ഇന്ത്യ-യുഎഇ നിക്ഷേപ ബന്ധം ശക്തമാക്കാൻ നീക്കം; വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അബുദാബിയിൽ

അബുദാബി: ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക, വ്യാപാര, സാംസ്കാരിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അബുദാബിയിൽ ഉന്നതതല ചർച്ചകൾ നടത്തി. ഇരുരാജ്യങ്ങൾക്കുമിടയിലെ നിക്ഷേപം വർധിപ്പിക്കുക, ദീർഘകാല വാണിജ്യ പങ്കാളിത്തങ്ങൾ വികസിപ്പിക്കുക, സാംസ്കാരിക ബന്ധം വിപുലീകരിക്കുക തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.

വിക്രം മിസ്രിയുടെ ഔദ്യോഗിക സന്ദർശനത്തിനിടെ ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ പുരോഗതി വിലയിരുത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.

അബുദാബി ധനകാര്യ വകുപ്പ് ചെയർമാനും അൽ-ഇമാദ് ഹോൾഡിംഗ് കമ്പനിയുടെ ഗ്രൂപ്പ് സിഇഒയുമായ ജാസിം മുഹമ്മദ് ബു അതബ അൽ സാബിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങൾക്കുമിടയിലെ നേരിട്ടുള്ള നിക്ഷേപ പ്രവാഹം വർധിപ്പിക്കുന്നതിനും പുതിയ വാണിജ്യ അവസരങ്ങൾ കണ്ടെത്തുന്നതിനുമുള്ള സാധ്യതകൾ ചർച്ച ചെയ്തു.

അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്കുമായുള്ള കൂടിക്കാഴ്ചയിൽ വിനോദസഞ്ചാര, സാംസ്കാരിക സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ച് ചർച്ച നടന്നു. അബുദാബിയിൽ നിർദേശിച്ചിട്ടുള്ള ‘ഹൗസ് ഓഫ് ഇന്ത്യ’ പദ്ധതിയും പ്രധാന ചർച്ചാവിഷയമായി.

യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും ഇന്ത്യയിലേക്കുള്ള പ്രത്യേക ദൂതനുമായ റീം അൽ ഹാഷ്മിയുമായും വിക്രം മിസ്രി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി തന്ത്രപരമായ പങ്കാളിത്തത്തിന്റെ പുരോഗതിക്കൊപ്പം പശ്ചിമേഷ്യയിലെ സാഹചര്യങ്ങളും പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.

നിക്ഷേപം, ടൂറിസം, സംസ്കാരം തുടങ്ങിയ മേഖലകളിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങളാണ് കൂടിക്കാഴ്ചകളിൽ പ്രധാനമായും പരിഗണിച്ചതെന്ന് യുഎഇയിലെ ഇന്ത്യൻ എംബസി എക്സിലൂടെ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, നയതന്ത്ര ബന്ധം കൂടുതൽ വിപുലീകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പായാണ് സന്ദർശനം വിലയിരുത്തപ്പെടുന്നത്.

Leave a Comment

More News