കുഞ്ഞേലിക്കുട്ടി പുണ്ണ്യാളത്തി (ചിത്രീകരണം) : ജയൻ വർഗീസ്

കുഞ്ഞേലിക്കുട്ടിയുടെ ആ കുർബാനപ്പാട്ടും പ്രതിവാക്യം പറച്ചിലും പള്ളിയുടെ ഫണ്ട് റെയിസിംഗിന് വേണ്ടിയുള്ളആ ത്യാഗപ്പെട്ട പിരിക്കലും ഒക്കെക്കൂടി വികാരിയച്ചന് കുഞ്ഞേലിക്കുട്ടിയെ വല്ലാതെ ഇഷ്ടപ്പെട്ടു. അച്ചന്റെ മനസ്സിൽ എപ്പോളും അവളായിരുന്നു. ആ ചിരിയും അടക്കവും ഒതുക്കവും ഭക്തിയും ബഹുമാനവുംഒക്കെക്കൂടി അച്ചന് മറക്കാൻ കഴിയാത്ത ഒരവസ്ഥ.

അങ്ങിനെയിരിക്കുമ്പോളാണ് ഒരു രാത്രിയിൽ കുഞ്ഞേലിക്കുട്ടി ഒരു പുണ്യവാളത്തിയാണെന്നു കത്തനാരച്ചന്‌ സ്വപ്നമുണ്ടാവുന്നത്. സ്വപ്നക്കാര്യം അച്ചൻ പള്ളിയിൽ വിളിച്ചു പറഞ്ഞതോടെ കുഞ്ഞേലിക്കുട്ടിയുടെ നാമത്തിൽ ഒരു കപ്പേള പണിയണമെന്ന് ഇടവക യോഗം ഐകകണ്ഠേന തീരുമാനിക്കുകയായിരുന്നു.. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. എല്ലാം പുണ്യാളത്തിയുടെ ശക്തി എന്നല്ലാതെ എന്ത് പറയാൻ !

അങ്ങിനെയാണ് കുറുക്കൻകുന്ന് ദേശത്ത് കുഞ്ഞേലിക്കുട്ടി പുണ്യാളത്തിയുടെ നാമത്തിലുള്ള ഒരു കപ്പേള ഉയരുന്നതും ഭദ്രാസന മെത്രാപ്പോലീത്ത നേരിട്ടെത്തി കപ്പേളയുടെ വെഞ്ചരിപ്പ് കർമ്മം നിർവഹിച്ചതും. കപ്പേളയിൽ നടന്ന ആദ്യത്തെ കുർബാനയുടെ നേർച്ചപ്പണം ഭദ്രാസനത്തിലേക്കുള്ള കാണിക്ക വിഹിതം ആകയാൽ അതും ബാഗിലാക്കി അച്ചൻ പോകാനിറങ്ങുകയായിരുന്നു. അപ്പോളാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ബാഗു കാണാനില്ല എന്ന വാർത്ത പരന്നതും സംഗതി പോലീസിലെത്തിയതും.

വളരെ വേദനയോടെ ഇടവകക്കാർ പള്ളി പിരിഞ്ഞ് പോയി. ‘എന്നാലും ഇതിന് ആരുണ്ടായി ‘ എന്ന് വേവലാതിപ്പെട്ട ഇടവകക്കാർ ‘ കുഞ്ഞേലിക്കുട്ടി പുണ്യാളത്തിക്ക് ശക്തിയുണ്ടെങ്കിൽ കള്ളനെ കാണിച്ചുതരും‘ എന്ന ആശ്വാസത്തോടെ കിടന്നുറങ്ങി.

പാതിരാത്രി കഴിഞ്ഞ നേരത്ത് കാളിംഗ് ബെല്ലിന്റെ കഠോര ശബ്ദം കേട്ടാണ് അച്ചനുണർന്നു വാതിൽ തുറന്നത്. സ്ട്രോബ് ലൈറ്റിന്റെ ചോരക്കടലിൽ ഒരു പോലീസ് കാർ. രണ്ട് പോലീസ് ഓഫിസർമാരുടെ നടുവിൽ മോഷ്ടിക്കപ്പെട്ട ബാഗുമായി കൈയ്യാമം വച്ച കള്ളൻ വാതിൽക്കൽ മുഖം കുനിച്ചു നിൽക്കുന്നു. കള്ളൻ മുഖമുയർത്തി അച്ചനെ നോക്കി ഒന്ന് വളിച്ചു ചിരിച്ചു. തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആവാതെ അച്ചൻ കള്ളനെത്തന്നെ തുറിച്ചു നോക്കി നിന്നുപോയി. – അത് കുഞ്ഞേലിക്കുട്ടി പുണ്യാളത്തിയുടെ മൂത്ത ചെറുക്കൻ കറിയാൻകുഞ്ഞ്. ആയിരുന്നു !

Leave a Comment

More News