എടത്വ : തലവടി ചുട്ടുമാലി സെന്റ് തോമസ് സിഎസ്ഐ ഇടവക ട്രസ്റ്റി കടിയന്ത്ര ജോർജ്ജ് തോമസിന്റെ (73) വേർപാട് നാടിന് നൊമ്പരമായി. തലവടി കുന്തിരിയ്ക്കൽ സെന്റ് തോമസ് സി.എസ് ഐ ഇടവകയുടെ അഞ്ച് ഉപസഭകളിൽ ഒന്നായ ചൂട്ടുമാലി സെന്റ് തോമസ് സിഎസ്ഐ ദൈവാലയത്തിന്റെ കൈക്കാരനാണ് ജോർജ്ജ് തോമസ്. 1867ൽ സ്ഥാപിതമായ ദൈവാലയത്തിന്റെ പല കുടുംബങ്ങളും വിദേശത്തേക്ക് സ്ഥിര താമസം മാറ്റിയത് മൂലം അംഗസംഖ്യ കുറഞ്ഞെങ്കിലും തന്റെ വരുമാനത്തിന്റെ നല്ലൊരു പങ്ക് ദൈവീക ശുശ്രൂഷകള്‍ക്ക് മാറ്റി വെച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം മുടങ്ങി പോയ “ചൂട്ടുമാലി ബൈബിൾ കൺവൻഷൻ ” സഹ വിശ്വാസികളുടെ പിന്തുണയോടെ പുനരാരംഭിക്കുന്നതിന് ഇടയായി.
1998 ജനുവരി 22ന് പ്രതിഷ്ഠ ശുശ്രൂഷ നിർവഹിച്ച മദ്ബഹയുടെ നവീകരണ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിൽ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായി. മദ്ബഹയുടെ നിർമ്മാണം പൂർത്തികരിച്ച് പ്രതിഷ്ഠ ശുശ്രൂഷ നടത്തുന്നതിന് വിശ്വാസികള്‍ കാത്തിരുന്നു. എന്നാൽ, തന്റെ ആശുപത്രി വാസം മദ്ബഹ പ്രതിഷ്ഠക്ക് തടസ്സമാകരുത് എന്ന നിലപാടില്‍ ജോർജ്ജ് തോമസ് ഉറച്ചു നിന്നപ്പോൾ ഒടുവിൽ മദ്ബഹ പ്രതിഷ്ഠ ശുശ്രൂഷകള്‍ക്ക് തീയതി തീരുമാനിക്കുകയായിരുന്നു.
പ്രതിഷ്ഠ ശുശ്രൂഷ സമയത്ത് കാറിൽ എത്തി ജോർജ്ജ് തോമസ് ചടങ്ങുകൾക്ക് സാക്ഷിയായി. കാറിൽ നിന്നും ഇറങ്ങാന്‍ ഉള്ള ശാരീരിക ബുദ്ധിമുട്ടുകൾ വികാരി റവ ജിലോ മാത്യു നൈനാൻ അച്ചൻ അഭിവന്ദ്യ ബിഷപ്പ് റൈറ്റ് റവ ഡോ സാബു മലയിൽ കോശിയെ അറിയിച്ചു. തുടർന്ന് കാറിന്റെ അരികിലെത്തി ജോർജ്ജ് തോമസ്സിനെ ഷാൾ അണിയിച്ചതിന് ശേഷം വിശുദ്ധ കുർബാനയും നല്കി. കടന്നാക്രമിക്കുന്ന രോഗത്തിന്റെ കഠിന വേദന അറിയിക്കാതെ, മനമിടറാതെ, നിരാശയുടെ ഇരുൾ പരക്കാതെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുന്ന് തോമസ് ജോർജ്ജ് കുർബാന സ്വീകരിച്ചപ്പോൾ തൊഴുകൈകളോടെയും നിറകണ്ണുകളോടെയും ദൈവത്തിന് നന്ദി അർപ്പിച്ച് ജോർജ്ജ് തോമസ്സിന്റെ ഭാര്യ വത്സല ജോർജ്ജ് ഒപ്പം അരികിൽ ഉണ്ടായിരുന്നു.
ജോർജ്ജ് തോമസ്സിന്റെ സംസ്ക്കാരം ഒക്ടോബർ 7ന് രാവിലെ 11ന് ഇടവക വികാരി റവ സോജി വർഗ്ഗീസ് ജോണിന്റെയും വൈദികരുടെയും നേതൃത്വത്തില്‍ ചൂട്ടുമാലി സെന്റ് തോമസ് സിഎസ്ഐ പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം സെമിത്തേരിയില്‍ നടക്കും.
ഹരിപ്പാട് ചെങ്ങാലത്ത് കുടുംബാംഗം വത്സല ജോർജ്ജ് ആണ് ഭാര്യ. ജൂലി ജോബ് (എറണാകുളം), ജൂബി കെ ജോർജ്ജ് (ഖത്തർ) എന്നിവർ മക്കളും, പള്ളിപ്പാട് ഒറ്റതെങ്ങിൽ ജോബ് മാത്യു, സിമി (ഖത്തർ) എന്നിവർ മരുമക്കളും ആണ്.
