സഹയാത്ര ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ഇൻസൈറ്റ്’ന്റെ പൂജാ ചടങ്ങുകൾ നടന്നു. സയൻസ് ഫിക്ഷൻ, ഫാന്റസി, ക്രൈം, സൈക്കോളജിക്കൽ ത്രില്ലർ ഘടകങ്ങൾ സമന്വയിപ്പിച്ചാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. വ്യത്യസ്തമായ പ്രമേയവും അവതരണരീതിയും മുൻനിർത്തി ഒരുക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് നവാഗതനായ മനോജ് ജെയിംസ് ആണ്.
ചിത്രത്തിന്റെ പൂജാചടങ്ങിൽ സഹയാത്ര ഫിലിംസ് ഡയറക്ടർ ശിവദാസൻ പാണ്ടികശാല ഭദ്രദീപം തെളിയിച്ചു. സുരേഷ് മാഞ്ഞാലി സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. തുടർന്ന് സാജു നവോദയ സ്ക്രിപ്റ്റ് കൈമാറുകയും ചിത്രത്തിന്റെ ആദ്യ ക്ലാപ്പ് നിർവഹിക്കുകയും ചെയ്തു. സിനിമയുടെ അണിയറപ്രവർത്തകരും അഭിനേതാക്കളും മറ്റ് ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങിൽ പങ്കെടുത്തു.
സയൻസ് ഫിക്ഷന്റെയും ഫാന്റസിയുടെയും പശ്ചാത്തലത്തിൽ ക്രൈമും മനുഷ്യ മനസ്സിന്റെ സങ്കീർണതകളും ത്രില്ലർ സ്വഭാവത്തിൽ അവതരിപ്പിക്കുന്ന ചിത്രമായിരിക്കും ‘ഇൻസൈറ്റ്’. സസ്പെൻസിനും ഉദ്വേഗജനകമായ മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകുന്നതിനൊപ്പം പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന തരത്തിലുള്ള കഥാപശ്ചാത്തലമാണ് ചിത്രത്തിനായി ഒരുക്കുന്നത്.
ഷഫീഖ് ഇബ്രാഹിം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. അർജുൻ പ്രകാശ് എഡിറ്റിംഗും എബി ഡേവിഡ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. ഓഡിയോ മെട്രിക്സാണ് സ്റ്റുഡിയോ. വിനീത് എസ്റ്റപ്പാൻ സൗണ്ട് മിക്സിങ് നിർവഹിക്കുന്നു.
മണികണ്ഠൻ ചീഫ് അസോസിയേറ്റ് ഡയറക്ടറായും ദിനേശ് ഗംഗ, ജെഫ് എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരായും പ്രവർത്തിക്കുന്നു. പ്രിൻസ് പൊന്നാനിയാണ് മേക്കപ്പ് നിർവഹിക്കുന്നത്. സജെയൻ മിത്രക്കരി പ്രൊഡക്ഷൻ കൺട്രോളറും ബിനു ചെമ്പകം സ്റ്റിൽ ഫോട്ടോഗ്രാഫറുമാണ്.
അഭിനയരംഗത്തും ശ്രദ്ധേയമായ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. അരുൺകുമാർ, ഡെയ്ൻ ഡേവിസ്, കോട്ടയം നസീർ, കോട്ടയം രമേഷ്, സാജു നവോദയ, ടിജിൻ തോമസ്, എം. കെ. ഷെജിൻ, സുരേഷ് മാഞ്ഞാലി, മീനാക്ഷി തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ പ്രധാന ചിത്രീകരണം നവംബർ അവസാന വാരം ആരംഭിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. കോട്ടയം, എരുമേലി എന്നിവിടങ്ങളും സമീപപ്രദേശങ്ങളുമാണ് പ്രധാന ലൊക്കേഷനുകളായി നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം, പുതിയ അഭിനയപ്രതിഭകൾക്കും ‘ഇൻസൈറ്റ്’ അവസരമൊരുക്കുന്നു. സെപ്റ്റംബർ 25, 26, 27 തീയതികളിൽ അഭിനേത്രി ഹിമാശങ്കരിയുടെ നേതൃത്വത്തിൽ അഭിനയപരിശീലന കളരി സംഘടിപ്പിക്കും. ഈ പരിശീലന കളരിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും കഴിവ് തെളിയിക്കുകയും ചെയ്യുന്ന നിരവധി പുതുമുഖങ്ങൾക്ക് ‘ഇൻസൈറ്റ്’ സിനിമയിൽ അഭിനയിക്കാനുള്ള അവസരം നൽകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
പുതുമുഖ സംവിധായകനായ മനോജ് ജെയിംസിന്റെ രചനയിലും സംവിധാനത്തിലും സയൻസ് ഫിക്ഷൻ, ഫാന്റസി, ക്രൈം, സൈക്കോളജിക്കൽ ത്രില്ലർ എന്നീ വ്യത്യസ്ത സ്വഭാവങ്ങളുള്ള ഘടകങ്ങളെ ഒരേ കഥയിൽ കോർത്തിണക്കിയാണ് ‘ഇൻസൈറ്റ്’ ഒരുങ്ങുന്നത്. കോട്ടയത്തിന്റെയും എരുമേലിയുടെയും പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്ന സിനിമയുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.
അഭിനയപരിശീലന കളരിയെയും ചിത്രത്തെയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: 8129293630
