പാലക്കാട്: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് വിവിധ ട്രെയിനുകളിൽ അധിക സ്ലീപ്പർ കോച്ചുകൾ അനുവദിച്ച് റെയിൽവേ. നവരാത്രി പൂജയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് നിയന്ത്രിക്കാൻ ലോകമാന്യതിലക്–തിരുവനന്തപുരം നോർത്ത് റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസും പ്രഖ്യാപിച്ചിട്ടുണ്ട്.
ചെന്നൈ എഗ്മൂർ–മംഗളൂരു എക്സ്പ്രസിൽ (16159/16160) ഇരുദിശകളിലേക്കും ഓരോ സ്ലീപ്പർ കോച്ച് വീതം അധികമായി അനുവദിച്ചു. ഇതോടെ ട്രെയിനിലെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം 12 ആയി ഉയരും. ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന സർവീസിൽ ഇന്ന് മുതലും മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടുന്ന സർവീസിൽ ഒക്ടോബർ ഒന്നുമുതലും അധിക കോച്ച് ലഭ്യമാകും.
തിരുവനന്തപുരം സെൻട്രൽ–മംഗളൂരു മാവേലി എക്സ്പ്രസിലും (16603/16604) ഇരുദിശകളിലേക്കും ഓരോ സ്ലീപ്പർ കോച്ച് വീതം കൂട്ടി. ഇതോടെ ആകെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം 10 ആകും. മംഗളൂരുവിൽ നിന്ന് നാളെ പുറപ്പെടുന്ന സർവീസിലും പിറ്റേന്ന് മുതൽ തിരുവനന്തപുരത്തുനിന്നുള്ള സർവീസിലും അധിക കോച്ച് ഉണ്ടാകും.
തിരുവനന്തപുരം സെൻട്രൽ–മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസിലും (16630/16629) ഇരുദിശകളിലേക്കും ഓരോ സ്ലീപ്പർ കോച്ച് അധികമായി ഏർപ്പെടുത്തി. ഇതോടെ ഈ ട്രെയിനിലും സ്ലീപ്പർ കോച്ചുകളുടെ എണ്ണം 10 ആയി ഉയരും.
നവരാത്രി പൂജയോടനുബന്ധിച്ച് അനുഭവപ്പെടുന്ന അധിക യാത്രാത്തിരക്ക് പരിഗണിച്ചാണ് ലോകമാന്യതിലക്–തിരുവനന്തപുരം നോർത്ത് പ്രത്യേക ട്രെയിൻ (01463) അനുവദിച്ചത്. ഒക്ടോബർ 15 മുതൽ നവംബർ 19 വരെ എല്ലാ വ്യാഴാഴ്ചയും വൈകീട്ട് 4 മണിക്ക് ലോകമാന്യതിലകിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ വെള്ളിയാഴ്ച രാത്രി 11.30ന് തിരുവനന്തപുരം നോർത്തിൽ എത്തും. പാലക്കാട് ഡിവിഷനിൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
മടക്കയാത്രയിൽ തിരുവനന്തപുരം നോർത്ത്–ലോകമാന്യതിലക് സ്പെഷ്യൽ എക്സ്പ്രസ് ഒക്ടോബർ 17 മുതൽ നവംബർ 21 വരെ എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്ക് 2.15ന് പുറപ്പെടും. ട്രെയിൻ ഞായറാഴ്ച രാത്രി 11.55ന് ലോകമാന്യതിലക് സ്റ്റേഷനിലെത്തും. ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവയാണ് പാലക്കാട് ഡിവിഷനിലെ സ്റ്റോപ്പുകൾ.
അധിക കോച്ചുകളും പ്രത്യേക സർവീസും നിലവിൽ വരുന്നതോടെ ഉത്സവകാലത്ത് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ തിരക്ക് ഒരു പരിധിവരെ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.
