‘സ്‌മൈൽ വിത്ത് ജൂബിലി’യിൽ ഒത്തുചേർന്നത് ചികിത്സയിലൂടെ ആത്മവിശ്വാസം വീണ്ടെടുത്തവർ; ഡോ. ഏഡൻവാല ഫെലോഷിപ്പ് പ്രഖ്യാപിച്ചു
തൃശ്ശൂർ: ഒരുകാലത്ത് പുഞ്ചിരിക്കാനും സംസാരിക്കാനും മറ്റുള്ളവരെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാനും പ്രയാസപ്പെട്ടിരുന്ന ആയിരത്തോളം പേർ, ചികിത്സയിലൂടെ തിരിച്ചുകിട്ടിയ പുഞ്ചിരിയും ആത്മവിശ്വാസവുമായി ഒരേ വേദിയിൽ ഒത്തുകൂടി. ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് പുതിയ സ്വപ്നങ്ങളിലേക്ക് നടന്നുനീങ്ങിയവരുടെ അനുഭവങ്ങൾ പങ്കുവെച്ച അപൂർവ സംഗമമായി തൃശ്ശൂരിൽ നടന്ന ‘സ്‌മൈൽ വിത്ത് ജൂബിലി’ പരിപാടി.
ജൂബിലി മിഷൻ ആശുപത്രിയുടെ പ്ലാറ്റിനം ജൂബിലിയുടെയും മുറിച്ചുണ്ട്, മുറിയണ്ണാക്ക് പ്രശ്നങ്ങൾക്കുള്ള സൗജന്യ ചികിത്സയ്ക്ക് പിന്തുണ നൽകുന്ന ആഗോള ജീവകാരുണ്യ സംഘടനയായ സ്‌മൈൽ ട്രെയിന്റെ 25 വർഷത്തെ സേവനത്തിന്റെയും ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ പ്രായക്കാരായ ചികിത്സാ ഗുണഭോക്താക്കളും അവരുടെ കുടുംബാംഗങ്ങളും സംഗമത്തിൽ പങ്കെടുത്തു.
ചികിത്സയ്ക്കുമുമ്പ് സാമൂഹിക ഒറ്റപ്പെടലും മാനസിക ബുദ്ധിമുട്ടുകളും നേരിട്ടിരുന്ന പലരും ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങൾ സദസ്സുമായി പങ്കുവെച്ചു. ശസ്ത്രക്രിയയും തുടർചികിത്സയും സംസാരശേഷിയിലും രൂപഭാവത്തിലും മാത്രമല്ല, ആത്മവിശ്വാസത്തിലും സാമൂഹികജീവിതത്തിലും വലിയ മാറ്റമുണ്ടാക്കിയതായി അവർ പറഞ്ഞു. വിദ്യാഭ്യാസം, തൊഴിൽ, കുടുംബജീവിതം തുടങ്ങി വിവിധ മേഖലകളിൽ മുന്നേറാൻ ചികിത്സയിലൂടെ ലഭിച്ച ആത്മവിശ്വാസം കരുത്തായെന്നും അനുഭവങ്ങൾ പങ്കുവെച്ചവർ വ്യക്തമാക്കി.
സ്‌മൈൽ ട്രെയിൻ പ്രസിഡന്റും സി.ഇ.ഒ.യുമായ സൂസന്ന ഷാഫർ പരിപാടി ഉദ്ഘാടനം ചെയ്തു. ലോകമെമ്പാടുമായി 20 ലക്ഷത്തിലധികം ശസ്ത്രക്രിയകൾക്ക് പിന്തുണ നൽകിയ സ്‌മൈൽ ട്രെയിന്റെ പ്രവർത്തനങ്ങൾക്ക് പ്രചോദനമായത് ജൂബിലി മിഷൻ ആശുപത്രിയിലെ ‘സ്‌മൈൽ ഡോക്ടർ’ എന്നറിയപ്പെട്ടിരുന്ന ഡോ. ഏഡൻവാലയുടെ സേവനമാണെന്ന് അവർ പറഞ്ഞു. മുറിച്ചുണ്ട്, മുറിയണ്ണാക്ക് പ്രശ്നങ്ങളുള്ളവരുടെ ചികിത്സയ്ക്കായി അദ്ദേഹം നടത്തിയ സമർപ്പിത പ്രവർത്തനം നിരവധി ജീവിതങ്ങളിൽ മാറ്റത്തിന്റെ വാതിൽ തുറന്നതായും അവർ അനുസ്മരിച്ചു.
ചടങ്ങിലെ മുഖ്യാതിഥിയായ നടൻ അശ്വിൻകുമാർ തന്റെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു. ശസ്ത്രക്രിയയ്ക്കുശേഷം ആത്മവിശ്വാസത്തോടെ പരിമിതികളെ മറികടക്കാനും പുതിയ സ്വപ്നങ്ങൾ പടുത്തുയർത്താനും കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. പ്രതിസന്ധികൾ ഒരാളുടെ ഭാവിയെ നിർണയിക്കേണ്ടതില്ലെന്നും ആത്മവിശ്വാസവും പിന്തുണയും ലഭിച്ചാൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ചടങ്ങിൽ അദ്ധ്യക്ഷനായി. മുറിച്ചുണ്ട്, മുറിയണ്ണാക്ക് ചികിത്സാരംഗത്തെ സേവനവും പരിശീലനവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഡോ. ഏഡൻവാല ഫെലോഷിപ്പും ചടങ്ങിൽ പ്രഖ്യാപിച്ചു.
എൻഡോവ്‌മെന്റ് ജേതാക്കളായ ഡോ. എ. ദിവ്യ, ഡോ. സ്മിത നായർ, ഡോ. ഇ. അർച്ചന എന്നിവർക്ക് ഡോ. ഏഡൻവാലയുടെ മകൾ ഹൊമായി കുമരവേലു പുരസ്‌കാരങ്ങൾ സമ്മാനിച്ചു.
ചാൾസ് പിന്റോ സെന്റർ മേധാവി ഡോ. പി.വി. നാരായണൻ, ജൂബിലി മിഷൻ ആശുപത്രി സി.ഇ.ഒ. ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ, ഫാ. ടെറിൻ മുല്ലക്കര, ഡോ. പി.ആർ. വർഗീസ്, വിദ്യാർഥിനി ഷാലു ബെന്നി, ഡോ. വസന്ത് രാമകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
