ക് കടുത്ത വേദനയും ലജ്ജയും തോന്നിയെന്നും മുസ്ലീം സുഹൃത്തുക്കളോട് ഖേദം അറിയിച്ചെന്നും സ്വര വെളിപ്പെടുത്തി.
‘The Midnight Hour’ പോഡ്‌കാസ്റ്റിലെ സംഭാഷണത്തിനിടെയാണ് വർഷങ്ങൾക്കുമുമ്പുണ്ടായ സംഭവത്തെക്കുറിച്ച് സ്വര പ്രതികരിച്ചത്. അയോദ്ധ്യ കേസിലെ സുപ്രീം കോടതി വിധിയോട് തനിക്ക് യോജിക്കാൻ കഴിഞ്ഞില്ലെന്നും തീരുമാനം തന്നെ ഏറെ അസ്വസ്ഥയാക്കിയെന്നും അവർ പറഞ്ഞു.
വിധി പുറത്തുവന്നതിന് പിന്നാലെ തന്റെ പരിചയത്തിലുള്ള മുസ്ലീം സുഹൃത്തുക്കളെ ബന്ധപ്പെട്ടതായി സ്വര വ്യക്തമാക്കി. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവരും സന്ദേശം ലഭിച്ചവരിൽ ഉൾപ്പെട്ടിരുന്നുവെന്നാണ് അവരുടെ വെളിപ്പെടുത്തൽ.
ഒരു ഹിന്ദു എന്ന നിലയിൽ വിധിയിൽ തനിക്ക് വേദനയും ലജ്ജയും ഖേദവും തോന്നുന്നുവെന്നും തീരുമാനത്തെ താൻ പിന്തുണയ്ക്കുന്നില്ലെന്നും അറിയിച്ചുകൊണ്ടായിരുന്നു സന്ദേശമെന്ന് സ്വര വിശദീകരിച്ചു.
സ്വരയുടെ പരാമർശം പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ വിഷയം വീണ്ടും ചർച്ചയായി. അവരുടെ നിലപാടിനെ വിമർശിച്ചുകൊണ്ട് നിരവധി പ്രതികരണങ്ങൾ പ്രത്യക്ഷപ്പെട്ടപ്പോൾ, നടിയെ പരിഹസിച്ചുള്ള കുറിപ്പുകളും പ്രചരിച്ചു. ഉപയോക്താക്കൾ അവരെ ട്രോളുകയും ചെയ്തു.
വാർത്തകളിൽ ഇടം നേടാൻ വേണ്ടി മാത്രമാണ് സ്വര ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് പലരും പറയുന്നു. ജോലി കണ്ടെത്തുന്നതിനായി ബോളിവുഡിനെയും സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെയും പ്രശംസിച്ച് രാവും പകലും ചെലവഴിക്കുന്നുണ്ടെങ്കിലും അവർക്ക് ഇപ്പോഴും സിനിമകൾ ലഭിക്കുന്നില്ലെന്ന് ഒരു ഉപയോക്താവ് പരിഹാസത്തോടെ എഴുതി. ഇത്തരം കാര്യങ്ങൾ കേട്ടതിന് ശേഷം സ്വരയെ ഹിന്ദു എന്ന് വിളിക്കാൻ പോലും ലജ്ജ തോന്നുന്നു എന്ന് മറ്റൊരു ഉപയോക്താവ് രോഷം പ്രകടിപ്പിച്ചു.
സ്വരയുടെ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിലെ പരസ്യമായ നിലപാടുകൾ നേരത്തെയും ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. അയോദ്ധ്യ വിധിയെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലോടെ അവരുടെ നിലപാട് ഒരിക്കൽക്കൂടി പൊതുചർച്ചയുടെ ഭാഗമായിരിക്കുകയാണ്.
2019 നവംബർ 9നാണ് അയോദ്ധ്യ ഭൂമിതർക്കത്തിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായ വിധി പുറപ്പെടുവിച്ചത്. തർക്ക ഭൂമിയിൽ ക്ഷേത്രനിർമാണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദേശിച്ചു.
അതോടൊപ്പം, പള്ളി നിർമിക്കുന്നതിനായി സുന്നി സെൻട്രൽ വഖഫ് ബോർഡിന് അയോധ്യയിൽ അഞ്ച് ഏക്കർ അനുയോജ്യമായ ബദൽ ഭൂമി അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു.
വർഷങ്ങൾക്കുശേഷം അന്നത്തെ തന്റെ വ്യക്തിപരമായ പ്രതികരണം സ്വര ഭാസ്‌കർ പരസ്യമായി പങ്കുവച്ചതോടെയാണ് അയോദ്ധ്യ വിധിയും അതിനെച്ചൊല്ലിയുള്ള അവരുടെ നിലപാടും വീണ്ടും വാർത്തകളിലും സമൂഹ മാധ്യമങ്ങളിലും ചർച്ചയാകുന്നത്.
