പ്രണയേശ്വരീ മമ
ഹൃദയ ഭാവത്തിലെ
പ്രാണവാഞ്ജലീ സുമ
തർപ്പണങ്ങൾ,
പ്രിയ വസുന്ധരേ
സ്വീകരിക്കൂ നിന്റെ
മറവി തൻ മാണിക്യ
മൺ ചുവപ്പിൽ !
അലയുകയായിരു –
ന്നിന്നലെ കാലമാം
അലയാഴിയിൽ ഒരു
പരമാണുവായ്,
പരിഗണിച്ചെന്നെ
പുണർന്നതീ ജീവിത
പരിണാമ സൗഭാഗ്യ
വർത്തമാനം !
പാലൊളിച്ചന്ദ്രികാ
നീരിൽ കുളിപ്പിച്ചു
താരാട്ടു പാട്ടിന്റെ
കാറ്റിലാട്ടി,
തേനും വയമ്പും
നിവേദിച്ചു ലാളിച്ച
ജീവിതപ്പാതയിൽ
കൈ പിടിച്ചു !
തിന്നും കുടിച്ചു മിണ
ചേർന്നും സ്വപ്നങ്ങൾ
നെഞ്ചോട് ചേർത്തും
പുണർന്നുറങ്ങീ,
എങ്കിലും ഇന്നിതാ
വച്ചൊഴിയുന്നെന്റെ
ചങ്കിലെ സ്വപ്ന
നിറ കുടങ്ങൾ !
ആദി – അനന്തമാ
മാദി വിളിക്കുന്നു
കാലകേയന്റെ
കളിയരങ്ങിൽ,
ആരോ ഘടിപ്പിച്ച
മൂല ഭാവങ്ങളെ
വേണമാ ശിൽപ്പി –
ക്കുടച്ചു വാർക്കാൻ !
പോവുകയാണ് മടങ്ങി
യെൻ കാലടി –
പ്പാടുകൾ പോലും
മറഞ്ഞു പോകും,
എന്നുമുണ്ടാവും
പ്രപഞ്ച ഭാവത്തിന്റെ
പിന്നരങ്ങിൽ എന്റെ
തന്മാത്രകൾ !
