ബൈക്കുകൾ ട്രെയിനിൽ അയക്കും, സംഘം വിമാനത്തിലെത്തും; നിർമ്മാണത്തൊഴിലാളികളുടെ വേഷത്തിൽ കറങ്ങി മോഷണം; ഉത്തരേന്ത്യന്‍ മോഷ്ടാക്കള്‍ പിടിയില്‍

കളമശ്ശേരി: മോഷണത്തിനായി ഉപയോഗിക്കുന്ന ബൈക്കുകൾ മുൻകൂട്ടി ട്രെയിനിൽ കേരളത്തിലെത്തിക്കുകയും പിന്നാലെ സംഘം വിമാനത്തിൽ എത്തി ബൈക്കുകളിൽ വിവിധ സ്ഥലങ്ങളിലെത്തി കവർച്ച നടത്തുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറയുന്ന ഉത്തരേന്ത്യൻ സംഘത്തിലെ അംഗങ്ങൾ പിടിയിൽ. തൃശ്ശൂർ, കളമശ്ശേരി, കണ്ണൂർ പോലീസിന്റെ ഏകോപിതമായ അന്വേഷണത്തിലാണ് സംഘത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചതെന്ന് പോലീസ് അറിയിച്ചു.

തൃശ്ശൂരിൽ നടന്ന മോഷണശ്രമത്തിനിടെ സംഘത്തിലെ പ്രധാനികളിൽ ഒരാളെന്ന് പോലീസ് പറയുന്ന ഉത്തർപ്രദേശ് ബാഗ്പെറ്റ് സ്വദേശി റിഹാൻ (20) ആദ്യം പിടിയിലായതോടെയാണ് സംഘത്തിന്റെ പ്രവർത്തനരീതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ കൂട്ടാളികളിൽ ചിലർ കൊച്ചി കേന്ദ്രീകരിച്ച് താമസിക്കുന്നതായി പോലീസിന് വിവരം ലഭിച്ചു.

തുടർന്ന് തൃശ്ശൂർ പോലീസ് ഈ വിവരം കളമശ്ശേരി പോലീസിന് കൈമാറി. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കളമശ്ശേരിയിലെ ഒരു ലോഡ്ജിൽ തൃശ്ശൂർ, കളമശ്ശേരി പോലീസ് സംഘങ്ങൾ സംയുക്തമായി മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ അവിടെ താമസിച്ചിരുന്ന ഉത്തർപ്രദേശ് മീററ്റ് സ്വദേശികളായ സെയ്ഫുള്ള (31), മുഹമ്മദ് ഫർമാൻ അൻസാരി (22), സുഹൈൽ (22), ഷക്കീബ് (21), റിഹാൻ ഖാൻ (22) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇവര്‍ താമസിച്ചിരുന്ന മുറിയിൽ നടത്തിയ പരിശോധനയിൽ മോഷണത്തിന് ഉപയോഗിക്കുന്നതെന്ന് സംശയിക്കുന്ന കേബിൾ കട്ടറുകൾ, വിവിധ തരത്തിലുള്ള താക്കോലുകൾ, മൊബൈൽ ഫോണുകൾ, വാച്ചുകൾ, പണം, തിരിച്ചറിയൽ രേഖകൾ തുടങ്ങിയവ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഇവയ്ക്കുപുറമേ ട്രെയിൻ, വിമാന യാത്രകളുമായി ബന്ധപ്പെട്ട ടിക്കറ്റുകളും അന്വേഷണസംഘത്തിന് ലഭിച്ചു. സംഘത്തിന്റെ യാത്രാരീതിയും വിവിധ സ്ഥലങ്ങളിലെ നീക്കങ്ങളും പരിശോധിക്കുന്നതിന് ഈ രേഖകൾ സഹായകരമാകുമെന്നാണ് പോലീസ് കരുതുന്നത്.

കളമശ്ശേരിയിൽ പിടിയിലായവരെ ചോദ്യം ചെയ്തതിൽനിന്നാണ് സംഘവുമായി ബന്ധമുള്ള മറ്റുചിലർ കണ്ണൂരിലുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് കളമശ്ശേരി പോലീസ് വിവരം കണ്ണൂർ പോലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ണൂരിൽനിന്ന് നാലുപേരെക്കൂടി കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു. ഇവർക്ക് സംഘവുമായുള്ള ബന്ധവും വിവിധ മോഷണക്കേസുകളിലെ പങ്കും സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.

നിർമാണം പുരോഗമിക്കുന്ന വീടുകൾ, കോപ്പർ സ്ട്രിപ്പുകളും മറ്റ് വിലപിടിപ്പുള്ള ലോഹഘടകങ്ങളുമുള്ള വലിയ ജനറേറ്ററുകൾ, ടെലിഫോൺ എക്സ്ചേഞ്ച് ബൂത്തുകൾ തുടങ്ങിയവയാണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്ന് കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ എ.എൽ. അഭിലാഷ് പറഞ്ഞു. ആളൊഴിഞ്ഞതോ രാത്രിയിൽ നിരീക്ഷണം കുറവുള്ളതോ ആയ സ്ഥലങ്ങൾ കണ്ടെത്തി മോഷണം നടത്തുന്നതായിരുന്നു സംഘത്തിന്റെ രീതിയെന്നാണ് അന്വേഷണത്തിൽ ലഭിച്ച സൂചന.

മോഷണം നടത്താനെത്തിയവരാണെന്ന സംശയം നാട്ടുകാർക്കും സുരക്ഷാ ജീവനക്കാർക്കും ഉണ്ടാകാതിരിക്കാനും സംഘം പ്രത്യേക തന്ത്രം സ്വീകരിച്ചിരുന്നതായി പോലീസ് പറയുന്നു. നിർമാണത്തൊഴിലാളികൾ സാധാരണ ധരിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് പ്രതികൾ വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ചിരുന്നത്. ഇതോടെ നിർമാണസ്ഥലങ്ങളിലും സമീപപ്രദേശങ്ങളിലും ഇവരുടെ സാന്നിധ്യം പെട്ടെന്ന് സംശയിക്കപ്പെടാതിരിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. ഇത്തരത്തിലുള്ള വസ്ത്രങ്ങളും പരിശോധനയ്ക്കിടെ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

മോഷണത്തിനായി കേരളത്തിലെത്തുമ്പോൾ യാത്രയും വാഹന ഉപയോഗവും വരെ സംഘം മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നതായാണ് അന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് പോലീസ് പറയുന്നു. യാത്രയ്ക്കാവശ്യമായ ബൈക്കുകൾ ട്രെയിൻ മാർഗം നേരത്തേ എത്തിച്ചശേഷം സംഘം വിമാനത്തിൽ കേരളത്തിലെത്തുകയും തുടർന്ന് ബൈക്കുകൾ ഉപയോഗിച്ച് വിവിധ ജില്ലകളിലേക്ക് സഞ്ചരിക്കുകയും ചെയ്തിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

പിടിയിലായ ചിലർക്കെതിരെ സമാന സ്വഭാവമുള്ള മോഷണക്കേസുകൾ നേരത്തേ തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കേരളത്തിലെ മറ്റ് ജില്ലകളിൽ നടന്ന സമാന മോഷണങ്ങളുമായി സംഘത്തിന് ബന്ധമുണ്ടോയെന്നും ഇവർ മോഷ്ടിച്ച സാധനങ്ങൾ എവിടെയാണ് വിറ്റിരുന്നതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.

Leave a Comment

More News