
ദോഹ: ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന്റെയും, ഹമദ് മെഡിക്കൽ കോർപറേഷന്റെയും, ആരോഗ്യ മന്ത്രാലയത്തിന്റെയും അംഗീകാരത്തോടെയും സഹകരണത്തോടെയും സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റിയും (സി.ഐ.സി) ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ഇരുപതാമത് ഏഷ്യൻ മെഡിക്കൽ ക്യാമ്പിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
സി.ഐ.സി പ്രസിഡന്റ് ആർ. എസ്. അബ്ദുൽ ജലീൽ രജിസ്ട്രേഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി.ഐ.സി ജനറൽ സെക്രട്ടറി അർഷാദ് ഇ, മെഡിക്കൽ ക്യാമ്പ് ജനറൽ കൺവീനർ നൗഫൽ പാലേരി, അസിസ്റ്റന്റ് ജനറൽ കൺവീനർ മുഷ്താഖ് കെ. എച്ച്, മെഡിക്കൽ വിഭാഗം കൺവീനർ ഡോ. നസീം, വിവിധ വകുപ്പ് കൺവീനർമാരായ കെ. വി. നൂറുദ്ധീൻ, സുഹൈൽ അബ്ദുല്ലാഹ്, അബ്ദുൽ ജലീൽ എം. എം, സൽമാൻ, എൻ. പി. അഷ്റഫ്, അബ്ദുൽ ജബ്ബാർ, മുനീഷ് എ. സി, സിദ്ധീഖ് വേങ്ങര എന്നിവർ സംബന്ധിച്ചു.
ഒക്ടോബർ 30ന് വെള്ളിയാഴ്ച രാവിലെ മുതൽ വൈകീട്ട് 4 മണി വരെ ഉം അൽ സനീം ഹെൽത്ത് സെന്ററിൽ വെച്ച് നടക്കുന്ന ജി.സി.സി.യിലെ തന്നെ ഏറ്റവും വലിയ മെഡിക്കൽ ക്യാമ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത 2,500ൽ പരം രോഗികൾക്ക് വിശദമായ ആരോഗ്യ പരിശോധനയ്ക്കുള്ള സൗകര്യമൊരുക്കും. കൂടാതെ പൊതുജനങ്ങൾക്കായി പ്രാഥമിക പരിശോധനകളും ആരോഗ്യ ബോധവൽക്കരണ, പരിശീലന ക്ലാസുകളും നടക്കും.
ഖത്തർ റെഡ് ക്രസന്റ്, ഖത്തർ ഡയബെറ്റിക് അസോസിയേഷൻ എന്നീ സംവിധാനങ്ങൾക്ക് പുറമെ, മുൻ ക്യാമ്പുകളിലെ പോലെ ആരോഗ്യ രംഗത്തെ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയുണ്ടാവുമെന്ന് അഷ്റഫ് കെ. പി (വെൽകെയർ ഗ്രൂപ്പ്), ബിന്ദു ലിൻസൻ (യുണൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ഖത്തർ), നൗഫൽ കട്ടായത്ത് (ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ), ബിജു നിർമൽ ജേക്കബ് (ഇന്ത്യൻ ഫിസിയോതെറാപ്പി ഫോറം ഖത്തർ) എന്നിവർ അറിയിച്ചു.
വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും 60007565 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
