
തിരുവനന്തപുരം: നിയമനമടക്കമുള്ള ആവശ്യങ്ങൾ ഉയർത്തി സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല പ്രതിഷേധം നടത്തുന്ന പി.എസ്.സി എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികളുടെ സമരപ്പന്തൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതാക്കൾ സന്ദർശിച്ചു. സംസ്ഥാന സെക്രട്ടറി രഞ്ജിത ജയരാജ്, ലമീഹ് ഷാക്കിർ, ആഷിഖ് നിസാർ എന്നിവരുടെ നേതൃത്വത്തിലാണ് സമരപ്പന്തലിൽ ഐക്യദാർഢ്യവുമായി ഫ്രറ്റേണിറ്റി പ്രവർത്തകരെത്തിയത്.
ഭരണത്തിലേറുന്നതിന് മുമ്പും ശേഷവുമായി ഉദ്യോഗാർത്ഥികൾക്ക് ഉറപ്പുകൾ നൽകിയ സർക്കാർ ഇപ്പോൾ മുഖം തിരിക്കുന്നത് പ്രതിഷേധാർഹമാണ്. സമരക്കാർക്കെതിരെ പോലീസിനെ വെച്ച് നീങ്ങുന്നത് അംഗീകരിക്കാനാകില്ല. ഉദ്യോഗാർത്ഥികളെ പോലീസ് വലിച്ചിഴച്ചതിലും അവർക്കെതിരെ കേസെടുത്തതിലും സർക്കാർ മറുപടി പറയണമെന്നും രഞ്ജിത ജയരാജ് ആവശ്യപ്പെട്ടു.
