ദേശീയപാത – സുപ്രീം കോടതിയുടെ ബഫർസോൺ ഉത്തരവ് കേരളത്തിൽ അപ്രായോഗികം: റസാഖ് പാലേരി

വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അവകാശ സംരക്ഷണ സംഗമം സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

പൊന്നാനി: സുപ്രീം കോടതിയുടെ ബഫർസോൺ ഉത്തരവ് കേരളത്തിൽ അപ്രായോഗികമാണെന്നും സംസ്ഥാന സർക്കാർ ഇടപെട്ട് സുപ്രീം കോടതിയിൽ നിന്ന് സമ്പൂർണമായ ഇളവ് നേടിയെടുക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. സുപ്രീം കോടതിയുടെ ഹൈവെ ബഫർ സോൺ ഉത്തരവിനെതിരെ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അവകാശ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ പാതയുടെ മധ്യത്തിൽ നിന്നും 40 മീറ്ററിനുള്ളിൽ വീടിനും 75 മീറ്ററിനുള്ളിൽ കച്ചവടസ്ഥാപനങ്ങൾക്കും അനുമതി നൽകരുതെന്ന സുപ്രീം കോടതി ഉത്തരവ് കേരളത്തിൽ അപ്രായോഗികമാണ്.

കേരളത്തിന്റെ പ്രത്യേകമായ ജനസാന്ദ്രത പരിഗണിച്ച് 45 മീറ്ററിലാണ് ദേശീയപാത നിർമിച്ചിരിക്കുന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ദേശീയപാതയോരത്ത് നിരവധി വീടുകളും കച്ചവടസ്ഥാപനങ്ങളുമാണുള്ളത്.

കേരളത്തിന്റെ ജനസാന്ദ്രത മറ്റു സംസ്ഥാനങ്ങളുടേത് പോലെയല്ല. നഗരവും ഗ്രാമവും കൃത്യമായി വേർതിരിക്കാനാവാത്ത വിധത്തിലാണ് കേരളത്തിലെ ജനവാസ വിതരണമുള്ളത്. കേരളത്തിലെ ദേശീയപാതയോട് ചേർന്നുള്ള സർവീസ് റോഡുകളോട് തൊട്ടുരുമ്മി ധാരാളക്കണക്കിന് വീടുകളും കച്ചവടസ്ഥാപനങ്ങളും കാണാൻ സാധിക്കും.

ദേശീയപാത വികസനത്തിനായി വർഷങ്ങൾക്ക് മുമ്പ് സ്ഥലം വിട്ടു നൽകിയവരാണ് ഇപ്പോഴും പാതയോരങ്ങളിൽ താമസിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ അവശേഷിക്കുന്ന സ്ഥലങ്ങളും കച്ചവടസ്ഥാപനങ്ങളും ഭാവിയിൽ ക്രയവിക്രയം നടത്താനോ കൈമാറ്റം ചെയ്യാനോ സാധിക്കാനാവാത്ത വിധത്തിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് വന്നിരിക്കുന്നത്. ഇത് ഗുരുതരമായ സാമൂഹിക – സാമ്പത്തിക പ്രത്യാഘാതങ്ങൾക്കിട വരുത്തും.

ദേശീയ പാതയോരങ്ങളിലെ ഭൂമി വില്പന, കെട്ടിട കൈമാറ്റങ്ങൾ, കച്ചവട കേന്ദ്രങ്ങളുടെയും ടൗൺഷിപ്പുകളുടെയും വികസനം തുടങ്ങിയവ അനിശ്ചിതമായി ഫ്രീസ് ചെയ്യപ്പെടും. വികസനാവശ്യങ്ങൾക്കായി ഭൂമി വിട്ടു കൊടുത്ത കുടുംബങ്ങളോടുള്ള ദ്രോഹമായി ഫലത്തിൽ ഈ ഉത്തരവ് മാറുകയാണ് ചെയ്യുന്നത്.

കേരളത്തിന്റെ ജനസാന്ദ്രതയുടെ സവിശേഷത ഉന്നയിച്ച് നിയമത്തിൽ നിന്ന് പൂർണമായ ഇളവ് നേടിയെടുക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം. ദേശീയ പാതയോരങ്ങളിൽ ജീവിക്കുന്ന കുടുംബങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ വിഷയത്തിൽ സവിശേഷ ശ്രദ്ധ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹാഷിം ചേന്ദമ്പള്ളി (എൻഎച്ച് ആക്ഷൻ കൗൺസിൽ), ഇബ്രാഹീം കുട്ടി മംഗലം (വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി), അഡ്വ. കാസിം (വെൽഫെയർ പാർട്ടി പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡണ്ട്), നാസർ പൊന്നാനി (വെളിയങ്കോട് പഞ്ചായത്ത് പ്രസിഡണ്ട്), നൂർജഹാൻ അനസ് (വാർഡ് മെമ്പർ), സി.വി ഖലീൽ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ അധ്യക്ഷ വഹിച്ചു. മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് പൊന്നാനി സ്വാഗതം പറഞ്ഞു.

Leave a Comment

More News